റെനോ ട്രൈബറിന് ടർബോ പെട്രോൾ എഞ്ചിൻ നൽകാത്തതെന്ത്; നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ
നാട്ടിൽ ഒരു സംഭവമുണ്ടായാൽ അതിൻ്റെ ഗുണവും ദോഷവും അത് പോലെ തന്നെ വിദഗ്ദ അഭിപ്രായം അറിയണമെങ്കിൽ ഒരു നാടൻ ചായക്കടയിൽ കയറിയാൽ മതി, പ്രാദേശികം മുതൽ അന്താരാഷ്ട്ര കാര്യങ്ങൾ അവിടെ ചർച്ചയാകും. അത് പോലെ തന്നെയാണ് ഒരു വാഹനം അവതരിപ്പിച്ചതിന് ശേഷം ഏറ്റവും കൂടുതൽ അതിനെ പറ്റി സംസാരിക്കുന്നത് ചെറുപ്പക്കാരായിരിക്കും. അളിയാ റെനോ ട്രൈബർ പുതിയ ലുക്ക് കൊളളാമല്ലേ. 7 സീറ്ററാണെങ്കിലും ഒരു ടർബോ പെട്രോൾ എഞ്ചിൻ കൂടെ കൊടുത്തിരുന്നുവെങ്കിൽ സാധനം അടിപൊളിയായിരുന്നു എന്നൊരു സംസാരം ഒരു കൂട്ടം ചെറുപ്പക്കാർക്കിടയിൽ ഉണ്ടാകുന്നു.
എന്നാലും എന്തായിരിക്കും റെനോ തങ്ങളുടെ മുഖം മിനുക്കിയ ഫെയ്സ്‌ലിഫ്റ്റിന് ടർബോ പെട്രോൾ എഞ്ചിൻ നൽകാതിരുന്നത് എന്നതാണ് നിങ്ങളുമായി പങ്ക് വയ്ക്കാൻ പോകുന്നത്. റെനോ ട്രൈബറിൻ്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ സെഗ്മെൻ്റിലെ മറ്റ് മോഡലുകളുമായി നോക്കുമ്പോൾ മികച്ച ക്യാബിൻ സ്പേസ് നൽകിയിട്ടുണ്ട്. 1 ലിറ്റർ എഞ്ചിൻ വളരെ മാന്യമായി തന്നെ എഞ്ചിൻ ബേയിൽ അടുക്കി വച്ചിട്ടുണ്ട്. എന്നാൽ ടർബോ പെട്രോൾ നൽകണമെങ്കിൽ എഞ്ചിൻ ബേ വീണ്ടു പൊളിച്ച് പണിയേണ്ടി വരും.

എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ക്യാബിൻ സ്പേസിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരുമെന്നതാണ് പ്രശ്നം. കമ്പനി അതിന് തയ്യാറല്ല, മാത്രമല്ല എഞ്ചിൻ ബേ റീഡിസൈൻ ചെയ്യുക എന്നാൽ വാഹനത്തിൻ്റെ വിലയെ ബാധിക്കും. അത് ചിലപ്പോൾ വിൽപ്പനയെ തന്നെ ബാധിക്കാനും സാധ്യത കാണും. കൈഗറിന് പോലും 1 ലിറ്റർ ടർബോ പെട്രോൾ നൽകുന്ന കമ്പനി എന്തുകൊണ്ടാണ് ട്രൈബറിൻ്റെ ഫെയ്‌സ്‌ലിഫ്റ്റിന് നൽകാഞ്ഞത് എന്ന് മനസിലായികാണുമല്ലോ അല്ലേ.
പുത്തൻ ട്രൈബറിലേക്ക് വന്നാൽ ഒതെന്റിക്, എവലൂഷൻ, ടെക്നോ, ഇമോഷൻ എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന റെനോ ട്രൈബറിന് 6.29 ലക്ഷം മുതൽ 8.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇതിൽ ഒതെന്റിക് എന്ന ബേസ് മോഡലിൽ ആണെങ്കിലും മാന്യമായി തന്നെ ഫീച്ചറുകളും സൌകര്യങ്ങളുമെല്ലാം എല്ലാം കമ്പനി നൽകുന്നുണ്ട് എന്നതാണ് ഹൈലൈറ്റ്.

പൂർണമായും പൊളിച്ചെഴുതിയിട്ടുണ്ട് എംപിവിയുടെ മുൻവശം. റീപ്രൊഫൈൽ ചെയ്ത ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, കട്ടിയുള്ള ഡയഗണൽ സ്ലാറ്റുകളുള്ള മെലിഞ്ഞ ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ എന്നിവ വണ്ടിക്ക് ഇപ്പോൾ ഗംഭീര ലുക്കാണ് സമ്മാനിക്കുന്നത്. ബമ്പറിലേക്ക് അപ്‌ഡേറ്റുകൾ കൂടുതൽ വ്യാപിപ്പിച്ചിട്ടുമുണ്ട്. ഇവിടെ വലിയ എയർ ഇൻടേക്കും റീസ്റ്റൈൽ ചെയ്‌ത ഫോഗ് ലാമ്പുകളും ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ പ്രീമിയം ഫീലാണ് ട്രൈബറിന് കൈവരിക്കാനായിരിക്കുന്നത്.
പിന്നിൽ സ്മോക്ക്ഡ് എഫക്റ്റിലുള്ള എൽഇഡി ടെയിൽലൈറ്റുകളാണ് ട്രൈബർ ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ വേറെ പരിഷ്ക്കാരങ്ങളൊന്നും കാണാനില്ല. ആംബർ ടെറാക്കോട്ട, ഷാഡോ ഗ്രേ, സാൻസ്കാർ ബ്ലൂ എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളിലും റെനോയുടെ 7-സീറ്റർ എംപിവി സ്വന്തമാക്കാനാവും. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിലും കാര്യമായ പുരോഗമനങ്ങൾ കാണാനുണ്ടെന്നതും സന്തോഷം തരുന്ന കാര്യമാണ്.

മെക്കാനിക്കലായി ട്രൈബറിന് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല കേട്ടോ. അതേ 1.0 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് എംപിവിക്ക് തുടിപ്പേകാൻ എത്തുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 71 bhp പവറിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. പെട്രോൾ കൂടാതെ സർക്കാർ അംഗീകൃത റിട്രോഫിറ്റ് സിഎൻജി കിറ്റുകളും പുതിയ മോഡലിനൊപ്പം ലഭ്യമാകും. നിങ്ങൾ അടുത്തുളള ഷോറൂമിൽ പോയി വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ ശ്രമിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications