കുടുംബങ്ങൾക്ക് പറ്റിയ എംപിവി ഇവൻ തന്നെ! ഹൈക്രോസിൻ്റെ ഡിമാൻ്റിന് കാരണമിതൊക്കെ
കുടുംബങ്ങൾക്ക് പറ്റിയ വാഹനം എപ്പോഴും എംപിവി സെഗ്മെൻ് തന്നെയാണ്. 5 പേരിൽ കൂടുതലുണ്ടെങ്കിൽ ഒരു 7 സീറ്റർ കുടുംബത്തിൽ ആവശ്യമാണ്. ടൊയോട്ടയുടെ എംപിവി സെഗ്മെന്റിൽ ഏറ്റവും പുതിയ താരമാണ് ഇന്നോവ ഹൈക്രോസ്. കുടുംബങ്ങൾക്കും ദീർഘയാത്രകൾക്കും ഒരുപോലെ അനുയോജ്യമായ ഈ മോഡൽ, കംഫർട്ട്, ഫീച്ചറുകൾ, ഹൈബ്രിഡ് സാങ്കേതികവിദ്യ എന്നിവ കൊണ്ടെല്ലാം വിപണിയിൽ മുന്നിൽ തന്നെയാണുളളത്. കൊടുക്കുന്ന കാശിന് അനുസരിച്ച് കിട്ടുന്ന ആഡംബരവും വിശ്വാസ്യതയും കാരണം ഹൈക്രോസ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഡിമാൻ്റുളള എംപിവികളുടെ ലിസ്റ്റിൽ മുന്നിൽ തന്നെയാണുളളത്.
7,8 സീറ്റർ ഓപ്ഷനുകളിൽ ലഭിക്കുന്ന ഹൈക്രോസിന്റെ ക്യാബിൽ വളരെ വിശാലവും പ്രായോഗികവുമാണ്. രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകളും മൂന്നാം നിരയിലെ കൂടുതൽ ലെഗ്റൂമും കുടുംബയാത്രകൾക്കും ദീർഘയാത്രകൾക്കും ഏറ്റവും അനുയോജ്യമാക്കുന്ന ഒന്നാണ് എന്നതാണ് ഡിമാൻ്റ് വർധിക്കാനുളള പ്രധാന കാരണം. കേരളത്തിലെ റോഡ് സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഇതൊരു മികച്ച ഓപ്ഷൻ തന്നെയാണ്.

ഡിസൈനും യാത്രാസുഖമുളള ഹൈക്രോസ് പഴയ ഇന്നോവ ക്രിസ്റ്റയിലേതുപോലെ ലാഡർ-ഫ്രെയിം അല്ല പകരം മോനോകോക് ഷാസിയാണ്. ഇതുവഴി കാറിന് നല്ല സ്റ്റെബിലിറ്റിയും സ്മൂത്ത് ഹാൻഡ്ലിംഗും ലഭിക്കുന്നു. ദീർഘയാത്രകളിലും ഹൈവേ ഡ്രൈവുകളിലും ഇത് വളരെ വ്യക്തമായി തന്നെ അനുഭവപ്പെടും. ഹൈക്രോസിന്റെ ഏറ്റവും വലിയ ഹൈലൈറ്റാണ് ഹൈബ്രിഡ് എൻജിൻ ഓപ്ഷൻ. പെട്രോൾ എൻജിനിനൊപ്പം ഇലക്ട്രിക് മോട്ടോറും പ്രവർത്തിക്കുന്നതിനാൽ, മൈലേജ് ശരാശരി 23 കി.മി.വരെ നേടാൻ കഴിയും.
ഇത് പഴയ ഡീസൽ മോഡലുകളേക്കാൾ ഇന്ധനചെലവിൽ വൻ ലാഭം നൽകുമെന്നതാണ് പ്രത്യേകത. കേരളത്തിലെ നഗര-റൂട്ടുകളിൽ ഹൈബ്രിഡ് ഡ്രൈവിംഗ് ഏറെ പ്രയോജനപ്രദമാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ഫ്ലോട്ടിംഗ് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ, 360° ക്യാമറ തുടങ്ങിയ ആധുനിക ഫീച്ചറുകൾ ഹൈക്രോസിനെ ഒരു പ്രീമിയം എംപിവിയായി മാറ്റുന്നുണ്ട്.

ഇന്ത്യൻ വിപണിയിൽ ഇന്നോവ എന്നത് ഒരു വിശ്വാസ്യതയുടെ പ്രതീകമാണെന്ന് പറയാം. കുറഞ്ഞ മെയിന്റനൻസ് ചെലവ്, റിലയബിളിറ്റി, മികച്ച സർവീസ് നെറ്റ്‌വർക്ക് എന്നിവ കാരണം കൊണ്ട് തന്നെ ടൊയോട്ട വാഹനങ്ങൾക്ക് എപ്പോഴും ഉയർന്ന റീസെയിൽ മൂല്യമാണ്. കേരളത്തിലെ ടൊയോട്ട ഡീലർഷിപ്പുകൾ മികച്ച സർവീസ് നൽകുന്നുണ്ടെന്നതും ഉപഭോക്താക്കളെ വാങ്ങാൻ ഉത്സാഹിപ്പിക്കുന്ന കാരണമാണ്.
ഇപ്പോൾ ജിഎസ്ടിയുടെ ഇളവ് കൂടി വന്നതോടെ വാഹനത്തിന് നല്ല രീതിയിൽ വില കുറഞ്ഞിട്ടുണ്ട്. ടൊയോട്ട ഇന്നോവ ഹൈക്രോസിന് ജിഎസ്ടി കുറച്ചതോടെ പരമാവധി 1.15 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കുന്നു. ഇത് എംപിവിയുടെ പെട്രോള്‍, ഹൈബ്രിഡ് വേരിയന്റുകള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുന്നു.

ഇന്നോവ ഹൈക്രോസിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 172 bhp പവറും 204 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. നേരത്തെ 19.09 ലക്ഷം രൂപ വിലയുണ്ടായിരുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് G 7 സീറ്ററിന് ഇപ്പോള്‍ 18.06 ലക്ഷം രൂപയാണ് വില.
G 8 സീറ്ററിന് 19.14 ലക്ഷം രൂപയില്‍ നിന്ന് 18.11 ലക്ഷം രൂപയായി കുറഞ്ഞു. ഈ രണ്ട് വേരിയന്റുകള്‍ക്കും 1.03 ലക്ഷം രൂപയാണ് കുറഞ്ഞിരിക്കുന്നത്. നേരത്തെ 19.94 ലക്ഷം രൂപയുണ്ടായിരുന്ന GX 7 സീറ്ററിന് 18.86 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട് എന്ന് പ്രത്യേകം ശ്രദ്ധിക്കുക
ഹൈക്രോസിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് താരതമ്യേന ചെറിയ വിലക്കുറവാണ് ലഭിച്ചിരിക്കുന്നത്. ഹൈബ്രിഡ് മോഡലുകള്‍ 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ അറ്റ്കിന്‍സണ്‍-സൈക്കിള്‍ പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് അസിസ്റ്റന്‍സും സംയോജിപ്പിച്ച് 183 bhp പവറും 191 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വരുന്നത്. ഹൈക്രോസിന്റെ ഹൈബ്രിഡ് വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ് ലിറ്ററിന് 23.24 കിലോമീറ്ററാണ്.


Click it and Unblock the Notifications








