പുതിയതിന്റെ പകുതി വിലയില്ല, പിന്നെ എങ്ങനെ മലയാളി ഡൽഹി ഇന്നോവയെ പ്രേമിക്കാതിരിക്കും
കേരളത്തിൽ ടൊയോട്ടയുടെ വാഹനങ്ങൾക്ക് പ്രത്യേക ഫാൻ ബേസ് ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണല്ലോ, പ്രത്യേകിച്ച് എംപിവി സെഗ്മെൻ്റിലെ എതിരാളികളില്ലാത്ത മോഡലായ ഇന്നോവയ്ക്ക്.യാത്രാസുഖത്തിൽ ഇവനെ വെല്ലാൻ വേറെ ആരുമില്ല. ഒരു ഇന്നോവ വാങ്ങുക എന്നത് ഏതൊരു വാഹനപ്രേമിയുടേയും ആഗ്രഹമാണ്. പുത്തൻ വാങ്ങാനുള്ള ത്രാണി ഇല്ലെങ്കിൽ ഒരു സെക്കൻഡ് ഇന്നോവ കിട്ടാൻ കേരളത്തിൽ ഒരു ബുദ്ധിമുട്ടുമില്ല. എന്നാൽ അതിനും കൊടുക്കണം പൊന്നും വില. 2013 മോഡൽ ഇന്നോവയ്ക്ക് പോലും 9 ലക്ഷം രൂപയോളം വിലയുണ്ട് സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ.
പരമാവധി വില കുറച്ച് എങ്ങനെ ഇന്നോവ സ്വന്തമാക്കാം എന്ന് തലപുകച്ച് ഇരിക്കുമ്പോഴാണ് വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും സ്ക്രാപ്പേജ് പോളിസി എന്ന് പറയുന്നത് പോലെ ഡൽഹി സർക്കാരിൻ്റെ നിയമം വരുന്നത്. പിന്നെ ഒന്നും ചിന്തിച്ചില്ല കേരളത്തിലെ സെക്കൻഡ് ഹാൻഡ് കാർ ഡീലർമാർ വണ്ടി പിടിച്ച ഡൽഹിയിൽ ചെന്ന് ഇന്നോവ കേരളത്തിലേക്ക് ഇറക്കാൻ തുടങ്ങിയതോടെ ഇന്നോവ വാങ്ങണം എന്ന പലരുടേയും സ്വപ്നത്തിന് ജീവൻ വച്ചത്.

ഡൽഹിയിൽ നിന്ന് കേരളത്തിൽ എത്തിച്ച് റീ റജിസ്റ്റർ ചെയ്തു വരുമ്പോഴേക്കും താങ്ങാവുന്ന വിലയിൽ നിങ്ങൾക്ക് ഇന്നോവ സ്വന്തമാക്കാം. ഇനി ഡൽഹിയിൽ സ്ഥിരതാമസമാക്കിയ പരിചയക്കാരുണ്ടെങ്കിൽ അവർ മുഖേനയും നിങ്ങൾക്ക് വാഹനം പോയി നോക്കി വഞ്ചിതരാകാതെ വാഹനം സ്വന്തമാക്കാൻ സാധിക്കും. അത് പോലെ തന്നെ ഡൽഹിയിൽ താമസമാക്കിയവർ കേരളത്തിലേക്ക് മടങ്ങുമ്പോൾ അവരുടെ വാഹനം കേരളത്തിലേക്ക് കൊണ്ടുവരുന്ന പതിവുണ്ട്. റീ രജിസ്റ്റർ് ചെയ്യാതെ തന്നെ നാട്ടിൽ ഉപയോഗിക്കാമല്ലോ.
പിന്നെ ഇന്നോവയുടെ റീസെയിൽ വാല്യു ആണ് പ്രിയം കൂടാനുള്ള മറ്റൊരു കാരണം. നിങ്ങളൊരു റീ റജിസ്റ്റർ ചെയ്ത വാഹനം വാങ്ങി കുറച്ച് വർഷം ഉപയോഗിച്ചാലും നിങ്ങൾ അത് വിൽക്കാൻ നേരം നിങ്ങളുടെ കൈ പൊളില്ല എന്നൊരു ഉറപ്പും ഉണ്ട്. അതിനൊപ്പം തന്നെ ടൊയോട്ടയുടെ റിലയബിളിറ്റിയും പരിപാലന ചിലവ് കുറവും ആണ് ഇന്നോവയിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം.

ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഒരു ഇന്നോവ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി 1 ലക്ഷം രൂപയ്ക്ക് മുകളിൽ ചിലവ് വരും. 10 വർഷത്തിന് മുകളിലുള്ള ഡീസൽ വാഹനങ്ങൾക്ക് ഡൽഹിയിൽ വിലക്ക് ഉളളത് കൊണ്ട് തന്നെ നിരവധി പേർ തങ്ങളുടെ വാഹനങ്ങൾ വിൽക്കുകയാണ്. പലരും കിട്ടുന്ന വിലയ്ക്ക് വിൽക്കുന്ന അവസ്ഥയാണ്. വിലപേശി നിങ്ങൾക്ക് ഒരു 2015 മോഡൽ ഇന്നോവ 7 ലക്ഷത്തിന് കിട്ടിയെന്ന് കരുതുക, ഒരു ലക്ഷം റീ രജിസ്റ്റർ ചെയ്യുന്ന ചിലവ്.
ഓടിച്ച് കൊണ്ടുവരാൻ ബുദ്ധിമുട്ടാണെങ്കിൽ 25000 രൂപയ്ക്ക് കണ്ടെയനറിൽ നാട്ടിൽ എത്തിക്കുന്ന സംവിധാനമുണ്ട്. എല്ലാ ചിലവും കൂട്ടിയാൽ 8.50 എന്ന് വയ്ക്കാം. നാട്ടിൽ kl ഇന്നോവ 2015 മോഡൽ നിങ്ങൾക്ക് 8.50 ലക്ഷത്തിന് കിട്ടില്ല എന്നാണ് എല്ലാ ഡീലർമാരും പറയുന്നത്. വിശ്വസിക്കാൻ പറ്റുന്ന നല്ല ഡീലർമാരിൽ നിന്ന് വാഹനം എടുക്കാൻ ശ്രദ്ധിക്കുക. പലരും വാഹനം വാങ്ങി വഞ്ചിതരാകുന്നുണ്ട്.

എന്തായാലും ഡൽഹിയിലെ ഇന്ധന നിരോധന നിയമം തൽക്കാലത്തേക്ക് പിൻവലിച്ചിരിക്കുകയാണ്. എന്നാൽ നവംബർ ഒന്ന് മുതൽ വീണ്ടും പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഓടിക്കുന്നത് മലിനീകരണം വര്‍ധിക്കാന്‍ കാരണമാകുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കിയത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








