ഈ ഫീച്ചര്‍ ഡ്രൈവറുടെ മൂന്നാം കണ്ണാണ്! ഗുണങ്ങള്‍ അറിഞ്ഞാല്‍ ചോദിച്ച് വാങ്ങും
ഇന്നത്തെ കാലത്തെ കാറുകള്‍ എല്ലാം തന്നെ ഭയങ്കര സ്മാര്‍ട് ആണ്. ഒരുകാലത്ത് ഡ്രൈവിംഗ് പഠിക്കുന്നവരുടെ പേടിസ്വപ്നമായിരുന്ന പല പ്രശ്നങ്ങളും ഇന്ന് സാങ്കേതികവിദ്യയുടെ സഹായത്താല്‍ എളുപ്പത്തില്‍ മറികടക്കാം. മോഡേണ്‍ കാറുകളില്‍ വിനോദത്തിന് പുറമെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്ന നിരവധി ഫീച്ചറുകള്‍ ഉണ്ട്. അത്തരത്തില്‍ ഒരു സവിശേഷതയാണ് 360 ഡിഗ്രി ക്യാമറ (360-Degree Camera). അറൗണ്ട് വ്യൂ ക്യാമറ എന്ന് കൂടി വിശേഷിപ്പിക്കപ്പെടുന്ന ഈ ഫീച്ചര്‍ ഡ്രൈവറുടെ മൂന്നാം കണ്ണ് പോലെ പ്രവര്‍ത്തിക്കുന്നു. 360-ഡിഗ്രി ക്യാമറ എന്താണെന്നും അത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്താണെന്നും അറിഞ്ഞാലോ?.
മോഡേണ്‍ കാറുകളില്‍ കാണപ്പെടുന്ന ഈ സവിശേഷത നിങ്ങളുടെ കാറിന്റെ ചുറ്റുപാടിനെ കുറിച്ച് റിയല്‍ടൈം 'ബേര്‍ഡ്ഐ വ്യൂ'വിലുള്ള കാഴ്ച തരുന്നു. ഒരു പക്ഷി പറക്കുമ്പോള്‍ അത് താഴേക്ക് നോക്കുമ്പോള്‍ അത് കാണുന്നത് ഏത് തരത്തിലാണോ അങ്ങിനെയുള്ള ദൃശ്യങ്ങള്‍ നമുക്ക് ലഭിക്കുമെന്ന് സാരം. ഈ സജ്ജീകരണത്തിലും സാധാരണയായി നാലോ അതിലധികമോ വൈഡ് ആംഗിള്‍ ഫിഷ് ഐ ക്യാമറകള്‍ ഉപയോഗിക്കുന്നു.

അവയില്‍ ഒന്ന് ഫ്രണ്ട് ഗ്രില്ലിലും മറ്റൊന്ന് പിറകിലെ ഹാച്ചിലുമാണ് സ്ഥാപിക്കുക. ശേഷിക്കുന്ന രണ്ടെണ്ണം വശങ്ങളിലെ ഔട്ട്സൈഡ് റിയര്‍വ്യൂ മിററിലാണ് (ഒആര്‍വിഎം) നല്‍കുക. ഈ സ്പെഷ്യല്‍ ലെന്‍സ് ക്യാമറകള്‍ സ്റ്റാന്‍ഡേര്‍ഡ് ക്യമറയേക്കാള്‍ വളരെ വിശാലമായ വ്യൂ ഫീല്‍ഡ് പകര്‍ത്തുന്നു. നാല് ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സെന്‍ട്രല്‍ പ്രൊസസിംഗ് യൂണിറ്റിലേക്ക് അയച്ച് അവ ഒന്നിച്ച് ചേര്‍ത്ത് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.
ഇത് വാഹനത്തിന്റെ ചുറ്റുപാടുമുള്ള 360-ഡിഗ്രി വ്യൂ ഡ്രൈവര്‍ക്ക് സമ്മാനിക്കും. കൂടുതല്‍ വിശദമായ കാഴ്ചയ്ക്കായി ചില സിസ്റ്റങ്ങള്‍ നിര്‍ദ്ദിഷ്ട ക്യാമറകളില്‍ നിന്നുള്ള ക്ലോസ്-അപ്പ് ദൃശ്യങ്ങളോടുകൂടിയ അധിക സ്പ്ലിറ്റ് സ്‌ക്രീന്‍ ദൃശ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ കാറില്‍ ഒരു 360 ഡിഗ്രി ക്യാമറ ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണെന്നാണ് ഇനി പറയാന്‍ പോകുന്നത്.
ഇന്നത്തെ കാലത്ത് വാഹനങ്ങളുടെ എണ്ണം പെരുകിയതിനാല്‍ സിറ്റികളില്‍ വാഹനം ഓടിക്കുന്നതും വാഹനം സുരക്ഷിതമായി എവിടെയെങ്കിലും പാര്‍ക്ക് ചെയ്യുന്നതും വെല്ലുവിളിയാണ്. അത്തരമൊരു സാഹചര്യത്തില്‍ സാധാരണയായി റിയര്‍വ്യൂ മിററോ സൈഡ് മിററോ ആണ് നമ്മള്‍ ഉപയോഗിക്കാവുന്നതാണ്. 360-ഡിഗ്രി ക്യാമറ സിസ്റ്റം ഡ്രൈവറെ ബ്ലൈന്‍ഡ് സ്പോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.
ഇടുങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക, ഗതാഗതക്കുരുക്കില്‍ സുഗമമായി വാഹനമോടിക്കുക, കാല്‍നടയാത്രക്കാരുമായോ സൈക്കിള്‍ യാത്രക്കാരുമായോ അനാവശ്യമായ കൂട്ടിയിടികള്‍ ഒഴിവാക്കുക എന്നിങ്ങനെ നിരവധി ഉപകാരങ്ങളാണ് 360 ഡിഗ്രി ക്യാമറ കൊണ്ടുള്ളത്. ബ്ലൈന്‍ഡ് സ്പോട്ടുകള്‍ കണ്ടെത്താന്‍ കഴിയുന്നതിനാല്‍ ഇടുങ്ങിയ തെരുവുകളില്‍ പോലും പാര്‍ക്കിംഗ് എളുപ്പമാക്കുന്നു. 360-ഡിഗ്രി ക്യാമറ ബേഡ് ഐ വ്യൂ നല്‍കുന്നതിനാല്‍ ഡ്രൈവര്‍ക്ക് ചുറ്റുപാടും കൃത്യമായി നിരീക്ഷിച്ച് വളയം പിടിക്കാന്‍ സാധിക്കും.

റോഡിന്റെ കണ്ടീഷന്‍ മാത്രമല്ല കാല്‍നടയാത്രക്കാര്‍, ചെറിയ കുട്ടികള്‍ എന്നിവ എളുപ്പത്തില്‍ ശ്രദ്ധയില്‍ പെടും. പുതിയ ഡ്രൈവര്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഈ സവിശേഷത പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. കൂടാതെ, നിരവധി 360-ഡിഗ്രി ക്യാമറകള്‍ നൈറ്റ് വിഷനുമായാണ് വരുന്നത്. രാത്രിയില്‍ പോലും ദൃശ്യപരത കുറയാത്തതിനാല്‍ ഇത് വളരെ ഉപയോഗപ്രദമാണെന്ന് പറയേണ്ടതില്ലെല്ലോ.
360-ഡിഗ്രി ക്യാമറയ്ക്ക് നിരവധി ഉപകാരങ്ങള്‍ ഉള്ള പോലെ ഇതിന് ചില പോരായ്മകളുമുണ്ട്. അതില്‍ ഒന്ന് ഇതിന്റെ ചെലവാണ്. ഇതൊരു പ്രീമിയം ഫീച്ചറായതിനാല്‍ 360-ഡിഗ്രി ക്യാമറ സജ്ജീകരിച്ച കാറിന്റെ വിലയും അല്‍പ്പം ഉയര്‍ന്നതായിരിക്കും. മറ്റൊന്ന് മോശം കാലാവസ്ഥയില്‍ ഇതിന്റെ പ്രവര്‍ത്തനക്ഷമത കുറയുകയും കേടാകാനുള്ള സാധ്യതയുമുണ്ട്. മഞ്ഞ്, മഴ, അഴുക്ക് എന്നിവ ഈ ക്യാമറയുടെ ഫലപ്രാപ്തിയെ തടസപ്പെടുത്തിയേക്കാം. അതിനാല്‍ ഇത് പതിവായി വൃത്തിയാക്കുകയും മെയിന്റനന്‍സ് നടത്തുകയും വേണം.

ഇത് നമ്മെ സിസ്റ്റത്തെ അമിതമായി ആശ്രയിക്കുന്നവരാക്കി മാറ്റുമെന്നതാണ് മറ്റൊരു കാര്യം. 360-ഡിഗ്രി ക്യാമറ ആക്‌സസ് ഉള്ളതിനാല്‍ പല ഡ്രൈവര്‍മാരും സ്‌ക്രീനില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. ഇത് റോഡില്‍ നിന്ന് വ്യതിചലിപ്പിക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ക്യാമറ സിസ്റ്റത്തെ അമിതമായി ആശ്രയിക്കുന്നത് ഒരാള്‍ക്ക് ചുറ്റുപാടുമുള്ള സ്ഥലങ്ങളെ കുറിച്ചുള്ള അവബോധവും പാര്‍ക്കിംഗ് സ്‌കില്ലും വികസിപ്പിക്കുന്നതിന് തടസമാകും. സുരക്ഷിതമായ ഡ്രൈവിംഗിനായി ക്യാമറ ദൃശ്യങ്ങള്‍ക്കൊപ്പം ബ്ലൈന്‍ഡ് സ്പോട്ട് പരിശോധനയും ഒരുമിച്ച് സംയോജിപ്പിക്കുന്നത് ഉത്തമമാണ്.
360-ഡിഗ്രി ക്യാമറ ഡ്രൈവിംഗ് സുരക്ഷിതവും തടസ്സമില്ലാത്തതുമാക്കുന്നതോടൊപ്പം ഇടുങ്ങിയ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോകാതെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ നമ്മെ സഹായിക്കുന്നു. പാര്‍ക്കിംഗ് ലൈനുകളും ചുറ്റുമുള്ള വസ്തുക്കളും സിസ്റ്റം നമുക്ക് കാണിച്ച് തരും. കൂടാതെ ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗും റോഡിലെ വാഹനത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍ ഡ്രൈവറെ സഹായിക്കുന്നു.
ഇന്നത്തെ കാലത്ത് ആവശ്യമായ സവിശേഷതയാണ് ഇതെങ്കിലും ടെക്നോളജിയെ അമിതമായി ആശ്രയിക്കുന്നത് നമ്മുടെ ഡ്രൈവിംഗ് കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കില്ല. ഈ ഫീച്ചര്‍ ഇല്ലാത്ത ഒരു കാര്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ പെട്ടുപോകാന്‍ സാധ്യതയുണ്ട്. ഇത്തരം ഫീച്ചറുകള്‍ എല്ലാം തന്നെ മനുഷ്യനെ സഹായിക്കാനുള്ളതാണ്. എന്നാല്‍ ടെക്നോളജിയെ എല്ലായ്പ്പോഴും വിശ്വസിക്കാന്‍ പറ്റില്ലെല്ലോ. അത് പണിമുടക്കിയാല്‍ നമ്മള്‍ ബുദ്ധിമുട്ടാകുന്ന ഒരു സാഹചര്യം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം.


Click it and Unblock the Notifications








