റെനോ ഡസ്റ്റർ vs നിസ്സാൻ ടെക്‌റ്റൺ; ഒരേ പ്ലാറ്റ്‌ഫോം പങ്കിടുന്ന രണ്ട് വ്യത്യസ്ത എസ്‌യുവികളെക്കുറിച്ച് അറിയാം
രാജ്യത്തെ എസ്‌യുവി സെഗ്മെൻ്റിലേക്ക് വരാൻപോകുന്ന പുതിയ രണ്ട് അതിഥികളെക്കുറിച്ച് ഇതിനോടകം തന്നെ നിങ്ങളറിഞ്ഞിരിക്കുമല്ലോ. റെനോ-നിസ്സാൻ സഖ്യത്തിന് കീഴിലുള്ള CMF-B പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച റെനോ ഡസ്റ്ററും നിസ്സാൻ ടെക്‌റ്റണും അടുത്ത വർഷം ഇന്ത്യൻ വിപണിയിലെത്തും. അതിവേഗം ശക്തി പ്രാപിക്കുന്ന ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിയിലേക്കുള്ള രണ്ട് എസ്‌യുവികളുടെയും കടന്നുവരവ്, ഇരു കമ്പനികളെയും സംമ്പന്ധിച്ച് വലിയ പ്രതീക്ഷ ഉളവാക്കുന്ന ഒന്നാണ്. ഒരേ പ്ലാറ്റ്‌ഫോം പങ്കിടുന്നവരാണെങ്കിലും സ്റ്റൈലിലും പെർഫോമൻസിലും ഇരുവരും രണ്ട് മുഖക്കാരാണ്. ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് അറിയേണ്ടേ. എങ്കിൽ ഈ ലേഖനം തുടർന്ന് വായിച്ചോളൂ.
പുതിയ റെനോ ഡസ്റ്റർ പഴയ മോഡലിനെ അപേക്ഷിച്ച് ഡിസൈനിലും ആധുനിക സാങ്കേതികവിദ്യയിലും നിരവധി അപ്ഡേറ്റുകളുമായാണ് വരുന്നത്. മുൻഭാഗത്തായി ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ സിഗ്നേച്ചർ ഗ്രിൽ, സ്ലീക്ക് ഡിഎർഎൽ ലൈറ്റുകൾ എന്നിവ ഉണ്ട്. പിൻഭാഗത്ത് Y-ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകളും, പുതിയ ബംബർ ഡിസൈനുകളും ഡസ്റ്ററിനെ ഒറ്റ നോട്ടത്തിൽ ഇഷ്ടമാവാൻ സഹായിക്കും.

ഡോർ തുറന്നാൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒപ്പം കൂടുതൽ ഡ്രൈവിംഗ് അനുഭവത്തിനായി ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തിയേക്കും. വേരിയന്റിനെ ആശ്രയിച്ച് ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ് തുടങ്ങിയ അധിക സവിശേഷതകളും റെനോ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ തന്നെ ഡസ്റ്ററിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആഗോളതലത്തിൽ 156 bhp പവറിൽ ഏകദേശം 254 Nm ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ എഞ്ചിൻ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കൊപ്പം ലഭ്യമാകും. ഡ്രൈവിംഗ് സാഹചര്യങ്ങൾ അനുസരിച്ച് ഏകദേശം 15 മുതൽ 17 കിലോമീറ്റർ വരെ മൈലേജ് നൽകാനും ഡസ്റ്ററിന് കഴിഞ്ഞേക്കും.
കൂടാതെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകിയാണ് പുതിയ ഡസ്റ്റർ എത്തുന്നത്. ആറ് എയർബാഗുകൾ, എബിഎസ് ഉള്ള ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, പാർക്കിംഗിനായി 360-ഡിഗ്രി ക്യാമറ സജ്ജീകരണം എന്നിവ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്ടീവ് സുരക്ഷയ്ക്കായി മൾട്ടി-വ്യൂ ക്യാമറകൾ, ഡ്രൈവർ അറ്റൻഷൻ അലേർട്ട്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയുൾപ്പെടെ ലെവൽ-2 ADAS സവിശേഷതകളും ഉൾപ്പെട്ടേക്കാം.
2026 പകുതിയോടെ നിസ്സാൻ ടെക്‌റ്റൺ ഇന്ത്യയിൽ പുറത്തിറങ്ങും. ഒരേ പ്ലാറ്റ്‌ഫോംമിൽ നിർമ്മിച്ചതായതുക്കൊണ്ടുതന്നെ ഡസ്റ്ററിൻ്റെ അതേ സവിശേഷതകൾ നിസ്സാൻ ടെക്‌റ്റണും പങ്കിടുന്നുണ്ട്. വീതിയേറിയ മൾട്ടി-സ്ലാറ്റ് ഗ്രിൽ, സി-ആകൃതിയിലുള്ള എൽഇഡി ഹെഡ്-ലാമ്പുകൾ, മുൻവശത്ത് നീണ്ടുനിൽക്കുന്ന ഡിആർഎൽ ലൈറ്റ്-ബാറുകൾ എന്നിവയാണ് ഡിസൈനിൽ ആദ്യം വരുന്നത്. വശങ്ങളിൽ നിന്ന് നോക്കുമ്പോൾ കട്ടിയുള്ള വീൽ ആർച്ചുകൾ, വലിയ അലോയ് വീലുകൾ, റൂഫ്-റെയിലുകൾ, എന്നിവയുമുണ്ട്.
പുറകിൽ സി-ആകൃതിയിലുള്ള ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന ഒരു ഫുൾ-വിഡ്ത്ത് എൽഇഡി ടെയിൽ-ലാമ്പ് ബാർ, റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, സ്‌കിഡ് പ്ലേറ്റ് സ്റ്റൈൽ ഘടകങ്ങൾ എല്ലാം കൂടിയാകുമ്പോൾ ഡസ്റ്ററിനോളം അഴക് ടെക്‌റ്റണിനും ഉണ്ടാകുന്നു. അകത്ത് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും സംയോജിപ്പിച്ച ഡിജിറ്റൽ ഡിസ്‌പ്ലേ ക്യാബിനിൽ ഉണ്ടായിരിക്കും. കൂടാതെ ഒരു ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ് എന്നിവയും പ്രതീക്ഷിക്കുന്നു.
ഏകദേശം 154 bhp കരുത്തും 250 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ തന്നെ ടെക്‌റ്റണും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. മാത്രവുമല്ല ഏകദേശം 131 bhp, 230 Nm ടോർക്ക് എന്നിവയുള്ള ഒരു മൈൽഡ്-ഹൈബ്രിഡ് വേരിയന്റും ഉണ്ടായേക്കാം. ഇന്ത്യയിലെ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ടെക്‌റ്റണിന് 18-22 കിലോമീറ്റർ/ലിറ്റർ മൈലേജ് നൽകാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
ചുരുക്കത്തിൽ രണ്ട് എസ്‌യുവികളും വ്യത്യസ്ത തലങ്ങളിൽ നിന്നുക്കൊണ്ട് ഒരേ സവിശേഷതകൾ ഒരുപ്പോലെ പങ്കിടുന്നവരാണ്. റെനോ ഡസ്റ്റർ ഇന്ത്യയിൽ മുമ്പേ വിജയിച്ച ഒരു മോഡൽ ആയതിനാൽ വരാനിരിക്കുന്ന ഡസ്റ്ററിലും അതേ വിശ്വാസം അർപ്പിക്കാൻ കഴിയും. വരാൻപ്പോകുന്ന നിസ്സാൻ ടെക്‌റ്റൺ ഡിസൈൻ, കൂടിയ ടെക് ഫീച്ചറുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയും വാഗ്ദാനം ചെയ്യുന്നതിനാൽ ഡസ്റ്ററിനേക്കാൾ ഒരുപിടി മികച്ചു നിൽക്കാനും സാധ്യതയുണ്ട്.


Click it and Unblock the Notifications








