കളിപ്പാട്ടം പോലെ കാര്‍ വിറ്റ ടീംസാ! മാരുതിക്ക് ഇന്ത്യയില്‍ വില്‍പ്പന കുറയാൻ കാരണം ഇതായിരുന്നോ?
പതിറ്റാണ്ടുകളായി ഇന്ത്യയിലെ പാസഞ്ചര്‍ കാര്‍ വിപണി അടക്കി ഭരിക്കുന്ന കമ്പനിയാണ് മാരുതി സുസുക്കി. മാരുതി സുസുക്കി ഒരു മാസം നേടുന്ന വില്‍പ്പന സംഖ്യ മറികടക്കാന്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ള കമ്പനികളുടെ കണക്കുകള്‍ ഒരുമിച്ച് ചേര്‍ത്താല്‍ മാത്രമേ സാധിക്കുകയുള്ളൂ. ഒട്ടുമിക്ക സെഗ്‌മെന്റുകളിലും സാന്നിധ്യമുള്ള മാരുതി സുസുക്കി നിലവില്‍ ഒന്നര ഡസനിലേറെ കാറുകള്‍ വില്‍ക്കുന്നുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കാരണം മാരുതി ഡീസല്‍ എഞ്ചിന്‍ കാറുകള്‍ പൂര്‍ണമായി നിര്‍ത്തലാക്കിയിരുന്നു. എന്നിരുന്നാലും സിഎന്‍ജി കാറുകള്‍ അടക്കം ജനകീയമാക്കി മാരുതി ആ പ്രതിസന്ധി മറികടന്നു.
ഇപ്പോള്‍ ഒറ്റ ഇലക്ട്രിക് കാര്‍ പോലും ഇല്ലാതെയാണ് അസാധ്യ ലീഡില്‍ മാരുതി ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. ഒരുവേള ഇന്ത്യന്‍ ഒാട്ടോമോട്ടീവ് വിപണിയുടെ 50 ശതമാനം വിപണി വിഹിതം മാരുതി ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണങ്ങള്‍ നമുക്ക് പരിശോധിക്കാം.

വില വര്‍ധനവ്: വില്‍പ്പന ഇടിയാനുള്ള കാരണങ്ങള്‍ വിലയിരുത്തിയതില്‍ നിന്ന് മാരുതി തന്നെ ഉയര്‍ത്തിക്കാണിച്ച ഒന്നാണ് കാറുകളുടെ വില വര്‍ധനവ്. 2019 മുതല്‍ ഇന്ത്യയിലെ കാറുകളുടെ വില 70 ശതമാനത്തിലധികം വര്‍ധിച്ചു. സുരക്ഷാ മാനദണ്ഡങ്ങളും മലിനീകരണ നിയന്ത്രണ നിയമങ്ങളും കര്‍ശനമാക്കിയതാണ് ഇതിന് പ്രധാന കാരണം. സ്വാഭാവികമായും വില വര്‍ധനവ് ഒരു ഉല്‍പ്പന്നത്തിന്റെ വില്‍പ്പനയെ ബാധിക്കും. പ്രത്യേകിച്ച് ഇന്നും കാര്‍ എന്നത് ഒരു ആഡംബരമായി കണക്കാക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ഉള്ളപ്പോള്‍.
വില വര്‍ധനവ് പ്രധാനമായും ബാധിച്ചത് എന്‍ട്രി ലെവല്‍ കാറുകളെയാണ്. ഇത് ആദ്യമായി കാര്‍ വാങ്ങുന്നവരെയും ഇരുചക്രവാഹനങ്ങളില്‍ നിന്ന് കാറുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരെയും മാറി ചിന്തിപ്പിച്ചു. മാരുതി സുസുക്കിയുടെ വലിയൊരു ശതമാനം ഉപഭോക്താക്കളും മിനി, കോംപാക്ട് സെഗ്മെന്റുകളില്‍ തല്‍പരരായിരുന്നവര്‍ ആയിരുന്നു. വില കൂടിയത് ആളുകള്‍ ഒന്നുകില്‍ ബൈക്കുകളില്‍ തുടരാനോ അല്ലെങ്കില്‍ യൂസ്ഡ് കാര്‍ വാങ്ങുന്നതിലോ കലാശിച്ചു.

ചെറുകാര്‍ വിപണിയിലെ ഇടിവ്: മുകളില്‍ സൂചിപ്പിച്ച പോലെ മുമ്പ് മാരുതിയുടെ വില്‍പ്പനയിലെ നട്ടെല്ലായിരുന്നു ചെറുകാര്‍ വിഭാഗം. ആള്‍ട്ടോ, എസ്‌പ്രെസോ എന്നിവ അണിനിരക്കുന്ന മിനി സെഗ്‌മെന്റും ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കോംപാക്ട് സെഗ്മെന്റുകളിലും വില്‍പ്പന ഗണ്യമായി കുറഞ്ഞു. ഇന്ത്യക്കാര്‍ക്കിടയിലെ ഉപഭോക്തൃ മുന്‍ഗണനകള്‍ മാറിയെന്നതിന്റെയും സൂചനയാണ്. അതേസമയം കോംപാക്ട് എസ്‌യുവികളുടെ വില്‍പ്പന മറുവശത്ത് കൂടുന്നുമുണ്ട്.
വാഹന വിപണിയിലെ മാന്ദ്യം: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളരുമ്പോഴും വാഹന വിപണിയില്‍ പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന കാറുകളുടെ വിപണിയില്‍ വളര്‍ച്ച കുറവാണ്. ഇത് വാഹനങ്ങള്‍ വാങ്ങുന്നതിലുള്ള ഉപഭോക്താക്കളുടെ താല്‍പര്യക്കുറവിനെ സൂചിപ്പിക്കുന്നു. നമ്മള്‍ മുകളില്‍ പറഞ്ഞ പോലെ സാധാരണക്കാര്‍ക്ക് കാര്‍ എന്നത് അത്യാവശ്യമായ സംഗതിയല്ലെന്ന നിലയിലാണ് ഇപ്പോള്‍ സ്ഥിതി. ഇന്ധന വിലവര്‍ധനവും ഇടത്തരക്കാരെ കാര്‍ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ടടിക്കുന്നു. ഇവികള്‍ ജനകീയമായ ശേഷം കാര്‍ വാങ്ങാമെന്ന് ചിന്തിക്കുന്നവര്‍ ഒത്തിരിയുണ്ട്.
മത്സരം വര്‍ധിച്ചു: വിപണിയിലെ ട്രെന്‍ഡ് മനസ്സിലാക്കി മാരുതി സുസുക്കി സമീപ വര്‍ഷങ്ങളില്‍ യൂടിലിറ്റി വാഹന നിര വിപുലീകരിച്ചിട്ടുണ്ട്. എസ്‌യുവി/എംപിവി വിഭാഗത്തില്‍ ബ്രെസ, എര്‍ട്ടിഗ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്‌സ്, ജിംനി, XL6 എന്നിവയടക്കുന്ന മികച്ച മോഡലുകള്‍ ഉണ്ടായിട്ടും സമീപകാലത്ത് വില്‍പ്പനയില്‍ ചെറിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. അതേസമയം, മഹീന്ദ്ര, ടൊയോട്ട തുടങ്ങിയ മറ്റ് ബ്രാന്‍ഡുകളുടെ എസ്‌യുവികള്‍ക്ക് ആവശ്യക്കാര്‍ കൂടുകയും ചെയ്തു.
ഒരേ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ഇക്കഴിഞ്ഞ മെയില്‍ മാരുതി കസിന്‍ മോഡലായ ഗ്രാന്‍ഡ് വിറ്റാരയെ ആദ്യമായി വില്‍പ്പനയില്‍ പിന്നിലാക്കിയിരുന്നു. ഉപഭോക്താക്കള്‍ എസ്‌യുവികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ട്രെന്‍ഡ് ആണിപ്പോള്‍. ഈ കലണ്ടര്‍ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് മാരുതി ഒരു പുതിയ എസ്‌യുവി പുറത്തിറക്കാന്‍ പോകുന്നുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല സെപ്റ്റംബറില്‍ കന്നി ഇവിയായ ഇവിറ്റാരയുടെ വരവും ഉത്സവ സീസണുമെല്ലാം വില്‍പ്പന ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.

കയറ്റുമതി രക്ഷയായി: കഴിഞ്ഞ കുറച്ച് മാസങ്ങളുടെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആഭ്യന്തര വില്‍പ്പനയിലെ തിരിച്ചടി മാരുതി കയറ്റുമതിയിലെ വമ്പന്‍ വര്‍ധനവിലൂടെയാണ് മറികടക്കുന്നത് എന്ന് മനസ്സിലാക്കാം. ഇന്ത്യന്‍ നിര്‍മിത എസ്‌യുവികള്‍ക്ക് സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാനിലടക്കം ആവശ്യക്കാര്‍ ഏറെയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കമ്പനി മെയിഡ് ഇന്‍ ഇന്ത്യ ഫ്രോങ്ക്‌സ് ജപ്പാനിലേക്ക് കയറ്റി അയക്കാന്‍ തുടങ്ങിയത്. പിന്നാലെ ജിംനി 5 ഡോര്‍ കൂടി കടല്‍കടന്നതോടെ കയറ്റുമതി റോക്കറ്റ് പോലെ കുതിച്ചു.
ജിംനി നൊമേഡ് എന്ന പേരില്‍ ജപ്പാനില്‍ വില്‍പ്പനക്കെത്തിയ ലൈഫ്‌സ്‌റ്റെല്‍ എസ്‌യുവിയുടെ 5 ഡോര്‍ പതിപ്പ് ചൂടപ്പം പോലെയാണ് വിറ്റുപോയത്. ജനങ്ങള്‍ ഇരച്ചെത്തിയതോടെ ഈ കാറിന്റെ ബുക്കിംഗ് നിര്‍ത്തിവെക്കാന്‍ പോലും സുസുക്കി നിര്‍ബന്ധിതരായിരുന്നു. കയറ്റുമതിയിലെ മികച്ച പ്രകടനം വരുംമാസങ്ങളിലും പ്രതീക്ഷിക്കാം. ചെറുകാറുകളുടെ വില വര്‍ധനവും, എസ്‌യുവികളോടുള്ള താല്‍പ്പര്യവും ആഭ്യന്തര വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചുവെങ്കിലും മാരുതി ഇപ്പോളും വിപണിയില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. ഉത്സവ സീസണില്‍ കമ്പനി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








