റേഞ്ച് മാത്രമല്ല, പ്രോയില്‍ ഇതെല്ലാം കിട്ടുമെന്നോ! സാധാരണ വിന്‍ഡ്സറും പ്രോയും തമ്മിലുള്ള വ്യത്യാസങ്ങള്‍
ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് വിപണിയില്‍ ഇപ്പോള്‍ ടാറ്റ മോട്ടോര്‍സിന്റെ മൃഗീയാധിപത്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ ആറ് മാസത്തിലേറെ കാലമായി എംജി മോട്ടോര്‍സിന്റെ വിന്‍ഡ്സര്‍ ഇവിയെന്ന ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനമാണ് (സിയുവി) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍. ടാറ്റ നെക്സോണ്‍ ഇവി, പഞ്ച് ഇവി എന്നീ ജനപ്രിയ മോഡലുകളെ പിന്തള്ളിയാണ് വിന്‍ഡ്സറിന്റെ ജൈത്രയാത്ര. ഇതിനോടകം തന്നെ ജനപ്രിയമായ മോഡലിന് കഴിഞ്ഞ ദിവസം എംജി പുത്തന്‍ വേരിയന്റ് സമ്മാനിച്ചിരുന്നു. വലിയ ബാറ്ററി പായ്ക്കുമായി വരുന്ന വിന്‍ഡ്സര്‍ പ്രോ അവതരിപ്പിച്ചാണ് എംജി ടാറ്റയുമായുള്ള മത്സരം വീണ്ടും കടുപ്പിച്ചത്.
മൊത്തത്തില്‍ കിടിലന്‍ വാഹനമാണെങ്കിലും വിന്‍ഡ്സറിന്റെ റേഞ്ചിനെ കുറിച്ച് ഉപഭോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഈ പോരായ് മായ്ക്കാനായി വലിയ ബാറ്ററി പായ്ക്കുമായി വരുന്ന വിന്‍ഡ്സര്‍ പ്രോയ്ക്ക് സ്വാഭാവികമായും കൂടുതല്‍ റേഞ്ച് ഉണ്ടാകും. ഇതല്ലാതെ വില, പെര്‍ഫോമന്‍സ്, ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവയുടെ കാര്യത്തില്‍ വിന്‍ഡ്സര്‍ പ്രോ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

സ്റ്റാന്‍ഡേര്‍ഡ് വിന്‍ഡ്സര്‍ ഇവിയുടെ പ്രീമിയം ബദല്‍ ആയതിനാല്‍ തന്നെ വിന്‍ഡ്സര്‍ പ്രോയ്ക്ക് അല്‍പ്പം വില കുടും. നിലവില്‍ സിയുവിയുടെ ടോപ് സ്പെക് വേരിയന്റ് ആണ് വിന്‍ഡ്സര്‍ പ്രോ. ടോപ് സ്പെക് എസെന്‍സ് ട്രിമ്മില്‍ വരുന്ന വിന്‍ഡ്സര്‍ പ്രോയ്ക്ക് എംജി 17.50 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ബേസ് എക്സൈറ്റ് വേരിയന്റിന് 13.99 ലക്ഷം രൂപയാണ് വില.
മിഡ്-റേഞ്ച് എക്സ്‌ക്ലൂസീവ് 15.04 ലക്ഷം രൂപയ്ക്കും ടോപ് എന്‍ഡ് എസെന്‍സ് 16.14 ലക്ഷം രൂപയ്ക്കുമാണ് റീട്ടെയില്‍ ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഇവിയുടെ എസെന്‍സ് ട്രിമ്മിനേക്കാള്‍ 1.5 ലക്ഷം രൂപ കൂടുതലാണ് വിന്‍ഡ്സര്‍ പ്രോയ്ക്ക്. ഇത് ആമുഖ വില മാത്രമാണെന്നും ആദ്യത്തെ 8000 ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ വിലയില്‍ ലഭിക്കൂവെന്നും എംജി അറിയിച്ചിട്ടുണ്ട്. മെയ് എട്ടാം തീയതി മുതല്‍ ഇവിയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
വിന്‍ഡ്സര്‍ ഇവി വാങ്ങാന്‍ ഇന്ത്യക്കാര്‍ ഇരച്ചെത്താനുള്ള ഒരു കാരണം എംജിയുടെ നൂതനമായ ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) പ്രോഗ്രാമാണ്. ഇവി വാങ്ങുമ്പോള്‍ ഉള്ള പ്രാരംഭ ചെലവ് കുറയ്ക്കാനായി ബാറ്ററിക്ക് വാടക നല്‍കുന്ന പരിപാടിയാണ് ഇത്. ബാസ് സര്‍വീസ് വിന്‍ഡസര്‍ പ്രോയിലും എംജി വാഗ്ദാനം ചെയ്യുന്നു.
ബാസിന് കീഴില്‍ വിന്‍ഡ്‌സര്‍ പ്രോ 12.50 ലക്ഷം രൂപയ്ക്ക് വാങ്ങാം. ബാറ്ററി വാടക നിരക്ക് കിലോമീറ്ററിന് 4.5 രൂപയാണ്. ബാസ് പ്രേഗ്രാമിന് കീഴില്‍ സ്റ്റാന്‍ഡേര്‍ഡ് വിന്‍ഡ്സര്‍ വാങ്ങുമ്പോള്‍ വില ഇതിലും കുറയുന്നു. കിലോമീറ്ററിന് 3.5 എന്ന കുറഞ്ഞ ബാറ്ററി വാടക നിരക്കില്‍ സ്റ്റാന്‍ഡേര്‍ഡ് വിന്‍ഡ്സര്‍ 9.99 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം.

വില കഴിഞ്ഞാല്‍ പിന്നെ ഇരുമോഡലുകളും തമ്മില്‍ പ്രധാന വ്യത്യാസം വരുന്നത് ബാറ്ററി ശേഷിയിലാണ്. വിന്‍ഡ്സര്‍ പ്രോയില്‍ കമ്പനി 52.9 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. വിന്‍ഡ്‌സര്‍ പ്രോ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 449 കിലോമീറ്റര്‍ ദുരം സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മറുവശത്ത്, സ്റ്റാന്‍ഡേര്‍ഡ് വിന്‍ഡ്‌സര്‍ ഇവിക്ക് 38 kWh ബാറ്ററിയാണ് ലഭിക്കുന്നത്.
ഫുള്‍ ചാര്‍ജില്‍ 331 കിലോമീറ്ററാണ് ഇതിന്റെ ക്ലെയിംഡ് റേഞ്ച്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ റേഞ്ച് ഇത്ര പ്രതീക്ഷിക്കരുത്. ബാറ്ററി വലുപ്പത്തില്‍ മാറ്റമുണ്ടെങ്കിലും രണ്ട് വേരിയന്റുകള്‍ക്കും ഒരേ ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്. 134 bhp പവറും 200 Nm ടോര്‍ക്കും നല്‍കുന്ന ഈ മോട്ടോര്‍ ശക്തമായ പ്രകടനം ഉറപ്പാക്കുന്നു.
ചാര്‍ജിംഗിന്റെ കാര്യത്തിലേക്ക് വന്നാല്‍ വിന്‍ഡ്‌സര്‍ പ്രോയുടെ വലിയ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കുറച്ച് സമയം മാത്രമേ എടുക്കൂ. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് സാധാരണ വിന്‍ഡ്‌സര്‍ ഇവിയുടെ ബാറ്ററി 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 55 മിനിറ്റ് സമയമെടുക്കും. അതേസമയം വലിയ ബാറ്ററി പായ്ക്കുള്ള വിന്‍ഡ്സര്‍ പ്രോയില്‍ ചാര്‍ജ് നിറയ്ക്കാന്‍ 50 മിനിറ്റ് മാത്രം മതി.
ഡിസൈനിന്റെ കാര്യത്തില്‍ വിന്‍ഡ്സര്‍ പ്രോ പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകളാല്‍ വേറിട്ടുനില്‍ക്കുന്നു. പ്രോയില്‍ വാഗ്ദാനം ചെയ്യുന്ന എക്‌സ്‌ക്ലൂസീവ് ഡിസൈന്‍ ഘടകങ്ങള്‍ ഇല്ലെങ്കിലും സാധാരണ വിന്‍ഡ്‌സര്‍ ഇവിയില്‍ 18 ഇഞ്ച് ഡയമണ്ട്-കട്ട് വീലുകളും ഉണ്ട്. വീലുകള്‍ കൂടാതെ എംജി വിന്‍ഡ്സര്‍ പ്രോയില്‍ മൂന്ന് പുത്തന്‍ നിറങ്ങളും ചേര്‍ത്തിട്ടുണ്ട്.
സെലാഡണ്‍ ബ്ലൂ, ഗ്ലേസ് റെഡ്, അറോറ സില്‍വര്‍ എന്നീ മൂന്ന് എക്സ്‌ക്ലൂസീവ് നിറങ്ങളില്‍ ഇത് വാങ്ങാം. കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളും ഫ്ലഷ് ഡോര്‍ ഹാന്‍ഡിലുകളും ഇല്യുമിനേറ്റഡ് ബ്രാന്‍ഡ് ലോഗോയുമടക്കം മറ്റ് സ്റ്റൈലിംഗ് ഘടകങ്ങള്‍ സാധാരണ മോഡലിന് സമാനമാണ്. കാറുകളുടെ ക്യാബിന്‍ പരിശോധിച്ചാല്‍ പുതിയ ഡ്യുവല്‍ ടോണ്‍ ബ്ലാക്ക് ആന്‍ഡ് ഐവറി ഇന്റീരിയന്‍ വിന്‍ഡ്സര്‍ പ്രോയ്ക്ക് ഒരു പ്രീമിയം ഫീല്‍ സമ്മാനിക്കുന്നു.
ഇതില്‍ മള്‍ട്ടിപ്പിള്‍ ഫോക്സ് വുഡ് ട്രിമ്മും കോപ്പര്‍ ടച്ചും ലഭിക്കുന്നു. ലെവല്‍ 2 ADAS, വെഹിക്കിള്‍-ടു-ലോഡ് (V2L), വെഹിക്കിള്‍-ടു-വെഹിക്കിള്‍ (V2V) ചാര്‍ജിംഗ് ശേഷികള്‍, പവര്‍-അഡ്ജസ്റ്റ്ബിള്‍ ടെയില്‍ഗേറ്റ് എന്നിവ ഈ കാറിന്റെ സവിശേഷതകളാണ്. 6 വേ പവര്‍-അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ് പോലുള്ള നൂതന സവിശേഷതകളും വിന്‍ഡ്സര്‍ പ്രോയില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഫീച്ചറുകളുടെ കാര്യത്തില്‍ സാധാരണ വിന്‍ഡ്സര്‍ ഇവിയും ഒട്ടും മോശമല്ല. 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, റിയര്‍ എസി വെന്റുകള്‍, പനോരമിക് സണ്‍റൂഫ്, ഡ്രൈവര്‍ക്ക് 6-വേ പവര്‍ അഡ്ജസ്റ്റബിള്‍ പവര്‍ഡ് സീറ്റ്, 4-വേ പവര്‍ അഡ്ജസ്റ്റബിള്‍ പാസഞ്ചര്‍ സീറ്റ് എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. എന്നാല്‍ ADAS, V2L, V2V ഫീച്ചറുകള്‍ സാധാരണ വിന്‍ഡ്സര്‍ ഇവിക്ക് നഷ്ടമാകുന്നു.
ബൂട്ട് സ്പെയ്സിന്റെ കാര്യത്തില്‍ സാധാരണ മോഡലിന് പ്രോയേക്കാള്‍ നേരിയ മുന്‍തൂക്കമുണ്ട്. സാധാരണ വിന്‍ഡ്‌സറിന് 604 ലിറ്റര്‍ ബൂട്ട് സ്പെയ്സ് ലഭിക്കുമ്പോള്‍ വലിയ ബാറ്ററി പായ്ക്ക് ഉള്‍ക്കൊള്ളിച്ചതിന്റെ ഫലമായി പ്രോ വേരിയന്റിന്റെ ബൂട്ട് ശേഷി 579 ലിറ്ററായി കുറഞ്ഞു. ഈ ഒരു കാരണം വെച്ച് ആരും വിന്‍ഡ്സര്‍ പ്രോ വാങ്ങാതിരിക്കുമെന്ന് കരുതുന്നില്ല.
വിന്‍ഡ്‌സര്‍ പ്രോയുടെ ലോഞ്ചോടെ എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ഇലക്ട്രിക് വാഹന നിര മെച്ചപ്പെടുത്തുക മാത്രമല്ല ക്രെറ്റ ഇലക്ട്രിക്, ടാറ്റ കര്‍വ് ഇലക്ട്രിക് തുടങ്ങിയ എതിരാളികളുമായുള്ള മത്സരം ശക്തമാക്കുകയും ചെയ്തു. കൂടുതല്‍ റേഞ്ചിനൊപ്പം പ്രീമിയം സവിശേഷതകളും ലഭിക്കുന്ന പുത്തന്‍ വേരിയന്റ് വില്‍പ്പന കൂട്ടുമെന്ന് തന്നെയാണ് എംജി പ്രതീക്ഷിക്കുന്നത്. ഇതുവരെ മറ്റാരും പയറ്റിയിട്ടില്ലാത്ത ബാസ് പ്രോഗ്രാം വിന്‍ഡ്സര്‍ പ്രോയെയും വിജയമാക്കുമെന്ന് നമുക്ക് കരുതാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








