മഹീന്ദ്ര XEV 9s vs XEV 9e; ഏത് ഇലക്ട്രിക് എസ്‌യുവിയിലാണ് നിങ്ങൾ മയങ്ങി വീഴുന്നത്
സ്കോർപിയോ, ബൊലേറോ, XUV 500 തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം മഹീന്ദ്ര ഇന്ന് എത്തിനിൽക്കുന്നത് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ XEV 9s-ലാണ്. ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡിൻ്റെ ഈ ഉയർച്ച മറ്റ് പ്രമുഖ കമ്പനികൾക്ക് ഒരു വലിയ വെല്ലുവിളിയായി ഉയരുന്ന അവസ്ഥയാണിപ്പോൾ. പുതിയ ലോഞ്ചിനുശേഷം പലരുടേയും മനസ്സിലുണ്ടാകുന്ന ആദ്യത്തെ ചോദ്യം XEV 9sഉം XEV 9eയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണ് എന്നതായിരിക്കും. ഇരുവരേയും ഒരേ INGLO ഇവി പ്ലാറ്റ്ഫോമിൽ നിർമ്മിച്ചതാണെങ്കിലും അവ രണ്ടും വ്യത്യസ്ത ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണ്. എന്നാൽ ആ വ്യത്യാസങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിച്ചാലോ.
സിറ്റി യാത്രകളോട് ഏറ്റും കൂടുതൽ പൊരുത്തപ്പെടുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു മോഡലാണ് XEV 9e. മാത്രവുമല്ല INGLO പ്ലാറ്റ്ഫോമിൽ നിന്നുള്ള ആദ്യത്തെ 5-സീറ്റർ കോംപാക്റ്റ് ഇവി എസ്‌യുവി കൂടിയാണിത്. ആദ്യ നോട്ടത്തിൽ തന്നെ കണ്ണിലുടക്കുന്ന എയറോഡൈനാമിക് ബോഡി രൂപം കാറിന് ഒരു കൂപ്പെ-എസ്‌യുവി ലുക്കാണ് നൽകുന്നു. സൈഡ് പ്രൊഫൈലിലെ റൂഫ്‌ലൈൻ, വിൻഡോകൾ, ഡോർ ഹാൻഡിലുകൾ, ബെൽറ്റ്‌ലൈൻ എന്നിവ 9e-യെ സാധാരണ കാർ ഡിസൈനുകളിൽ നിന്നും കൂടുതൽ ആകർഷകമാക്കുന്നുണ്ട്.

പിൻഭാഗത്തെ ഡിസൈനാണ് ഏറ്റവും ഹൈലൈറ്റായി പറയാനുള്ളത്. കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റും, ബംമ്പറും, ബ്ലാക്ക്-ക്ലാഡിംഗും ഒപ്പം വലിയ അലോയ് വീലുകളും സ്കൾപ്റ്റഡ് വീൽ-ആർച്ചുകളും എല്ലാം ചേർന്ന് ഒരു ഇവിയെ എത്രത്തോളം മനോഹരമാക്കാൻ സാധിക്കുമോ അത്രയും തന്നെ ഭംഗിയാക്കിയിട്ടുണ്ട്. ഇൻ്റീരിയർ കാഴ്ച്ചയിൽ ഡാഷ്ബോർഡിലെ മൂന്ന് വലിയ സ്ക്രീനുകളാണ് ആദ്യം കണ്ണിൽ പെടുന്നത്. ഇത് ഡ്രൈവർ ഡിസ്പ്ലേ, സെൻട്രൽ ടച്ച്‌സ്‌ക്രീൻ, പാസഞ്ചർ സ്ക്രീൻ എന്നീ സവിശേഷതകൾ നൽകുന്നവയാണ്.
മുൻ സീറ്റുകൾ വിശാലവും പിന്നിലെ സീറ്റുകൾ മൂന്നുപേർക്ക് സുഖമായി ഇരിക്കാൻ സാധിക്കുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ക്യാബിനിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളും കളർ കോമ്പിനേഷനുകളും വരെ ആളുകളെ പെട്ടന്ന് ആകർഷിക്കാൻ സഹായിക്കുന്നുണ്ട്. സുരക്ഷയിലും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. കാറിന്റെ ബോഡിയിൽ ശക്തമായ സ്റ്റീൽ ഉപയോഗിച്ചിട്ടുള്ളതിനാൽ അപകട സാഹചര്യങ്ങളിൽ യാത്രക്കാരെ കൂടുതൽ സുരക്ഷിതമായി പരിരക്ഷിക്കാനാകും.

ഏഴ് എയർബാഗുകൾ, ബ്രേക്കിംഗ് സംവിധാനങ്ങൾ, 360 ഡിഗ്രി ക്യാമറ, പാർക്കിംഗ് സെൻസറുകൾ എന്നിവയോടൊപ്പം ചില മോഡലുകളിൽ ലെവൽ 2 ADAS സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി പുത്തൻ മോഡലായ XEV 9s-ലേക്ക് കടന്നാൽ, ഇവിടെയും ഭംഗിക്കും ഫീച്ചറുകൾക്കും കുറവൊന്നും വരുത്തിയിട്ടില്ല കേട്ടോ. രൂപകൽപ്പനയിൽ ഉയർന്ന റൂഫ്‌ലൈനും ശക്തമായ ഫ്രണ്ട് ബംമ്പറും കൂടാതെ ഗ്രില്ലും എൽഇഡി ഹെഡ്‌ലാമ്പുകളുമെല്ലാം XEV 9e-നെ പോലെതന്നെ ആകർഷണം ഉളവാക്കുന്നുണ്ട്.
ഇൻ്റീരിയറിൽ എയർ കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, അമ്ബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ്, USB പോർട്ടുകൾ, കപ്പ്-ഹോൾഡറുകൾ തുടങ്ങിയ സൗകര്യങ്ങൾ യാത്രയെ കൂടുതൽ ആനന്ദകരമാക്കാൻ സാഹായിക്കും. മാത്രവുമല്ല ലഗേജ് സൂക്ഷിക്കാൻ കൂടുതൽ സ്ഥലം ലഭ്യമാക്കിയിട്ടുള്ളതിനാൽ കുടുംബയാത്രകൾക്കും ദീർഘദൂര യാത്രകൾക്കും വളരെയധികം സഹായകമാവും. XEV 9e വാഗ്ഗാനം ചെയ്യുന്ന എല്ലാതരം സുരക്ഷാസംവിധാനങ്ങളും പുതിയ മോഡലും നൽകുന്നുണ്ട്.

ഏഴ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, പാർക്കിംഗ് സെൻസറുകൾ, ബ്ലൈൻഡ്-സ്പോട്ട് അലേർട്ട്, ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ സഹായ സംവിധാനങ്ങൾ എല്ലാം തന്നെ XEV 9s-ൻ്റെയും പ്രധാന സവിശേഷതകളാണ്. ഒപ്പം ലെയിൻ ഡിപ്പാർച്ചർ അലേർട്ട്, ലെയിൻ കീപ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്. പവർട്രെയിൻ ഓപ്ഷനിൽ ഇരുവരും 59 kWh, 79 kWh എന്നീ ബാറ്ററി പായ്ക്കുകളാണ് നൽകുന്നത്.
എന്നാൽ XEV 9S ഒരു പുതിയ 70 kWh മിഡ്-സ്പെക്ക് ബാറ്ററി പായ്ക്ക് കൂടി അവതരിപ്പിച്ചിരിക്കുന്നു. ഇത് 241 bhp പവറും 380 Nm ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നുത്. മാത്രവുമല്ല ചാർജിൽ ഏകദേശം 600 കിലോമീറ്റർ റേഞ്ച് ഉണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഈ ബാറ്ററി പായ്ക്ക് XEV 9s-ന്റെ എല്ലാ ട്രിം മോഡലുകൾക്കും ലഭ്യമാണ്. അതേസമയം XEV 9e 59 kWh, 79 kWh ഓപ്ഷനുകളിൽ മാത്രമേ ലഭ്യമാകുന്നുള്ളു.


Click it and Unblock the Notifications








