കുഞ്ഞൻ കാറുകൾക്ക് ഷോറൂമിൽ പിടിവലി! ഡിമാൻ്റ് കൂടാൻ കാരണം എന്താണെന്നറിയാമോ
ആദ്യമായി വാഹനം വാങ്ങുന്നവരിൽ ഭൂരിപക്ഷം പേരും എൻട്രി ലെവൽ വാഹനങ്ങളായിരിക്കും. ചെറിയ വാഹനങ്ങളിൽ ഓടിച്ചു പഠിച്ചിട്ട് വലിയ വാഹനം വാങ്ങുന്നവരാണല്ലോ കൂടുതൽ ഉപഭോക്താക്കളും. അത് കൊണ്ട് തന്നെ പല ബ്രാൻഡുകളും തങ്ങളുടെ എൻട്രി ലെവൽ മോഡലുകൾ കൂടുതൽ അടിപൊളിയാക്കി അവതരിപ്പിക്കുന്നുണ്ട്. കുഞ്ഞൻ കാറെന്നാൽ അത് എല്ലാവർക്കും മാരുതി സുസുക്കി തന്നെയാണല്ലോ. ജിഎസ്ടി ഇളവ് കൂടി വന്നതോടെ പുതിയ വാഹനം വാങ്ങാൻ ഷോറൂമിൽ തിക്കും തിരക്കുമാണ്. എന്നാൽ രാജ്യത്ത് എന്തുകൊണ്ടായിരിക്കും എൻട്രി ലെവൽ കാറുകൾക്ക് ഇത്രമാത്രം ഡിമാൻ്റെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
പ്രധാന കാരണമായി പറയാവുന്നത് വാഹനത്തിൻ്റെ വില കുറവ് തന്നെയാണ്. കൂടുതൽ മൈലേജും, കുറഞ്ഞ മെയിൻ്റെനൻസ് ചിലവുമാണ് എൻട്രി ലെവൽ കാറുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന കാരണം. ഒരു കാർ എന്ന സ്വപ്നം കാണുന്ന മിഡിൽ ക്ലാസ് കുടുംബങ്ങളെ സംബന്ധിച്ച് അവരുടെ റോൾസ് റോയ്സാണ് എൻട്രി ലെവൽ കാറുകൾ. എന്ന് കരുതി ആരേയും വില കുറച്ച് കാണുകയല്ല കേട്ടോ.

4 മുതൽ 7 ലക്ഷം രൂപയ്ക്കുള്ള കാറുകൾ എളുപ്പത്തിൽ വാങ്ങാനാകുന്നത് കൊണ്ടാണ്, മിഡിൽ ക്ലാസ് കുടുംബങ്ങൾക്ക് പ്രധാന ഓപ്ഷനായി മാറുന്നത്.
കുറഞ്ഞ ഡൗൺ പേയ്‌മെന്റ്, വളരെ മികച്ച ഇഎംഐ ഓപ്ഷനുകൾ, ബാങ്ക് ഓഫറുകൾ തുടങ്ങിയവയും എൻട്രി ലെവൽ വാഹനങ്ങൾക്ക് പെട്ടെന്ന് തന്നെ ലഭിക്കും. മറ്റൊരു കാര്യം തുടക്കത്തിൽ പറഞ്ഞത് തന്നെയാണ്, മികച്ച മൈലേജും ഒരു കാരണം തന്നെയാണ്.
ചെറിയ വലുപ്പം, പാർക്ക് ചെയ്യാൻ എളുപ്പം, ട്രാഫിക്കിൽ കൈകാര്യം ചെയ്യാനുളള സുഖം എന്നിവയൊക്കെയാണ് നഗര യാത്രകൾക്ക് എൻട്രി ലെവൽ കാറുകൾ മികച്ചതാകുന്നത്. മാരുതി ആൾട്ടോ, വാഗൺ ആർ, ടാറ്റ ടിയാഗോ തുടങ്ങിയ മോഡലുകൾ എല്ലാം തന്നെ ഇതിന് മികച്ച ഉദാഹരണങ്ങളാണ്. ഫീച്ചറുകളിലും സേഫ്റ്റിയിലും എൻട്രി ലെവൽ കാറുകളിപ്പോൾ മികച്ചതാണ്.

ആൾട്ടോയുടെ കാര്യം നോക്കിയാൽ വളരെക്കാലമായി മാരുതി ഹാച്ച്ബാക്ക് കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നത്. മുമ്പ് 4.23 ലക്ഷം രൂപയ്ക്ക് വിലയുണ്ടായിരുന്ന ഈ കാര്‍ ഇപ്പോള്‍ 3.69 ലക്ഷം രൂപയ്ക്ക് വില്‍ക്കുന്നു. ഇതിന്റെ ടോപ് വേരിയന്റിന് 6.20 ലക്ഷം രൂപയായിരുന്നു വില. ഇനി മുതല്‍ ഇത് 5.31 ലക്ഷം രൂപയ്ക്ക് വാങ്ങാം. കാറിന്റെ എൻട്രി ലെവൽ വേരിയന്റ് മുതൽ ടോപ്പ് വേരിയന്റ് വരെയുള്ള എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
STD, STD (O), LXI, LXI (O), VXI, VXI (O), VXI+, VXI+(O) എന്നിങ്ങനെ എട്ട് വേരിയന്റുകളിലാണ് വാഹനം തെരഞ്ഞെടുക്കാൻ അവസരമുള്ളത്. 1.0 ലിറ്റർ K10C ത്രീ-സിലിണ്ടർ ഡ്യുവൽ ജെറ്റ് ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് ആൾട്ടോയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 5,500 ആർപിഎമ്മിൽ 66.62 bhp പവറും 3,500 ആർപിഎമ്മിൽ 89 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും.

ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയോടെ എത്തുന്ന വാഹനത്തിന് മൈലേജിന്റെ കാര്യത്തിൽ ഒരു പിശുക്കുമില്ല എന്ന് തന്നെ പറയാം. പെട്രോളിനൊപ്പം ഒരു സിഎൻജി ബൈ-ഫ്യുവൽ ഓപഷനും ആൾട്ടോയിൽ വരുന്നുണ്ട്. പെർഫോമൻസിൽ അൽപം പിശുക്ക് കാട്ടുമെങ്കിലും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിന് 34.90 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. അതേസമയം പെട്രോളിന് ലിറ്ററിന് 24.90 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








