കിയയുടെ പുതിയ 7-സീറ്റർ ഹൈബ്രിഡ് എസ്‌യുവി അടുത്ത വർഷം! പരീക്ഷണയോട്ട ചിത്രങ്ങൾ വൈറൽ
ആരംഭം മുതല്‍ തന്നെ ആഗോള നിലവാരമുള്ള ഡിസൈന്‍, പുതുമ നിറഞ്ഞ ടെക്നോളജി, പ്രീമിയം ഇന്റീരിയര്‍ ഗുണനിലവാരം, സേഫ്റ്റി സവിശേഷതകള്‍ എന്നിവകൊണ്ട് ഉപഭോക്താക്കളുടെ മനസ്സില്‍ അതിവേഗം ഇടംപിടിച്ച ഒരു ബ്രാന്‍ഡാണ് കിയ. സെല്‍റ്റോസിലൂടെ സ്‌റ്റൈലിനും പ്രകടനത്തിനും പുതിയ അടയാളം സ്ഥാപിച്ചപ്പോള്‍, സോനെറ്റ് കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റ് പൂര്‍ണമായി മാറ്റിമറിച്ചു. ഉപഭോക്തൃ അഭിരുചിക്ക് അനുസൃതമായ ലോഞ്ചുകളിലൂടെ ഇന്ന് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ഏറ്റവും വേഗത്തില്‍ വളരുന്നതുമായ വാഹന ബ്രാന്‍ഡുകളിലൊന്നുമായി മാറിയിരിക്കുകയാണ് കിയ. ഇന്ത്യയില്‍ ടെസ്റ്റിംഗ് നടത്തുന്നതായി കണ്ടെത്തിയ കിയയുടെ പുതിയ 7-സീറ്റര്‍ ഹൈബ്രിഡ് എസ്‌യുവിയാണ് ഇപ്പോള്‍ വാഹനലോകത്ത് ചര്‍ച്ചാവിഷയമാകുന്നത്.
ഗ്ലോബല്‍ കിയ സോറന്റോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഇന്ത്യന്‍ മാര്‍ക്കറ്റിനായി പ്രത്യേകമായി വികസിപ്പിക്കുന്ന ഈ വലിയ എസ്‌യുവി കിയയുടെ ലൈനപ്പില്‍ ഏറ്റവും പ്രീമിയം 3-വരി മോഡലായി മാറും. അടുത്ത വർഷം നിരത്തുകളിൽ ഇറങ്ങാൻ പോകുന്ന കാറിൽ ഇന്ത്യക്കായി ഒരുപാട് മിനുക്കുപണികളും നടത്തിയിട്ടുണ്ട്. ഏകദേശം 4.7-4.8 മീറ്റര്‍ നീളവും വിശാലമായ വീല്‍ബേസും ലഭിക്കുന്നതിനാല്‍ കുടുംബങ്ങള്‍ക്ക് പറ്റിയ യഥാര്‍ത്ഥ 7-സീറ്റര്‍ അനുഭവം നല്‍കാന്‍ പാകത്തിലുള്ള സ്‌പെയ്‌സ് ഈ മോഡലില്‍ ലഭിക്കുന്നതായിരിക്കും.

മുന്നില്‍ കിയയുടെ പുതുതലമുറ സ്‌റ്റൈലിംഗിലുള്ള ടൈഗര്‍-നോസ് ഗ്രില്ലിനെ കൂടുതല്‍ സ്ലീക്കും വിശാലവുമാക്കിയതോടൊപ്പം, കട്ടിംഗ്-എഡ്ജ് ഹൊറിസോണ്ടല്‍ എല്‍ഇഡി ലൈറ്റ്ബാര്‍, സ്ലീക്ക് പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ് യൂണിറ്റുകള്‍ എന്നിവയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. വശങ്ങളില്‍ നീളമുള്ള വീല്‍ബേസ് നല്‍കുന്ന വലിയ വിന്‍ഡോ ലൈന്‍, ഉയര്‍ന്ന ഷോള്‍ഡര്‍ സ്റ്റാന്‍സ്, തിളങ്ങുന്ന ട്വിന്‍-ടോണ്‍ അലോയ് വീലുകള്‍, ബ്ലാക്ക് ക്ലാഡിംഗ് എന്നിവ ഈ എസ്‌യുവിയെ ഒരു യഥാര്‍ത്ഥ റോഡ്സ്റ്റാര്‍ ആക്കുന്നു.
ഈ മോഡലിന്റെ ഇന്റീരിയര്‍ കിയയുടെ ഗ്ലോബല്‍ ഫ്‌ലാഗ്ഷിപ്പ് നിലപാട് വ്യക്തമാക്കുന്ന തരത്തില്‍ പൂര്‍ണമായും പുതുക്കി പണിതതാണെന്ന് തോന്നിക്കുന്നു. അകത്തളത്തിലേക്ക് കാല്‍വെക്കുന്ന നിമിഷം തന്നെ കിയ കഴിഞ്ഞ വര്‍ഷങ്ങളിലായി വികസിപ്പിച്ചെടുത്ത ആകര്‍ഷകമായ ഡിസൈന്‍ ഫിലോസഫി ഇവിടെ അനുഭവപ്പെടും. വീതി കൂടുതലുള്ള ഡാഷ്‌ബോര്‍ഡ്, മിനിമലിസ്റ്റിക് ലൈനുകള്‍, മെറ്റാലിക് ഫിനിഷ് ചേര്‍ത്ത സോഫ്റ്റ്-ടച്ച് മെറ്റീരിയലുകള്‍ എന്നിവ ചേര്‍ന്ന് ക്യാബിന്‍ അന്തരീക്ഷത്തിന് പ്രീമിയം ശോഭ നല്‍കുന്നു.

മുന്നിലെ വലിയ കണക്റ്റഡ് ഡ്യുവല്‍-സ്‌ക്രീന്‍ ലേഔട്ട് ആണ് ഇന്റീരിയറിന്റെ മുഖ്യ ആകര്‍ഷണം. 12.3 ഇഞ്ച് ക്ലസ്റ്ററും സമാന വലുപ്പമുള്ള ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും ഒരുമിക്കുന്ന ഈ ക്രമീകരണം വാഹനത്തിലെ എല്ലാ വിവരങ്ങളും അതിഗംഭീരമായി പ്രദര്‍ശിപ്പിക്കും. കൂടാതെ ഹൈബ്രിഡ് മോഡലായതിനാല്‍ എനര്‍ജി ഫ്‌ലോ, ബാറ്ററി ഉപയോഗം എന്നീ വിവരങ്ങളും സ്‌പെഷ്യല്‍ ഗ്രാഫിക്സ് ഉപയോഗിച്ച് കാണാന്‍ സാധിക്കും.
ഇന്ത്യയിലെ കടുത്ത മത്സരം നടക്കുന്ന 3-വരി ഫാമിലി കാര്‍ സെഗ്മെന്റിനെ ലക്ഷ്യമിട്ടുള്ള പ്രത്യേക സുരക്ഷാ മെച്ചപ്പെടുത്തലുകളും ചേര്‍ത്തുകൊണ്ടാണ് ഈ മോഡല്‍ ഇറക്കാന്‍ പോകുന്നത്. ഇതില്‍ ഒരു ഫുള്‍-സ്‌കെയില്‍ ADAS സ്യൂട്ട് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ലെയിന്‍ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ ക്രോസ്-ട്രാഫിക് അലര്‍ട്ട് തുടങ്ങിയ ഹൈ-എന്‍ഡ് സേഫ്റ്റി സിസ്റ്റങ്ങള്‍ ഉള്‍പ്പെട്ടേക്കും.

കൂടാതെ 7 എയര്‍ബാഗുകളോടൊപ്പം 360 ഡിഗ്രി ക്യാമറ, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, ഡിബിസി എന്നിവയും എസ്‌യുവിയെ കൂടുതല്‍ സുരക്ഷിതമാക്കും. ബാറ്ററി സംരക്ഷണം, താപനിയന്ത്രണം, ഇലക്ട്രിക്കല്‍ ഷോര്‍ട്ട്-പ്രിവന്റീവ് സിസ്റ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഹൈബ്രിഡ് സുരക്ഷാ മാനദണ്ഡങ്ങളും കാറില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഔദ്യോഗിക വിശദാംശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും കിയ സാധാരണയായി ഹൈബ്രിഡ് വാഹനങ്ങള്‍ക്കായി ഉപയോഗിക്കുന്ന 1.6-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഹൈബ്രിഡ് യൂണിറ്റ് പുതിയ മോഡലില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ശക്തമായ ടര്‍ബോ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 7-സീറ്റര്‍ വാഹനത്തിന് ആവശ്യമായ വേഗവും സ്മൂത്ത് ആക്‌സലറേഷനും നല്‍കും. ആഗോള വിപണിയിലെത്തുന്ന മോഡലില്‍ 1.6 ലിറ്റര്‍ ഹൈബ്രിഡ് യൂണിറ്റ് 180 bhp പവറും 265 Nm ടോര്‍ക്കും നല്‍കുന്നുണ്ട്. അതേസമയം ഇലക്ട്രിക് മോട്ടോര്‍ ചേര്‍ന്നാല്‍ ഇത് 250-265 bhp പവറും 350 Nm ടോര്‍ക്കും കൈവരിക്കുന്നു. പെട്രോള്‍ യൂണിറ്റ് ശരാശരി ലിറ്ററിന് 19 മുതല്‍ 20 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നുണ്ട്.


Click it and Unblock the Notifications








