വോൾവോയുടെ ഇത്തിരിക്കുഞ്ഞൻ ഇലക്‌ട്രിക് എസ്‌യുവി, വാങ്ങാൻ പ്ലാനുണ്ടേൽ ഇതൊക്കെ ഓർത്തുവെച്ചോളൂ
വർഷങ്ങളായി സുരക്ഷിതവും ശക്തവും വിശ്വസനീയവുമായ കാറുകൾ നിർമ്മിക്കുന്നതിൽ പേരുകേട്ട ബ്രാൻഡാണ് വോൾവോ. കോംപാക്‌ട് ഇലട്രിക് എസ്‌യുവി സെഗ്മെന്റിൽ ഇടം പിടിക്കാനായി വോൾവോ ഇതാ പുതിയൊരു പടക്കുതിരയെ കൂടി ഇറക്കിക്കഴിഞ്ഞു. സ്വീഡിഷ് ആഡംബര വാഹന നിർമാതാക്കളുടെ ഏറ്റവും പുതിയതും ചെറുതുമായ EX30 ഇലക്ട്രിക് എസ്‌യുവിയാണ് നമ്മുടെ രാജ്യത്തിനായി കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ചെറുതാണെന്ന് കരുതി ആരും തള്ളിക്കളയണ്ട! ആളൊരു വല്ലഭൻ തന്നെയാണ്. എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിച്ചോളൂ... വിട്ടുവീഴ്ചകളില്ലാതെ വീറും വാശിയുമോടെ പ്രകടനം കാഴ്ച്ചവെക്കുന്നു എന്നതാണ് ഇവിയുടെ ഏറ്റവും വലിയ സവിശേഷത.
പ്രീമിയം പാക്കേജിൽ സ്കാൻഡിനേവിയൻ ഡിസൈൻ, മോഡേൺ ഫീച്ചറുകൾ, ഗംഭീര പെർഫോമൻസ് എന്നിവ സംയോജിപ്പിക്കുന്ന ഒരു കോംപാക്‌ട് ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയായാണ് EX30 പണികഴിപ്പിച്ചിരിക്കുന്നത്. ഇലട്രിക് എസ്‌യുവി വാങ്ങാൻ പദ്ധതിയിടുന്നവരെ ഒട്ടും നിരാശപ്പെടുത്തുകയില്ല EX30 ഇവി. വോൾവോയുടെ ഈ പുത്തൻ മോഡൽ വാങ്ങാൻ പ്ലാനുണ്ടേൽ ഇക്കാര്യങ്ങളെല്ലാം നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

വിലയും വേരിയൻ്റും: വോൾവോ EX30 ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ RWD അൾട്രാ എന്ന സിംഗിൾ വേരിയൻ്റിൽ മാത്രമാണ് ലഭ്യമാകുന്നത്. 2025 ഒക്ടോബർ 19 ന് മുൻമ്പായി പ്രീ-ബുക്ക് ചെയ്യുന്നവർക്ക് 39.99 ലക്ഷം രൂപക്ക് EX30 സ്വന്തമാക്കാൻ സാധിക്കും. എന്നാൽ ഈ തീയതിക്ക് ശേഷം വാങ്ങുന്നവർക്കാണെങ്കിൽ 41 ലക്ഷമായി വില ഉയരും. അതിനാൽ ഈ അസുലഭ നിമിഷം പാഴാക്കാതെ വോൾവോ EX30 ഇലക്ട്രിക് എസ്‌യുവി ഇപ്പോൾ തന്നെ ബുക്ക് ചെയ്‌തോളൂ.
അന്താരാഷ്ട്ര വിപണികളിൽ EX30 ഒന്നിലധികം വകഭേദങ്ങളിൽ ലഭ്യമാണ്. സിംഗിൾ-മോട്ടോർ, എക്സ്റ്റെൻഡഡ്-റേഞ്ച് സിംഗിൾ-മോട്ടോർ, ട്വിൻ-മോട്ടോർ എന്നീ മൂന്ന് വേരിയൻ്റുകളിലായാണ് അവിടെ വാങ്ങാനാവുന്നത്. ഇന്ത്യയിലാണെങ്കിൽ എക്സ്റ്റെൻഡഡ്-റേഞ്ച് RWD അൾട്രാ മാത്രമേ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളൂവെങ്കിലും താരതമ്യേന കുറഞ്ഞ വിലയും, സുരക്ഷിതവും, സ്റ്റൈലിഷും, സൗഹൃദപരവുമായ ഒരു ആഡംബര ഇവിയായി തല ഉയർത്തിനിൽക്കാൻ വോൾവോ EX30 ഇവിക്ക് സാധിക്കുന്നുണ്ട്.
ബാറ്ററിയും പെർഫോമൻസും: വോൾവോയുടെ EX30 ഇവി സിംഗിൾ 69kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ഓപ്ഷനിൽ മാത്രമാണ് വിപണനത്തിന് എത്തുന്നത്. സിംഗിൾ ചാർജിൽ 480 കിലോമീറ്റർ WLTP റേഞ്ച് അവകാശപ്പെടുന്ന മോഡിലിന് 272 bhp പവറിൽ പരമാവധി 343 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. റിയർ ആക്സിൽ-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ബാറ്ററിക്ക് കരുത്ത് പകരുന്നത്.
പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ വെറും 5.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വോൾവോ EX30 ഇവിക്കാവുമെന്നാണ് വോൾവോ അവകാശപ്പെടുന്നത്. അതേസമയം ഇലക്ട്രിക് എസ്‌യുവിയുടെ പരമാവധി വേഗം 180 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ആയതിനാൽ ഡ്രൈവിംഗ് ഇഷ്ടപ്പെടുന്ന ആരും EX30 ഓടിച്ചാൽ ഇഷ്ടപ്പെടാതെ വരില്ലെന്ന് ഉറപ്പിക്കാം.
ഇൻ്റീരിയറും ഫീച്ചറുകളും: വോൾവോ EX30 ഇലക്ട്രിക് എസ്‌യുവിയിൽ ആധുനികവും മിനിമലിസ്റ്റുമായ ഡിസൈനാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇൻഫോടെയ്ൻമെന്റിനുമായി 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പ്രത്യേകം തയാറാക്കിയ സ്റ്റിയറിംഗ് വീൽ, ഇമ്മേഴ്‌സീവ് സൗണ്ട് സിസ്റ്റം എന്നിവ ഇതിലുണ്ട്. ബ്രീസ്, മിസ്റ്റ്, പൈൻ, ഇൻഡിഗോ എന്നീ നാല് ഇന്റീരിയർ തീമുകൾ ക്യാബിനിൽ ലഭ്യമാണ്. നല്ല ലെഗ്‌റൂം, സ്മാർട്ട് സ്റ്റോറേജ് ഓപ്ഷനുകൾ, ഓപ്ഷണൽ പനോരമിക് ഗ്ലാസ് റൂഫ് എന്നിവയും ഉള്ളതിനാൽ അകത്തളം തികച്ചും പ്രായോഗികമാണ്.
സേഫ്റ്റി: എല്ലാക്കാര്യങ്ങളിലും നൂറ് ശതമാനം മാത്രം കാഴ്ച്ചവെക്കുന്ന വോൾവോ EX30 സുരക്ഷയുടെ കാര്യത്തിൽ പിന്നോക്കം നിൽക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഒരിക്കലുമില്ല! വാഹനങ്ങൾ, കാൽനടയാത്രക്കാർ, സൈക്ലിസ്റ്റുകൾ, സ്കൂട്ടറുകൾ എന്നിവയുമായുള്ള കൂട്ടിയിടി ഒഴിവാക്കൽ, ഇന്റർസെക്ഷൻ ഓട്ടോ ബ്രേക്ക്, ഡ്രൈവർ അലേർട്ട് മോണിറ്ററിംഗ്, ഹൈവേ ഡ്രൈവിംഗിനുള്ള പൈലറ്റ് അസിസ്റ്റ്, പാർക്ക് അസിസ്റ്റുള്ള 360° ക്യാമറകൾ തുടങ്ങിയ നൂതന സുരക്ഷാ സംവിധാനങ്ങളോടൊപ്പം 5-സ്റ്റാർ യൂറോ NCAP റേറ്റിംഗും ഇവി നേടിയിട്ടുണ്ട്.
സൈക്ലിസ്റ്റുകൾ കടന്നുപോകുമ്പോൾ അപകടങ്ങൾ തടയുന്നതിനുള്ള ഡോർ ഓപ്പണിംഗ് അലേർട്ടുകളും എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമഗ്രമായ എയർബാഗ് സിസ്റ്റം, ക്രംപിൾ സോണുകൾ, സ്ട്രോംഗ് സേഫ്റ്റി കേജ്, ഫാർ-സൈഡ് എയർബാഗ് എന്നിവയിലൂടെയാണ് EX30-യിലെ സുരക്ഷ ഉറപ്പാക്കുന്നത്. അതിനാൽ സുരക്ഷയുടെ കാര്യത്തിൽ മാത്രമല്ല നിങ്ങളെ ആകർഷിക്കുന്ന എല്ലാവിധ സവിശേഷതകളും നിറഞ്ഞതാണ് വോൾവോ EX30 ഇലട്രിക് എസ്‌യുവി.


Click it and Unblock the Notifications








