വലിയ തുക ഒറ്റയടിക്ക് പോകൂല, കാര്‍ ഇന്‍ഷൂറന്‍സ് മാസാമാസം അടയ്ക്കുന്ന രീതി ട്രെന്‍ഡിംഗാകുന്നു
ഇന്ത്യയില്‍ സാധാരണയായി വാഹന ഇന്‍ഷുറന്‍സ് വാര്‍ഷിക അടിസ്ഥാനത്തിലായിരുന്നു ഉടമകള്‍ അടച്ച് വന്നിരുന്നത്. എന്നാല്‍ അടുത്തകാലത്തായി മാസാന്തര കാര്‍ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു വരികയാണ്. ഒരു വര്‍ഷത്തേക്കുള്ള മുഴുവന്‍ പ്രീമിയവും ഒറ്റയടിക്ക് അടയ്ക്കുന്നതിന് പകരം, ചെറിയ തുകകളായി ഓരോ മാസവും അടയ്ക്കാന്‍ ആളുകള്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്നു. പണം ലാഭിക്കുക എന്നതിലുപരി സ്വന്തം പ്രതിമാസ ബജറ്റിന് അനുസരിച്ച് ഇന്‍ഷുറന്‍സ് ചെലവുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം എന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. എന്തുകൊണ്ടാണ് ഈ രീതി ട്രെന്‍ഡിംഗ് ആയതെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
പ്രതിമാസ ചെലവുകള്‍ ക്രമീകരിക്കാം
ഇന്നത്തെ കാലത്ത് മിക്കവരും അവരുടെ വരുമാനം, ചെലവുകള്‍, സമ്പാദ്യം എന്നിവ മാസാടിസ്ഥാനത്തിലാണ് ക്രമീകരിക്കുന്നത്. പ്രതിമാസ ഇന്‍ഷുറന്‍സ് പ്ലാന്‍ ഈ രീതിക്ക് തികച്ചും അനുയോജ്യമാണ്. വാടക, ഇഎംഐ, വൈദ്യുതി ബില്‍, മറ്റ് മാസവരികള്‍ എന്നിവയ്‌ക്കൊപ്പം ഇന്‍ഷുറന്‍സ് തുകയും എളുപ്പത്തില്‍ ചേര്‍ക്കാന്‍ കഴിയും. കൊല്ലത്തില്‍ വലിയൊരു തുക ഒറ്റയടിക്ക് പോകുമ്പോള്‍ മറ്റ് മാസത്തെ ചെലവുകളെ അത് ബാധിച്ചേക്കാം. എന്നാല്‍ ചെറിയ തുക മാസംതോറും അടയ്ക്കുന്നത് സാമ്പത്തിക ഭാരം കുറക്കാന്‍ സഹായിക്കുന്നു.

മുമ്പ് ഇന്‍ഷുറന്‍സിന്റെ മുഴുവന്‍ പ്രീമിയവും ഒറ്റത്തവണയായി അടയ്‌ക്കേണ്ടിയിരുന്നു. ഇത് ചിലപ്പോള്‍ 15,000 രൂപയോ അതില്‍ കൂടുതലോ വരാം. ഇത്രയും വലിയൊരു തുക ഒറ്റയടിക്ക് അടയ്ക്കുന്നത് എല്ലാവര്‍ക്കും എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പ്രതിമാസ പ്ലാനുകളില്‍, അതേ തുക 1000 രൂപ, 1500 രൂപ എന്നിങ്ങനെ ചെറിയ ഭാഗങ്ങളായി വിഭജിക്കപ്പെടുന്നതിനാല്‍ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നു.
ആര്‍ക്കൊക്കെ പ്രയോജനകരം?
സ്ഥിരവരുമാനം ഇല്ലാത്തവര്‍ക്ക് പ്രതിമാസ ഇന്‍ഷുറന്‍സ് വളരെ പ്രയോജനകരമാണ്. ഉദാഹരണത്തിന്, ഫ്രീലാന്‍സായി ജോലി ചെയ്യുന്നവര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, താല്‍ക്കാലിക ജോലിക്കാര്‍, മാസം തോറും വരുമാനം മാറിക്കൊണ്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഇത് സഹായകമാണ്. അതുപോലെ ആദ്യമായി ഇന്‍ഷുറന്‍സ് എടുക്കുന്ന യുവ ഡ്രൈവര്‍മാര്‍ക്കും, ഒറ്റയടിക്ക് വലിയ തുക അടയ്ക്കുന്നത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്കും ഈ രീതി ഉചിതമാണ്.

മാനസിക പിരിമുറുക്കം കുറയ്ക്കുന്നു
ഒറ്റത്തവണയുള്ള വലിയ പേയ്‌മെന്റ് നടത്തുന്നത് ചില സമയങ്ങളില്‍ സാമ്പത്തിക പിരിമുറുക്കങ്ങളോ ആശങ്കകളോ ഉണ്ടാക്കിയേക്കാം. എന്നാല്‍ പ്രതിമാസ പേയ്‌മെന്റ് രീതി ഈ സമ്മര്‍ദ്ദം വളരെയധികം കുറയ്ക്കുന്നു. ഒരു ബില്‍ അടയ്ക്കുന്നതുപോലെ സ്ഥിരമായി ചെറിയ തുകയാണ് ഓരോ മാസവും പോകുന്നത് എന്നതിനാലാണ് ഇത്. ഇതുവഴി ആളുകള്‍ക്ക് അവരുടെ ചെലവുകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയുന്നു.
കവറേജും മറ്റ് കാര്യങ്ങളും
പ്രതിമാസ പോളിസികള്‍ സാധാരണയായി മറ്റ് പോളിസികള്‍ പോലെ തന്നെ തേര്‍ഡ്-പാര്‍ട്ടി കവറേജും, ഓണ്‍-ഡാമേജ് കവറേജ് ഉള്‍പ്പെടെയുള്ള മറ്റ് ഓപ്ഷനുകളും ദീര്‍ഘകാല സുരക്ഷയും നല്‍കുന്നുണ്ട്. പണം അടയ്ക്കുന്ന രീതിയില്‍ മാത്രമേ വ്യത്യാസമുള്ളൂ. എങ്കിലും, ചില സന്ദര്‍ഭങ്ങളില്‍, പ്രതിമാസ പേയ്‌മെന്റ് സ്‌കീമുകളില്‍ ചെറിയ രീതിയിലുള്ള അധിക ഫീസുകളോ അഡ്മിന്‍ ചാര്‍ജുകളോ ഉള്‍പ്പെട്ടേക്കാം. ഇത് മൊത്തത്തിലുള്ള വാര്‍ഷിക ചെലവില്‍ നേരിയ വര്‍ധനവിന് കാരണമാവാം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

കാര്‍ ഉപയോഗം കുറഞ്ഞവര്‍ക്ക് അനുയോജ്യം
ഇപ്പോള്‍ നിരവധി പേര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്. ചിലര്‍ വാരാന്ത്യങ്ങളില്‍ മാത്രം കാര്‍ ഉപയോഗിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ 1 വര്‍ഷത്തെ ഇന്‍ഷുറന്‍സ് എടുക്കുന്നത് അനാവശ്യ ചെലവായി തോന്നാം. മാസാന്തര ഇന്‍ഷുറന്‍സ് ഇത്തരം ഉപയോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമാണ്. പഴയതോ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളോ ഉള്ളവര്‍ക്ക് ഉയര്‍ന്ന വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം നല്‍കാന്‍ പലപ്പോഴും താല്‍പര്യമില്ല. മാസാന്തര ഇന്‍ഷുറന്‍സ് വഴി നിയമപരമായ സുരക്ഷയും അടിസ്ഥാന പരിരക്ഷയും നിലനിര്‍ത്താന്‍ കഴിയും.
കൂടുതല്‍ സൗകര്യവും സ്വാതന്ത്ര്യവും
വാര്‍ഷിക പോളിസികള്‍ സാധാരണയായി ഒരു വര്‍ഷത്തേക്ക് ലോക്ക് ചെയ്തതായിരിക്കും. എന്നാല്‍ മാസാന്തര ഇന്‍ഷുറന്‍സില്‍ ആവശ്യമെങ്കില്‍ പോളിസി മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാന്‍ കഴിയും. കാര്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വാഹനം മാറ്റിവാങ്ങാന്‍ ആലോചിക്കുന്നവര്‍ക്കും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കുമെല്ലാം ഇത് വലിയ നേട്ടമാണ്. മോഡേണ്‍ ലൈഫ്സ്റ്റൈലിന്റെ ഭാഗമായി പലര്‍ക്കും ഒന്നിലേറെ വാഹനങ്ങള്‍ ഉണ്ടായിരിക്കാം.
ഈ സാഹചര്യത്തില്‍ കുറഞ്ഞ ഉപയോഗമുള്ള വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് ഇത്തരത്തില്‍ സൗകര്യപ്രദമായി അടയ്ക്കാം എന്നത് കാരണം പുതുതലമുറ ഇത്തരം സ്‌കീമുകളില്‍ ആകൃഷ്ടരാകുന്നു. വരുംകാലത്ത് കൂടുതല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ മോഡല്‍ അവതരിപ്പിക്കുമെന്നത് ഉറപ്പാണ്. ഇന്‍ഷൂറന്‍സ് മാസാമാസം അടയ്ക്കുന്ന രീതിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലൂടെ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








