മാരുതിയും ടാറ്റയും സ്‌പെയര്‍ വീല്‍ നല്‍കുന്നത് നിര്‍ത്തുന്നു! എന്തുകൊണ്ടാണെന്ന് അറിയാമോ?
ഒരു കാറിന്റെ ഏറ്റവും പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് ടയര്‍. സാധാരണയായി നാല് ടയറുകളും ഒരു സ്‌പെയര്‍ ടയറും അടക്കം 5 ടയറുകള്‍ കാറില്‍ വരുന്നു. എന്നാല്‍ ടാറ്റ മോട്ടോര്‍സ്, മാരുതി സുസുക്കി തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ചില കാറുകളില്‍ സ്‌പെയര്‍ വീലുകള്‍ (Spare Wheel) നല്‍കുന്നത് നിര്‍ത്തി. ഇത് മറ്റ് കാറുകളിലേക്കും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുകയാണ്. പഞ്ച് ഇവി, ടിയാഗോ ഇവി, സഫാരി, ഹാരിയര്‍, മാരുതിയുടെ ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ കാറുകളില്‍ സ്റ്റെപ്നി വീലുകള്‍ വാഗ്ദാനം ചെയ്യുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?. അറിയില്ലെങ്കില്‍ അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.
സ്‌പെയര്‍ ടയര്‍ എന്നത് സാധാരണ ടയറുകളില്‍ ഒന്ന് പഞ്ചര്‍ ആകുമ്പോഴോ, കേടാകുമ്പോഴോ ഉപയോഗിക്കുന്നതിനായി വാഹനത്തില്‍ സൂക്ഷിക്കുന്ന ഒരു എക്‌സ്ട്രാ ടയറാണ്. കേടായ ടയര്‍ മാറ്റുകയോ നന്നാക്കുകയോ ചെയ്യുന്നത് വരെ അടിയന്തിര ഉപയോഗത്തിനാണ് ഇവ നല്‍കുന്നത്. സാധാരണയായി ബൂട്ടിലോ അല്ലെങ്കില്‍ വാഹനത്തിന്റെ പിന്നിലോ ആണ് സ്‌പെയര്‍ വീലുകള്‍ ഘടിപ്പിക്കാറുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ വാഹനമോടിക്കുമ്പോള്‍ ഒരു ടയര്‍ കേടായാല്‍ ഡ്രൈവര്‍ കുടുങ്ങിപ്പോകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാക്കപ്പ് ടയറാണ് സ്‌പെയര്‍ ടയര്‍.

ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ സ്റ്റെപ്നി ടയറുകള്‍ നല്‍കണമെന്നായിരുന്നു നിയമം. എന്നാല്‍ 2020-ല്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ അനുസരിച്ച് ഒരു വാഹനത്തില്‍ ട്യൂബ്ലെസ് ടയറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പഞ്ചര്‍ റിപ്പയര്‍ കിറ്റ് എന്നിവയുണ്ടെങ്കില്‍ സ്‌പെയര്‍ വീല്‍ നല്‍കേണ്ടതില്ല. പലരും ഈ സംഭവം ആദ്യമായിട്ടായിരിക്കും കേള്‍ക്കുന്നത്. പലരും ഞെട്ടിയിട്ടുമുണ്ടാകും.
എന്നാല്‍, ആളുകള്‍ പതുക്കെ ഇത് അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് അഞ്ച് വര്‍ഷത്തിന് ശേഷം പ്രീമിയം വാഹനങ്ങള്‍ അല്ലാതെ സാധാരണ മോഡലുകളും സ്‌പെയര്‍ വീലുകള്‍ ഇല്ലാതെ വരുന്നത്. ഇന്ത്യയില്‍ അല്ല ഈ രീതി ആദ്യമായി നടപ്പാക്കിയതെന്ന് കൂടി ഓര്‍മിപ്പിക്കട്ടെ. വര്‍ഷങ്ങളായി യൂറോപ്യന്‍ വിപണിയില്‍ ഇത് നടപ്പാക്കി വരുന്നു. ടാറ്റ അവരുടെ പഞ്ച് ഇവി, ടിയാഗോ ഇവി, ഹാരിയര്‍, സഫാരി തുടങ്ങിയ കാറുകളുടെ ടിപിഎംഎസ് ഉള്ള വേരിയന്റുകളില്‍ സ്‌പെയര്‍ വീല്‍ നല്‍കുന്നില്ല.

ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ കാറുകളുടെ ചില വേരിയന്റുകളില്‍ മാരുതിയും സ്‌പെയര്‍ വീലുകള്‍ ഒഴിവാക്കി. മാരുതി സുസുക്കി വിക്ടോറിസ് എസ്‌യുവിയാണ് സ്‌പെയര്‍ വീല്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റ് അല്ലാതെ പുറത്തിറങ്ങിയ ആദ്യ കാര്‍. കാറുകളില്‍ നിന്ന് സ്‌പെയര്‍ വീല്‍ നീക്കം ചെയ്യുന്നതിന് ഒന്നിലേറെ കാരണങ്ങളുണ്ട്. അതില്‍പെട്ട പ്രധാന കാരണം റോഡുകളുടെ അവസ്ഥ മെച്ചപ്പെട്ടു എന്നതാണ്.
ഇന്നത്തെ കാലത്ത് കാര്‍ ഉടമകള്‍ മെയിന്റനന്‍സിന്റെ കാര്യത്തില്‍ നല്ല ഉത്തരവാദിത്തം കാണിക്കുന്നുവെന്നതാണ് രണ്ടാമത്തെ കാരണം. ഇപ്പോള്‍ ടയറുകള്‍ മികച്ച ഗുണനിലവാരമുള്ളതും ഈടുറ്റതുമായി മാറിയിട്ടുണ്ടെന്നതും മറ്റൊരു കാരണമാണ്. ടിപിഎംഎസ് പഞ്ചര്‍ സാധ്യതയും കുറയ്ക്കുന്നു. പഞ്ചറായാലും അത് എളുപ്പത്തില്‍ പരിഹരിക്കാനായി പഞ്ചര്‍ കിറ്റുകള്‍ കാറില്‍ ലഭ്യമാണ്. മാത്രമല്ല ഇപ്പോള്‍ ടയര്‍ റിപ്പയര്‍ ഷോപ്പുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ സേവനം നല്‍കുന്നവരും ധാരാളമുണ്ട്.

പലര്‍ക്കും ഈ വിവരങ്ങള്‍ അറിയില്ലെന്നതാണ് സത്യം. കാര്‍ വാങ്ങിയതിന് ശേഷമാണ് പലരും സ്‌പെയര്‍ വീല്‍ ഇല്ലെന്ന് കാണുന്നത്. എന്തുകൊണ്ടാണ് സ്‌പെയര്‍ വീലുകള്‍ നല്‍കാത്തതെന്ന കാര്യത്തില്‍ കമ്പനി ജീവനക്കാര്‍ ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി വിശദീകരണം നല്‍കാത്തതാണ് കാരണം എന്ന് തോന്നുന്നു.
ഏതായാലും ഈ നിയമഭേദഗതി വരുത്തിയിട്ട് വര്‍ഷം 5 കഴിഞ്ഞെങ്കിലും ആളുകള്‍ക്ക് ഇതിനെക്കുറിച്ച് വേണ്ടത്ര അവബോധമില്ല.
മേല്‍പ്പറഞ്ഞ സവിശേഷതകളുള്ള കാറുകളില്‍ സ്‌പെയര്‍ വീലുകള്‍ ഒഴിവാക്കാനുള്ള തീരുമാനം ശരിയാണെങ്കിലും ഇന്നും പലര്‍ക്കും ഈ തീരുമാനം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഇന്ത്യയിലെ ഹൈവേ ശൃംഖല ലോക നിലവാരത്തിലുള്ളതും അതിവേഗം വികസിക്കുന്നതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ സ്ഥിതി അങ്ങിനെ അല്ല. ഒരു മഴ പെയ്താല്‍ തകരുന്ന റോഡുകളുള്ള ഗ്രാമങ്ങള്‍ ഒത്തിരിയുണ്ട്. നമ്മുടെ ഇന്ത്യയില്‍ ഏതായാലും കാറുകളില്‍ നിന്ന് സ്‌പെയര്‍ വീലുകള്‍ നീക്കിയതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ പങ്കുവെക്കൂ.


Click it and Unblock the Notifications








