പരസ്യം തകർത്ത ടാറ്റയുടെ വണ്ടി; NANO-യ്ക്ക് സംഭവിച്ചതെന്താണ്
സാധാരണക്കാരനൊരു വണ്ടി, അതാണ് രത്തൻ ടാറ്റ സ്വപ്നം കണ്ട വാഹനം. അദ്ദേഹം അത് വിപണിയിൽ എത്തിച്ചു നാനോ എന്ന പേരിൽ. ടാറ്റ നാനോ ഒരു സാധാരണ കാർ ലോഞ്ച് അല്ലായിരുന്നു. ഇന്ത്യയിലെ കോടിക്കണക്കിന് കുടുംബങ്ങൾക്ക് ഫോർ വീലറിൻ്റെ സുരക്ഷ നൽകാനുള്ള ഒരു വിപ്ലവ ആശയം തന്നെയായിരുന്നു അത്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ എന്ന വിശേഷണത്തോടെ അവതരിപ്പിച്ച നാനോ, വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചെങ്കിലും, കാലക്രമേണ ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ പരാജയങ്ങളിലൊന്നായി മാറി. എന്തായിരിക്കും നാനോയെ പിന്നോട്ടടിച്ച കാരണങ്ങൾ. ഒന്ന് വിശകലനം ചെയ്തു നോക്കിയാലോ.
നാനോയുടെ ഏറ്റവും വലിയ പിഴവായി പറയാൻ സാധിക്കുന്നത് "ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ" എന്ന ബ്രാൻഡിംഗായിരുന്നു. ഇന്ത്യയിൽ കാർ ഒരു ഗതാഗതമാധ്യമം മാത്രമല്ല, ഒരു സ്റ്റാറ്റസ് സിംമ്പൽ കൂടിയാണെന്ന് അറിയാമല്ലോ. കുറഞ്ഞ വിലയെന്ന അടയാളം നാനോയെ "പാവപ്പെട്ടവരുടെ കാർ" എന്ന ഇമേജിലേക്കാണ് നയിച്ചത്. ചീപ്പസ്റ്റ് കാർ എന്നാൽ ക്വാളിറ്റി കുറഞ്ഞത് എന്ന അർത്ഥമാണ് ജനങ്ങളിലേക്ക് എത്തിയത്.

സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും നാനോയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. തുടക്കകാലത്ത് ചില നാനോ കാറുകൾക്ക് തീപിടിച്ച സംഭവങ്ങൾ മാധ്യമങ്ങളിൽ വലിയ വാർത്തയായിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ചിരുന്നുവെങ്കിലും, പൊതുജനങ്ങളുടേയും ഉപഭോക്താക്കളുടേയും മനസ്സിൽ ഒരിക്കൽ രൂപപ്പെട്ട ആ ഭയം മാറ്റാൻ ടാറ്റ മോട്ടോഴ്സിന് കഴിഞ്ഞില്ല എന്നതാണ് സത്യം.
തുടക്കത്തിൽ പുറത്തിറക്കിയ വേരിയന്റുകളിലെ ഫീച്ചർ കുറവ് വലിയ തിരിച്ചടിയായിരുന്നു. പവർ സ്റ്റിയറിംഗ്, പവർ വിൻഡോസ്, മ്യൂസിക് സിസ്റ്റം, എയർബാഗ്, ABS എന്നിവ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈ ഫീച്ചറുകളെല്ലാം തന്നെ ലഭിക്കുന്ന മറ്റ് ബ്രാൻഡുകൾ സ്വന്തമാക്കണമെങ്കിൽ കുറച്ച് അധികം പണം ചെലവഴിച്ചാൽ മതിയായിരുന്നു എന്ന് വരുമ്പോൾ ആരും നാനോയിലേക്ക് പോകില്ലല്ലോ.

അത് പോലെ തന്നെയാണ് വാഹനത്തിൻ്റെ വില വലിയ വിപ്ലവം സൃഷ്ടിക്കാൻ പോന്നതായിരുന്നു. എന്നാൽ 1 ലക്ഷം രൂപ എന്നത് ബേസ് വേരിയൻ്റിൻ്റെ വില മാത്രമായിരുന്നു. ഫീച്ചറുകൾ കൂടിയ മോഡലുകൾ സ്വന്തമാക്കാൻ കൂടുതൽ പണം ചിലവഴിക്കണമായിരുന്നു. അതോടെ വിലകുറവ് എന്നതിന് പ്രാധാന്യം നഷ്ടമായി എന്ന് തന്നെ പറയാം.
എതിരാളികളിലേക്ക് നോക്കിയാൽ മാരുതി സുസുക്കി ആൾട്ടോ, വാഗൺആർ പോലുള്ള കാറുകൾ നാനോയ്ക്ക് കടുത്ത മത്സരവും സമ്മർദ്ദവുമാണ് നൽകിയത്. വിശ്വാസ്യത, മികച്ച റീസെയിൽ വാല്യു, വൻ സർവീസ് നെറ്റ്‌വർക്ക് എന്നിവ മാരുതിയെ മുൻതൂക്കം നേടാൻ സഹായിച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ ഒരു ആദ്യ കാർ വാങ്ങുന്നവർ പരീക്ഷണത്തിന് തയ്യാറാകാത്തത് ടാറ്റയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി.

അതോടൊപ്പം തന്നെ സിംഗൂർ ഫാക്ടറി വിവാദവും നാനോയെ പ്രതികൂലമായി ബാധിച്ചു. ഉത്പാദനം താമസിക്കുകയും, ഫാക്ടറി മാറ്റിസ്ഥാപിക്കേണ്ടിവരികയും ചെയ്തു. ലോഞ്ച് സമയത്തെ ബ്രാൻഡിൻ്റെ ആവേശം നഷ്ടപ്പെട്ടതോടെ, വിപണിയിലെ ഓളവും നിലച്ച മട്ടായിരുന്നു. വാഹനത്തെ മാർക്കറ്റ് ചെയ്ത രീതിയിലാണ് ഏറ്റവും വലിയ പിഴവ് വന്നത്. ചീപ്പസ്റ്റ് എന്നതിന് പകരം താങ്ങാനാവുന്നത് എന്നായിരുന്നു എങ്കിൽ അൽപ്പം കൂടി വിൽപ്പന നേടാമായിരുന്നു എന്നാണ് തോന്നുന്നത്.
ടാറ്റ മോട്ടോർസിന് നാനോ ഒരു വലിയ പാഠമാണ്. നല്ല ഉദ്ദേശവും എഞ്ചിനീയറിംഗും മാത്രം മതിയാകില്ല ഉപഭോക്താക്കളുടെ മനശ്ശാസ്ത്രവും താൽപ്പര്യവും കൂടി മനസ്സിലാക്കണം. വിൽപ്പനയിൽ പരാജയമായെങ്കിലും, ലോക ഓട്ടോമൊബൈൽ ചരിത്രത്തിലെ ഏറ്റവും ധൈര്യമുള്ള പരീക്ഷണങ്ങളിൽ ഒന്നായി നാനോ ഇന്നും നിലനിൽക്കുന്നു എന്നതാണ് പ്രത്യേകത.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








