7 പേര്‍ക്ക് കയറാം! 26 കി.മീ മൈലേജുള്ള ഈ മാരുതി കാര്‍ തന്നെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്
2024 കലണ്ടര്‍ വര്‍ഷത്തെ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ പലരും ഞെട്ടിയിരുന്നു. 40 വര്‍ഷത്തെ മാരുതി സുസുക്കിയുടെ ആധിപത്യം അവസാനിപ്പിച്ച് ഒരു ടാറ്റ കാര്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലായി മാറി. ടോപ് 10 കാറുകളുടെ പട്ടികയില്‍ എസ്യുവികളുടെ ആധിപത്യമാണ്. 2024-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളില്‍ അഞ്ചെണ്ണം എസ്‌യുവികളാണ്. മൂന്ന് ഹാച്ച്ബാക്കുകളും ഒരു എംപിവിയും ഒരു സെഡാനും ടോപ് 10 പട്ടികയില്‍ ഇടം നേടി. ഇതില്‍ ഇന്ത്യയില്‍ പോയ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 7 സീറ്റര്‍ കാര്‍ ഏതാണെന്ന് നമുക്ക് നോക്കാം.
കോവിഡിന് ശേഷം ഇന്ത്യയില്‍ ഫാമിലി കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. കുടുംബവുമൊത്ത് ഒന്നിച്ച് യാത്ര പോകാന്‍ കൂടുതല്‍ സീറ്റുകളും സൗകര്യങ്ങളുമുള്ള കാറുകളിലേക്കായി കുടുംബങ്ങളുടെ ശ്രദ്ധ. ഒരു 7 സീറ്റര്‍ കാര്‍ പരിഗണിക്കുന്ന വ്യക്തിക്ക് എസ്‌യുവി, എംപിവി എന്നിവയില്‍ ഓപ്ഷനുകള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 7 സീറ്റര്‍ കാര്‍ മാരുതി സുസുക്കി എര്‍ട്ടിഗയാണ്. ടോപ് 10 കാറുകളുടെ പട്ടിയില്‍ മൂന്നാം സ്ഥാനവും ഈ എംപിവി സ്വന്തമാക്കി.

2024ലെ വില്‍പ്പന കണക്കുകള്‍ പ്രകാരം 2,02,031 കാറുകളുടെ വില്‍പ്പനയുമായി ടാറ്റ പഞ്ച് മുന്നിലെത്തി. 1,90,855 യൂണിറ്റ് വില്‍പ്പനയുമായി മാരുതി സുസുക്കി വാഗണ്‍ആര്‍ തൊട്ടുപിന്നിലെത്തി. 1,90,091 കാറുകളുടെ വില്‍പ്പനയുമായാണ് എര്‍ട്ടിഗ മൂന്നാം സ്ഥാനത്തെത്തിയത്. 7 സീറ്റര്‍ വാഹനങ്ങളുടെ പട്ടികയില്‍ 1,66,364 കാറുകളുടെ വില്‍പ്പനയുമായി മഹീന്ദ്ര സ്‌കോര്‍പിയോ ആണ് എര്‍ട്ടിഗയുടെ പിന്നിലുള്ളത്. ഇവ തമ്മില്‍ 23,727 യൂണിറ്റുകളുടെ അന്തരമുണ്ട്.
കഴിഞ്ഞ വര്‍ഷം എര്‍ട്ടിഗക്ക് വളരെ മികച്ച വര്‍ഷമായിരുന്നു. കാരണം ഒന്നിലേറെ മാസങ്ങളില്‍ മൊത്തം വില്‍പ്പന ചാര്‍ട്ടിലും ഒന്നാം സ്ഥാനം അലങ്കരിക്കാന്‍ ബജറ്റ് എംപിവിക്ക് സാധിച്ചിരുന്നു. മാരുതി സുസുക്കി എര്‍ട്ടിഗയെ കുറിച്ച് പറയുമ്പോള്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. 103PS പവറും 137Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാം.

പെട്രോള്‍ പതിപ്പ് ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു, എര്‍ട്ടിഗ സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനിലും ലഭ്യമാണ്. പക്ഷേ സിഎന്‍ജി മോഡില്‍ പവര്‍ 87 bhp ആയും ടോര്‍ക്ക് 121.5 Nm ആയും കുറയുന്നു. പവര്‍ ഔട്ട്പുട്ട് കുറവാണെങ്കിലും എര്‍ട്ടിഗ സിഎന്‍ജി മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ വരെയാണ് എര്‍ട്ടിഗ സിഎന്‍ജിയുടെ മൈലേജ്.
സുസുക്കിയുടെ സ്മാര്‍ട്ട്‌പ്ലേ പ്രോ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതിലുണ്ട്. ഇത് വോയ്‌സ് കമന്റും കണക്റ്റഡ് കാര്‍ ഫീച്ചറുകളും പിന്തുണയ്ക്കുന്നു. വെഹിക്കിള്‍ മോണിറ്ററിംഗ്, ടൗ-എവേ അലര്‍ട്ട്, ജിയോ ഫെന്‍സിംഗ്, ഓവര്‍-സ്പീഡ് അലേര്‍ട്ട്, റിമോട്ട് ഫംഗ്ഷനുകള്‍ എന്നിവ എര്‍ട്ടിഗയിലെ കണക്റ്റഡ് കാര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഡ്രൈവര്‍മാര്‍ക്ക് സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്തുന്നതിനായി 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്.

പാഡില്‍ ഷിഫ്റ്ററുകള്‍, ഓട്ടോ ഹെഡ്‌ലൈറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും എര്‍ട്ടിഗയില്‍ ലഭ്യമാണ്. 8.69 ലക്ഷം രൂപ മുതലാണ് എര്‍ട്ടിഗയുടെ വില തുടങ്ങുന്നത്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 13.03 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകളാണിത്. മാരുതിയുടെ തന്നെ XL6, കിയ കാരെന്‍സ്, മഹീന്ദ്ര മറാസോ, ടൊയോട്ട റൂമിയോണ്‍, റെനോ ട്രൈബര്‍ എന്നീ എംപിവികളോടാണ് എര്‍ട്ടിഗ മത്സരിക്കുന്നത്. 7 സീറ്റര്‍ എസ്‌യുവികളായ മഹീന്ദ്ര സ്‌കോര്‍പിയോ, ബൊലേറോ എന്നിവയുമായും ഏറ്റുമുട്ടുന്നു.


Click it and Unblock the Notifications








