ഒരേ കാർ, വ്യത്യസ്ത ക്രാഷ് ടെസ്റ്റ് സ്കോർ! കൺഫ്യൂഷനടിക്കണ്ട, കാരണം ഇതാണ്
ഒരേ മോഡൽ കാർ വിവിധ NCAP ക്രാഷ് ടെസ്റ്റുകളിൽ വ്യത്യസ്ത സ്റ്റാർ റേറ്റിംഗുകൾ നേടുന്നത് പല ഉപഭോക്താക്കളെയും ആശയക്കുഴപ്പത്തിലാക്കുന്ന ഒരു വിഷയമാണ്. ജപ്പാൻ NCAP, ഗ്ലോബൽ NCAP, ആസിയാൻ NCAP, ANCAP എന്നിവയിൽ ഒരേ വാഹനം പരീക്ഷിച്ചിട്ടും ഫലങ്ങൾ മാറുന്നതിന് പിന്നിൽ വ്യക്തമായ സാങ്കേതികപരമായ ചില മാനദണ്ഡങ്ങളാണ് കാരണം. ഉദാഹരണത്തിന് ഗ്ലോബൽ NCAP-ൽ 4 സ്റ്റാർ നേടിയ മാരുതി സുസുക്കി ഫ്രോങ്ക്സിന് ഓസ്ട്രലേഷ്യൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിൽ 1 സ്റ്റാറാണ് ലഭിച്ചത്. ഏത് ക്രാഷ് ടെസ്റ്റിൽ വിശ്വസിക്കണം എന്ന് സ്വാഭാവികമായിട്ടും സംശയം തോന്നിയേക്കാം
ഓരോ NCAP ഏജൻസിക്കും സ്വന്തം ടെസ്റ്റ് പ്രോട്ടോക്കോളുകളാണ് ഉള്ളത് എന്ന് ആദ്യം തന്നെ മനസിലാക്കണം. ഫ്രണ്ടൽ ക്രാഷ് ടെസ്റ്റ്, സൈഡ് ഇംപാക്റ്റ് രീതികൾ, പോൾ ടെസ്റ്റ് എന്നിവ ഓരോ ഏജൻസിയിലും വ്യത്യസ്തമാണ്. ഈ ചെറിയ വ്യത്യാസങ്ങൾ പോലും ബോഡി ഷെൽ പ്രകടനത്തെയും യാത്രക്കാരുടെ പരിക്ക് പറ്റാനുളള സാധ്യതയെയും സ്വാധീനിച്ച് സ്കോറിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.

സുരക്ഷാ ഫീച്ചറുകൾക്ക് നൽകുന്ന ടെസ്റ്റുകൾ NCAP-കളിൽ മാറ്റമുണ്ട്. ചില ഏജൻസികൾ അടിസ്ഥാന ഘടനാ സുരക്ഷയ്ക്ക് മുൻഗണന നൽകുമ്പോൾ, മറ്റുചിലർ ആക്ടീവ് സേഫ്റ്റി സിസ്റ്റങ്ങൾക്കാണ് കൂടുതൽ പോയിന്റുകൾ നൽകുന്നത്. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ അസിസ്റ്റ് പോലുള്ള സിസ്റ്റങ്ങൾ ചില NCAP-കളിൽ നിർണായകമായ ഫീച്ചറുകളാണ്.
ഒരേ കാറിന്റെ വിവിധ രാജ്യങ്ങളിലേക്കുള്ള പതിപ്പുകളിൽ സാങ്കേതിക വ്യത്യാസങ്ങൾ ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. എയർബാഗുകളുടെ എണ്ണം, സീറ്റ്‌ബെൽറ്റ് പ്രീടെൻഷണർ, ISOFIX മൗണ്ടുകൾ തുടങ്ങിയവ വിപണി അനുസരിച്ച് പല കാറുകളിലും മാറാറുണ്ട്. ഇതാണ് ഒരു NCAP-ൽ മികച്ച റേറ്റിംഗ് നേടിയ കാർ മറ്റൊരു NCAP-ൽ പിന്നിലാകാനുള്ള പ്രധാന കാരണം.

പിൻസീറ്റ് യാത്രക്കാരുടെയും കുട്ടികളുടെയും സുരക്ഷ വിലയിരുത്തുന്ന രീതിയും ഓരോ NCAP-ലും വ്യത്യസ്തമാണ്. ചില ഏജൻസികൾ പിൻസീറ്റ് സീറ്റ്‌ബെൽറ്റ് പ്രകടനത്തിൽ ചെറിയ പിഴവ് പോലും വലിയ സ്കോർ നഷ്ടമായി കണക്കാക്കുന്നു. അതിനാൽ മുൻസീറ്റ് സുരക്ഷ മികച്ചതായാലും മൊത്തം റേറ്റിംഗ് കുറയാം. മാരുതി സുസുക്കി ഫ്രോങ്ക്സിന് ക്രാഷ് ടെസ്റ്റിൽ പിൻ സീറ്റിലെ സീറ്റ് ബെൽറ്റിലാണ് സ്കോർ കുറഞ്ഞത്.
NCAP മാനദണ്ഡങ്ങൾ കാലക്രമേണ കൂടുതൽ കർശനമാകുന്നതും സ്കോർ വ്യത്യാസങ്ങൾക്ക് കാരണമാകുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് മികച്ച റേറ്റിംഗ് നേടിയ ഒരു കാർ, പുതിയ അപ്ഡേറ്റഡ് പ്രോട്ടോക്കോളിൽ ടെസ്റ്റുചെയ്താൽ കുറഞ്ഞ സ്കോർ നേടാനേ സാധ്യതയുളളു. അതിനാൽ പഴയ റേറ്റിംഗുകളും പുതിയ റേറ്റിംഗുകളും നേരിട്ട് താരതമ്യം ചെയ്യാൻ കഴിയില്ല.

വ്യത്യസ്ത NCAP സ്കോറുകളിൽ നിന്ന് കാറിന് സുരക്ഷ കുറവാണ് എന്നല്ല മനസിലാക്കേണ്ടത്. മറിച്ച്, ടെസ്റ്റിംഗ് രീതി, മാനദണ്ഡങ്ങൾ, വിപണി സ്പെസിഫിക്കേഷൻ, സാങ്കേതിക ഭാരമേൽപ്പ് എന്നിവയിലെ വ്യത്യാസങ്ങളാണ് ഇതിന് കാരണമെന്ന് ഓർക്കുക. ഉപഭോക്താക്കൾ ഒരു NCAP സ്കോർ മാത്രം ആശ്രയിക്കാതെ സമഗ്ര സുരക്ഷാ വിവരങ്ങൾ പരിശോധിക്കുന്നതാണ് നല്ലത്. ഇന്ത്യൻ സ്പെക്കിൽ നൽക്കാത്ത പല ഫീച്ചറുകളും വിദേശ മോഡലിൽ കാണുമെന്ന് സാരം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








