കേരളത്തിൽ മാനുവൽ ഗിയറിനോട് മടുപ്പ്; മലയാളികൾക്ക് പ്രിയം ഓട്ടോമാറ്റിക്കിനോടോ, കാരണമിതാണ്
കേരളത്തിലെ റോഡുകൾ പണ്ട് കാലത്തേക്കാൾ കൂടുതൽ തിരക്കേറി കൊണ്ടിരിക്കുകയാണ്. നഗരങ്ങളിലെയും പട്ടണങ്ങളിലെയും ട്രാഫിക്, ഇടവേളകളില്ലാത്ത സ്റ്റോപ്പ്-ഗോ ഡ്രൈവിംഗ് കാരണങ്ങൾ കൊണ്ട് ക്ലച്ച് ചവിട്ടിയും ഗിയർ മാറ്റിയും ക്ഷീണിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഓട്ടോമാറ്റിക്ക് കാറുകൾക്ക് കേരളത്തിലെ ഉപഭോക്താക്കളുടെ ഇടയിൽ ഡിമാൻഡ് വർധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. മലയോര പ്രദേശങ്ങളിൽ കയറ്റങ്ങളും വളവുകളും നിറഞ്ഞ ഈ വഴികളിൽ, ഹാഫ് ക്ലച്ച് ഉപയോഗിച്ച് വാഹനം നിയന്ത്രിക്കേണ്ട അവസ്ഥ മാനുവൽ ഗിയറുള്ള കാറുകളിലുണ്ടല്ലോ.എന്നാൽ ഓട്ടോമാറ്റിക്ക് കാറുകളിൽ ഇത്തരം സമർദ്ദമോ ആശങ്കയുടെയോ ആവശ്യമില്ല.
നേരത്തെ ഓട്ടോമാറ്റിക്ക് കാറുകൾ എന്നാൽ വലിയ വില കൂടിയതും,മൈലേജ് കുറവ് എന്നൊക്കെയായിരുന്നു പൊതുവേയുള ധാരണ. AMT, CVT, ടോർക്ക് കൺവേർട്ടർ, DCT പോലുള്ള മോഡേൺ ഗിയർബോക്സുകൾ മികച്ച mileage നൽകുകയും, മെയിൻ്റെനനൻസ് ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. കേരളത്തിലെ ഉപഭോക്താക്കളെ സംബന്ധിച്ച് കാറെന്നാൽ ആവർക്ക് ആഡംബരം കാണിക്കാനുള്ളതല്ല. പകരം ദിവസേനെയുളള ഉപയോഗത്തിനും യാത്രയ്ക്കുമാണ്.

മാനുവൽ ഗിയർ ഓടിക്കുന്നവരിൽ സമ്മർദ്ദത്തിൻ്റെ അളവ് അൽപ്പം കൂടുതലാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. പ്രായമായവർക്കും അത് പോലെ തന്നെ തുടക്കക്കാർക്കും ഓട്ടോമാറ്റിക്ക് കാറുകൾ കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ക്ലച്ച് നിയന്ത്രിക്കാനും പഠിക്കാനുമുള്ള ബുദ്ധിമുട്ട് ഒഴിവാകുന്നത് ഡ്രൈവിങ്ങിലെ ഭയം കുറയ്ക്കാൻ സഹായിക്കുന്നു. ഓട്ടോമാറ്റിക്ക് കാറുകളോട് പ്രിയം കൂടാൻ ഇതും ഒരു കാരണമാണ്.
യൂസ്ഡ് കാർ മാർക്കറ്റിലും ഓട്ടോമാറ്റിക്ക് കാറുകൾക്ക് ശക്തമായ ഡിമാൻഡാണ്.റീസെയിൽ വാല്യു മെച്ചപ്പെട്ടതോടെ ഓട്ടോമാറ്റിക്ക് കാറുകൾ വാങ്ങിയാൽ വിൽക്കാൻ ബുദ്ധിമുട്ടുണ്ടാകുമോ എന്ന ആശങ്ക കുറഞ്ഞു. എൻട്രി ലെവൽ മോഡൽ മുതൽ മിഡ്സൈസ് എസ്‌യുവികൾ വരെ വരെ ഓട്ടോമാറ്റിക്ക് വേരിയൻ്റുകൾ ഇപ്പോൾ വിൽക്കുന്നുണ്ട്.കേരളത്തിൻ്റെ ഡ്രൈവിങ്ങ് ശൈലി മാറുന്നു എന്നതാണ് ഈ ട്രെൻഡിലൂടെ മനസിലാക്കേണ്ടത്.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളിൽ ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് (DCT) ആണ് ഏറ്റവും വിലയേറിയതും മികച്ച പ്രകടനമുള്ളതുമായ ഓപ്ഷന്‍. സിവിടി എന്ന് ചുരുക്കി വിളിക്കുന്ന കണ്ടിന്വസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ ഇഷ്ടപ്പെടുന്നവരും ഏറെയുണ്ട്. 10 ലക്ഷത്തിൽതാഴെ നിരവധി സിവിടി ഗിയർബോക്സുകളുളള വാഹനങ്ങളുണ്ട് കേട്ടോ,ചിലതൊക്കെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണേ.
ജാപ്പനീസ് ബ്രാൻഡ് ഇന്ത്യയിലെത്തിക്കുന്ന സബ് കോംപാക്ട് സെഡാന്‍ ആണ് അമേസ്. ക്രൂയിസ് കണ്‍ട്രോള്‍ ഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഈ മോഡലില്‍ ഒരുക്കിയിട്ടുണ്ട്. അമേസില്‍ 5 സ്പീഡ് മാനുവലിനൊപ്പം സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനും ലഭ്യമാണ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സിവിടി ഗിയര്‍ബോക്‌സ് വാഗ്ദാനം ചെയ്യുന്ന കാറാണ് അമേസ്. അമേസിന്റെ വില ആരംഭിക്കുന്നത് 8.09 ലക്ഷം രൂപ മുതലാണ്. ടോപ്‌സ്‌പെക് വേരിയന്റിന് 11.20 ലക്ഷം രൂപയാണ് വില.
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന രണ്ട് എസ്‌യുവികളില്‍ ഒന്നാണ് മാഗ്‌നൈറ്റ്. ഇത് ഒരു സബ് 4 മീറ്റര്‍ എസ്‌യുവിയാണ്. മാഗ്‌നൈറ്റിന്റെ ടോപ്പ് വേരിയന്റുകളില്‍ സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭ്യമാണ്. ഇതില്‍ അസെന്റ ടര്‍ബോ സിവിടി വേരിയന്റ് 10 ലക്ഷം രൂപയില്‍ താഴെ എക്‌സ്-ഷോറൂം വിലയില്‍ ലഭിക്കുന്നു. മാഗ്‌നൈറ്റിന്റെ ഇന്ത്യയിലെ വില 6.14 ലക്ഷം മുതല്‍ 11.92 ലക്ഷം രൂപ വരെ പോകുന്നു.
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളില്‍ ഒന്നാണ് ഹ്യുണ്ടായി i20. ഈ മോഡലില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (iVT) എന്ന പേരില്‍ സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ നല്‍കുന്നു. മുകളില്‍ സൂചിപ്പിച്ച കാറുകളെ അപേക്ഷിച്ച് അല്‍പ്പം ചെലവേറുമെങ്കിലും i20 പ്രീമിയം ഹാച്ചില്‍ iVT ഗിയര്‍ബോക്‌സ് ഓപ്ഷന്‍ 8.89 ലക്ഷം രൂപ മുതല്‍ ലഭ്യമാണ്. കാറിന്റെ വില തുടങ്ങുന്നത് 7.51 ലക്ഷം രൂപ മുതലാണ്.


Click it and Unblock the Notifications








