ഡസ്റ്റർ തീപിടിക്കുന്നതിൻ്റെ പിന്നിലെ സത്യാവസ്ഥ ഇതൊക്കെയായിരുന്നോ? ഈ അബദ്ധം നിങ്ങളും കാണിച്ചിട്ടുണ്ടാവാം
വാഹനപ്രേമികളുടേയും റെനോ ഡസ്റ്റർ ഉടമകളുടേയും ഇപ്പോഴത്തെ ആശങ്കയാണ് ഹൈറേഞ്ച് യാത്രയ്ക്കിടെ തീപിടിക്കുന്ന ഡസ്റ്ററിനെ കുറിച്ച്. ഫെയ്സ്‌ബുക്കിലുളള വണ്ടിപ്രാന്തൻമാരും മെക്കാനിക്കുകളുടെ വിദഗ്ധ അഭിപ്രായം വാഹനത്തിൻ്റെ എഞ്ചിൻ ബേയിലുളള ഷീൽഡ് താഴേക്ക് അയഞ്ഞ് എഞ്ചിനിൽ നിന്ന് പോകുന്ന എക്സ്ഹോസ്റ്റ് പൈപ്പിലേക്ക് വീഴുകയും ചൂടുപിടിച്ച് തീപിടിക്കുന്നു എന്നാണ് അഭിപ്രായം. എന്നാൽ ശരിക്കും എന്താണ് സത്യാവസ്ഥ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഒരു വാഹനം തീപിടിച്ചാൽ അതിൻ്റെ ഓതറൈസഡ് സർവീസ് സെൻ്ററിൽ അറിയിക്കുക എന്നതാണ് ചെയ്യേണ്ടത്. എന്നാൽ അതിശയമെന്ന് പറയട്ടെ ഈ കത്തിയെന്ന് അവകാശപ്പെടുന്നഒരു വാഹനങ്ങളും സർവീസ് സെൻ്ററിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്.
ശരിക്കും വാഹനത്തിൻ്റെ ഇൻസുലേഷൻ മൂലമാണോ വാഹനത്തിന് തീപിടിക്കുന്നത്. റെനോ ഷോറൂമിലെ സർവീസ് ഹെഡ്ഡുമായി സംസാരിച്ചതിൽ നിന്ന് വ്യക്തമായ ഒരു കാര്യമാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇൻസുലേഷൻ അയഞ്ഞ് എക്സ്ഹോസ്റ്റ് പൈപ്പിൽ മുട്ടി ചൂടായി വാഹനത്തിന് തീപിടിക്കാനുളള രു സാഹചര്യവുമില്ല എന്നാണ് അദ്ദേഹം ഉറപ്പിച്ചു പറയുന്നത്. കാരണം ഡസ്റ്ററിൻ്റെ മാത്രമല്ല റെനോ ഷോറൂമിൽ വരുന്ന ഏതൊരു വാഹനവും മികച്ച രീതിയിൽ തന്നെ പരിശോധിക്കുകയും എന്തെങ്കിലും കുറവ് കണ്ടാൽ അപ്പോൾ തന്നെ പരിഹരിക്കാറുമുണ്ട്.

ഇനി കാരണം എന്താണെന്ന് ചോദിച്ചാൽ പുതിയ വാഹനം വാങ്ങിയതിന് ശേഷം പലരും ചെയ്യുന്ന കാര്യമാണ് ആഫ്റ്റർ മാർക്കറ്റിൽ കാണുന്ന പല ആക്സസറികളും വാഹനത്തിൽ വാങ്ങി പിടിപ്പിക്കുന്നത്. അതിന് വേണ്ടി ചെല്ലുന്നതോ ഏതെങ്കിലും ലോക്കൽ വർക്ഷോപ്പിൽ. ഇതേ സാധനം തന്നെ നിങ്ങൾക്ക് ഷോറൂമിൽ ചെന്നാൽ കിട്ടും, പക്ഷേ വില കൂടുതലാണെന്ന കാരണം പറഞ്ഞ് ഓൺലൈൻ വഴി വാങ്ങി വർക്ഷോപ്പിൽ പോയി പിടിപ്പിക്കും. ലോക്കൽ വർക്ഷോപ്പിലെ ജീവനക്കാരെ അടച്ചാക്ഷേപിക്കുകയാണെന്ന് കരുതരുതേ.
ഷോറൂമിൽ 500 രൂപ പറയുന്ന വർക്ക് 1000 രൂപയ്ക്ക് പുറത്തുളള വർക്ഷോപ്പിൽ ചെയ്തു തരുമായിരിക്കും. എന്നാൽ ചില വർക്ഷോപ്പുകളിൽ അശ്രദ്ധമായി ചെയ്യുന്ന വയറിങ്ങ് മൂലം നിങ്ങൾ ലാഭിച്ച പണത്തേക്കാൾ കൂടുതൽ ചിലവാക്കേണ്ടി വരും.അത്തരത്തിൽ നിങ്ങളുടെ വാഹനത്തിൽ ചെറിയ തരത്തിൽ പോലുമുളള മോഡിഫിക്കേഷനോ വയറിങ്ങ് സംബന്ധമായ എന്തെങ്കിലും പണികൾ നിങ്ങൾ സർവീസ് സെൻ്ററിൽ തന്നെ ചെയ്യാൻ ശ്രമിക്കുക.

ഇങ്ങനെ കമ്പനി ഫിറ്റഡ് അല്ലാത്തെ ഇലക്ട്രിക് ആക്സസറികൾ നിങ്ങളുടെ വാഹനത്തിൻ്റെ വയറിങ്ങിനെ ബാധിക്കും.വളരെ ശ്രദ്ധയോടേയും ഗുണമേൻമയുമുളള വയറിങ്ങാണ് ചെയ്തിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഹൈറഞ്ചിലൂടെ പോകുമ്പോൾ വാഹനം കുടുതൽ ചൂടാകുകയും ഗുണമേൻമയില്ലാത്ത വയറിങ്ങുകൾ ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് തന്നെ പെട്ടെന്ന് ചൂടായി ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നു.
ഇൻസുലേഷൻ മൂലമാണ് വാഹനത്തിന് തീപിടിക്കുന്നത് എന്ന് പറയുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിക്കാൻ ബുദ്ധിമുട്ടുളളത് എന്താണെന്ന് വച്ചാൽ 9 വർഷമായി ഞാൻ റെനോ ഡസ്റ്റർ ഉടമാണ്. മാസത്തിൽ പലതവണ ഹൈറേഞ്ച് പോകാറുമുണ്ട്. വാഹനം അമിതമായി ചൂടാകുകയോ, പുക വരുന്ന സാഹചര്യമോ ഇതു വരെ വന്നിട്ടില്ല. ഇൻസുലേഷന് ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചതായി കാണുന്നുമില്ല. അത് കൊണ്ട് ഫെയ്‌സ്ബുക്കിലൂടെ പറയുന്നത് കേട്ട് വാഹനത്തിനെ കുറ്റം പറയാതെ ഡസ്റ്റർ ഉടമകളോട് ഇതേ പറ്റി ചോദിക്കുന്നത് നല്ലതാണ്.

അത് കൊണ്ട് ഡസ്റ്റർ എന്നല്ല, നിങ്ങൾ ഏതൊരു വാഹനം വാങ്ങിയാലും അതിൽ കമ്പനി നിഷ്കർശിക്കുന്ന തരത്തിലുളള മോഡിഫിക്കേഷൻ മാത്രം നടത്താൻ ശ്രമിക്കുക. അത് പോലെ തന്നെ സർവീസുകൾ പരമാവധി ഷോറൂമിൽ തന്നെ നടത്തുന്നതായിരിക്കും വാഹനത്തിന് നല്ലത്. നാളെ എന്തെങ്കിലും ഒരു കേടുപാടുകളോ പ്രശ്നങ്ങളോ നേരിട്ടാൽ നിങ്ങൾ സർവീസ് സെൻ്ററുകൾ എല്ലാ രീതിയിലും സഹായിക്കും. ആയിരവും രണ്ടായിരവും രൂപയുടെ ലാഭം നോക്കി നിങ്ങളുടെ ജീവൻ അപകടത്തിലാക്കാതിരിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








