മിഡ് സൈസ് എസ്‌യുവികളിലെ 'ആറാം' തമ്പുരാൻ; 16 കിലോമീറ്റർ മൈലേജുളള ഹോണ്ടയുടെ കാറിന് വൻ ഡിമാൻ്റ്
ആറാം തമ്പുരാൻ എന്ന് വെറുതെ മാസിന് വിളിക്കുന്നതല്ല, ആറ് വർഷത്തെ ഇടവേളകൾക്ക് ശേഷം ഹോണ്ട പുതിയ മോഡൽ അവതരിപ്പിച്ചത് ഹോണ്ട എലിവേറ്റ് എന്ന മിഡ്സൈസ് എസ്‌യുവിയിലൂടെയായിരുന്നു. 2023 സെപ്റ്റംബർ മാസത്തിലാണ് ഹോണ്ട തങ്ങളുടെ എലിവേറ്റ് അവതരിപ്പിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം വിപണിയിലെത്തുന്ന പുതിയ മോഡലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ദൈനംദിന യാത്രകളിൽ കംഫർട്ടിനെയും സ്റ്റൈലിനേയും സമന്വയിപ്പിച്ച മോഡൽ യുവാക്കൾക്കും കുടുംബങ്ങൾക്കും മികച്ചൊരു ഓപ്ഷനായി മാറാൻ അധികം കാലം വേണ്ടി വന്നില്ല. ഹോണ്ട എലിവേറ്റിനെ വിപണിയിൽ ഹോട്ട് സെല്ലറാക്കുന്ന കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ.
പുതിയ ഒരു വാഹനമായത് കൊണ്ട് തന്നെ ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് ഡിസൈനിലായിരിക്കും എന്ന് കമ്പനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.ഹോണ്ട എലിവേറ്റിന്റെ ബോൾഡ് ഫ്രണ്ട് ഗ്രില്ല്, ഷാർപ്പ് LED ഹെഡ്‌ലാമ്പുകൾ, ഉയർന്ന ബോഡി പ്രൊഫൈൽ എന്നിവയെല്ലാം തന്നെ എസ്‌യുവി സെഗ്മെന്റിൽ തലയെടുപ്പ് നൽകിയിരുന്നു. ഡ്യുവൽ ടോൺ റൂഫ്, 17 ഇഞ്ച് അലോയ് വീലുകൾ, പ്രീമിയം ഫിനിഷ് ചെയ്ത ബോഡി ലൈനുകൾ എന്നിവയെല്ലാം തന്നെ എലിവേറ്റിനൊരു തമ്പുരാൻ ലുക്ക് നൽകി.

അകത്തേക്ക് കയറിയാൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോട്ടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയുമുള്ള കണക്റ്റിവിറ്റിയും, ആധുനിക ഡിജിറ്റൽ ഡിസ്പ്ലേയും നൽകിയിട്ടുണ്ട്. മികച്ച കുഷ്യൻ സീറ്റുകൾക്കൊപ്പം തന്നെ കൂടുതൽ ക്യാബിൻ സ്പേസും ഉയർന്ന കംഫർട്ട് ലെവലും ഹോണ്ടയുടെ മുഖമുദ്ര തന്നെയാണല്ലോ. യാത്രാസുഖത്തിൻ്റെ കാര്യത്തിലും എലിവേറ്റിന് നൂറിൽ നൂറ് തന്നെയാണ് മാർക്ക്.
പവറിൻ്റേയും പെർഫോമൻസിൻ്റേയും കാര്യത്തിലേക്ക് വന്നാൽ നിലവില്‍ ഒറ്റ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് ഹോണ്ട എലിവേറ്റ് വാഗ്ദാനം ചെയ്യുന്നത്. എലിവേറ്റിലെ 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 121 bhp പവറും 145 Nm ടോര്‍ക്കും വികസിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6 സ്പീഡ് മാനുവല്‍, 7 സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായാണ് എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

എലിവേറ്റിൻ്റെ സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ നേടിയ മിടുക്കനാണ ഹോണ്ടയുടെ ഈ മിഡ്‌സൈസ് എസ്‌യുവി. ഇന്ത്യയിലെ ഹോണ്ടയുടെ തപുകര പ്ലാന്റിൽ നിർമിക്കുന്ന എലിവേറ്റ് ജപ്പാൻ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ജാപ്പനീസ് വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ നിർമിത ഹോണ്ട വാഹനം കൂടിയാണിത്.
ഹോണ്ട സെൻസിംഗ് അടിസ്ഥാനപരമായി ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ആണ്. കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം, ലെയ്ൻ വാച്ച് ക്യാമറ തുടങ്ങിയ സവിശേഷതകളാണ് ഇതിൽ കമ്പനി ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈയൊരു ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നതിനാലാണ് ക്രാഷ് ടെസ്റ്റിൽ എലിവേറ്റിന് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടാൻ കാരണമായിരിക്കുന്നത്.

ജിഎസ്‌ടി ഇളവ് കൂടി പ്രഖ്യാപിച്ചതോടെ ഹോണ്ടയ്ക്ക് ചാകര തന്നെയായിരുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല. ജിഎസ്ടി ഇളവുകളുടെ ഫലമായി അമേസ്, എലിവേറ്റ്, സിറ്റി എന്നിവയ്ക്ക് 95,500 രൂപ വരെ വിലക്കുറവ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. രണ്ടാം തലമുറ ഹോണ്ട അമേസിന് 72,800 രൂപ വരെയും മൂന്നാം തലമുറ അമേസിന് 95,500 രൂപ വരെയും വിലക്കുറവ് ലഭിക്കും. ഹോണ്ട എലിവേറ്റിനും സിറ്റിക്കും യഥാക്രമം 58,400 രൂപയും 57,500 രൂപയും വരെ വിലക്കുറവ് ലഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ


Click it and Unblock the Notifications








