താമസമെന്തേ വരുവാൻ! നിസാൻ ഇവി വൈകാൻ കാരണം ഇതൊക്കെ
രാജ്യത്ത് ഇപ്പോൾ എല്ലാ വാഹന നിർമാതാക്കളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുകയാണ്. എന്നാൽ ഇപ്പോഴും ഒരു മോഡൽ മാത്രം വിൽപ്പനയ്ക്ക് വച്ചു കൊണ്ട് നിസാൻ കാണിക്കുന്ന ധൈര്യം മറ്റ് വാഹന നിർമാതാക്കൾ അത്ഭുതത്തോടെ ആയിരിക്കും നോക്കി കാണുന്നത്. നിസാൻ എന്നാണ് തങ്ങളുടെ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുക എന്നതാണ് എല്ലാവരുടേയും സംശയം. എന്തുകൊണ്ടായിരിക്കും വൈകുന്നത്. ഇവിയിലേക്ക് തിരിയുന്നതിന് മുന്നോടിയായി കമ്പനി ഹൈബ്രിഡിലേക്ക് ആയിരിക്കും തിരിയുക എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, ബാറ്ററി ചെലവ്, ഉപഭോക്തൃ സ്വീകാര്യത തുടങ്ങിയവ എല്ലാമാണ് കമ്പനി വെല്ലുവിളികളായി കാണുന്നത്.
ഇവി വാഹനങ്ങളിലേക്ക് തങ്ങൾ താമിയാതെ ചുവടുവയ്ക്കുമെന്ന് തലപ്പത്ത് ഇരിക്കുന്നവർ പലകുറി പറഞ്ഞിട്ടുളളതാണ്. പക്ഷേ വ്യക്തമായി പഠനങ്ങൾ നടത്താതെ ജാപ്പനീസ് കമ്പനി ഒരു പരിപാടിക്ക് ഇറങ്ങി തിരിക്കില്ലെന്ന് എല്ലാവർക്കും അറിയാം. ലേറ്റ് ആയാലും ലേറ്റസ്റ്റായിട്ടായിരിക്കും നിസാൻ തങ്ങളുടെ ഇവി രാജ്യത്ത് അവതരിപ്പിക്കുക എന്നത് ഉറപ്പുളള കാര്യമാണ്.

നിസാന തങ്ങളുടെ എസ്‌യുവിയായി X-ട്രെയിലിനെ അവതരിപ്പിച്ചതിൽ ചെറിയൊരു പാളിച്ച എന്നത് അതിന്റെ വില തന്നെയായിരുന്നു. ഒറ്റ വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന ഫുള്‍സൈസ് എസയുവിയുടെ വില 49.92 ലക്ഷം രൂപയാണ്. എക്സ്ഷോറൂം വില മാത്രമാണിത്. നികുതിയും മറ്റ് ചെലവുകളും കൂടി ചേരുന്നതോടെ വില അരക്കോടി കടക്കും. നിസാന്‍ X-ട്രെയിലിന്റെ നാലാം തലമുറ മോഡല്‍ അടിസ്ഥാനപരമായി കമ്പനിയുടെ CMF-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 2021 മുതല്‍ ആഗോള വിപണിയില്‍ ലഭ്യമാണ്.
വിദേശ വിപണിയില്‍ നിസാന്‍ X-ട്രെയില്‍ എസ്‌യുവി 5-സീറ്റര്‍, 7-സീറ്റര്‍ സീറ്റിംഗ് ലേഔട്ടുകളോടെയാണ് വരുന്നത്. എന്നാല്‍ മൂന്ന് നിര പതിപ്പ് അതായത് 7 സീറ്റര്‍ വേരിയന്റ് മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വാഹനം ഡയമണ്ട് ബ്ലാക്ക്, പേള്‍ വൈറ്റ്, ഷാംപെയ്ന്‍ സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്.

12V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് X-ട്രെയിലിന് തുടിപ്പേകുന്നത്. വേരിയബിള്‍ കംപ്രഷനും ടര്‍ബോചാര്‍ജറും ഉള്‍ക്കൊള്ളുന്ന ഈ എഞ്ചിന്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു. 160 bhp പവറും 300 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.
ഇന്ധനം ലാഭിക്കാനുള്ള ഓട്ടോ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം പോലുള്ള സാങ്കേതികവിദ്യകള്‍ക്കൊപ്പം ഇക്കോ, സ്റ്റാന്‍ഡേര്‍ഡ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും നിസാന്‍ X-ട്രെയില്‍ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ചില എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി നിസാന്‍ X-ട്രെയില്‍ ഒരു ഫ്രണ്ട്-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ മാത്രമാണ് ലഭ്യമാകുക.

ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഡ്യുവല്‍-പേന്‍ പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍, സ്പീഡ് ലിമിറ്റര്‍, സ്പീഡ് ലിമിറ്റര്‍, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിങ്ങനെ നവീനമായ ഫീച്ചറുകളുടെ ഒരു നിര തന്നെ X-ട്രെയില്‍ എസ്യുവിയില്‍ കാണാം.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, കീലെസ് എന്‍ട്രി, വിവിധ ഡ്രൈവിംഗ് മോഡുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, കൂടാതെ നിരവധി അധിക സൗകര്യങ്ങള്‍ എന്നിവ ഈ എസ്‌യുവിയില്‍ ഉണ്ട്. ഫോര്‍ച്യൂണറിനെ കൂടാതെ എംജി ഗ്ലോസ്റ്റര്‍, സ്‌കോഡ കൊഡിയാക്ക് എന്നിവയുമായിട്ടാണ് നിസാന്‍ X-ട്രെയില്‍ മത്സരിക്കുന്നത്.
അതിനേക്കാൾ വിൽപ്പനയുളള മോഡലാണ് നിസാൻ മാഗ്നൈറ്റ്. മുഖം മിനുക്കി അവതരിപ്പിച്ചതോടെ എല്ലാവർക്കും പ്രിയപ്പെട്ട മോഡലായി മാറാൻ അധികം സമയം വേണ്ടിവന്നില്ല. 5.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് മുഖംമിനുക്കിയ എസ്‌യുവി വിപണനത്തിന് എത്തിയത്. ടോപ്പ് എൻഡിന് 11.50 ലക്ഷമാണ് വില വരിക. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ആറ് വേരിയൻ്റുകളിലായി രണ്ട് എഞ്ചിൻ ഓപ്ഷനുകളും മൂന്ന് ട്രാൻസ്മിഷൻ ചോയ്‌സുകളുമായാണ് നിസാന്റെ കുഞ്ഞൻ എസ്‌യുവി കളംനിറയാൻ എത്തിയിരിക്കുന്നത്.
ഫോഗ് ലാമ്പുകളോട് കൂടിയ കൂടുതൽ പൊമിനന്റായ ഫോക്സ് സ്കിഡ് പ്ലേറ്റുകളും മനോഹരമായിട്ടുണ്ട്. എന്നാൽ എൽഇഡി ഹെഡ്‌ലൈറ്റുകളും ഡിആർഎല്ലുകളും പുതിയ സിഗ്നേച്ചർ ശൈലി സ്വീകരിച്ചിട്ടുമുണ്ടെന്നാണ് നിസാൻ അവകാശപ്പെടുന്നത്. വശങ്ങളിലേക്ക് നീങ്ങിയാലും കാര്യമായ നവീകരണങ്ങളൊന്നും കാണാനില്ല. പുതിയ ഡിസൈനിലൊരുക്കിയ 16 ഇഞ്ച് അലോയ് വീലുകളിൽ മാറ്റങ്ങൾ ഒതുക്കിയിരിക്കുകയാണ്.
പിന്നിൽ ടെയിൽ ലാമ്പുകളുടെ ആകൃതി ഒന്നാണെങ്കിലും ലൈറ്റിംഗിൽ പുതുമയുണ്ട്. ഇതിന് പുതിയ സൺറൈസ് കൂപ്പർ കളർ ഷേഡും ലഭിക്കുന്നു. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ഡാഷ്‌ബോർഡ്, ഡോർ പാഡുകൾ, സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയ്‌ക്കായി പഴയ മാഗ്‌നൈറ്റിൻ്റെ ഓൾ-ബ്ലാക്ക് തീമിന് പകരം ഡ്യുവൽ-ടോൺ കോപ്പർ, ബ്ലാക്ക് ലേഔട്ടാണ് ഇത്തവണ നിസാൻ സമ്മാനിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് വീലിലെ ബ്ലാക്ക് ആൻഡ് സിൽവർ ഫിനിഷ് ഇപ്പോൾ പൂർണമായും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.
പുതുക്കിയ ഗ്രാഫിക്‌സ്, പുതിയ ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, പുതിയ ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, റിമോട്ട് സ്റ്റാർട്ടോടുകൂടിയ പുതിയ കീ ഫോബ്, അപ്‌ഡേറ്റ് ചെയ്‌ത 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും മാഗ്നൈറ്റിന് ലഭിക്കുന്നുണ്ട്. ഇലക്ട്രിക് സൺറൂഫ് ഫീച്ചർ ഇത്തവണയും മാഗ്നൈറ്റിലേക്ക് എത്തിയിട്ടില്ല. ആറ് എയർബാഗുകൾ, ഇഎസ്‌സി, ത്രീ-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നീ സേഫ്റ്റി ഫീച്ചറുകളും മാഗ്നൈറ്റിൽ സ്റ്റാൻഡേർഡായി കിട്ടും.
ഡോർ പാഡുകളിൽ പുതിയ ടെക്സ്ചർഡ് പാനലുകൾ, ഡ്യുവൽ-ടോൺ ലെതർട്ടെ അപ്ഹോൾസ്റ്ററി, ഡാഷ്ബോർഡിലും ഡോർ പാഡുകളിലും പുതിയ 4-കളർ ആംബിയൻ്റ് ലൈറ്റിംഗ് എന്നിവയും കമ്പനി കൊടുത്തിട്ടുണ്ട്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, റിയർ എസി വെൻ്റുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ തുടങ്ങിയ കിടിലൻ ഫീച്ചറുകളെല്ലാം മുമ്പോട്ട് കൊണ്ടുപോവാനും നിസാൻ തയാറായിട്ടുണ്ട്.
എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ നിലവിലുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ തന്നെയാണ് മാഗ്‌നൈറ്റ് തുടർന്നും നൽകുന്നത്. ഇതിലെ ആദ്യത്തെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp കരുത്തിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം മാഗ്നൈറ്റിന്റെ ടർബോ പതിപ്പ് 99 bhp പവറിൽ 152 Nm torque വരെയാണ് നൽകുന്നത്.
5-സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് എഎംടി ലഭിക്കുമ്പോൾ ടർബോ-പെട്രോളിലാണ് സിവിടി ഓപ്ഷൻ തെരഞ്ഞെടുക്കാനാവുന്നത്. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ മാനുവലിൽ 20 കിലോമീറ്ററും സിവിടി ടർബോ വേരിയൻ്റുകൾക്ക് 17.4 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് നിസാൻ അവകാശപ്പെടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








