ആടിയുലഞ്ഞ് 2025 സെപ്റ്റംബർ വിൽപ്പന റിപ്പോർട്ടുകൾ! ഫസ്റ്റ് ബെഞ്ചിൽ മിടുക്കൻമ്മാരായി ടാറ്റയും മഹീന്ദ്രയും
ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവി വിഭാഗം. മറ്റുള്ള സെഗ്മെന്റുകളിൽ നിന്ന് വ്യത്യസ്തമായി മിഡ്-സൈസ് എസ്‌യുവികളുടെ ഈ മുന്നേറ്റിന് കാരണം ഉപഭോക്താക്കളുടെ മനസ്സറിയാൻ മഹീന്ദ്ര, ടാറ്റ, ഹ്യുണ്ടായി പോലുള്ള ജനപ്രിയ വാഹന നിർമ്മാതാക്കൾക്ക് കഴിയുന്നു എന്നതുതന്നെയാണ്. 2025 സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവികൾ ശക്തമായ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. മോഡൽ തിരിച്ചുള്ള പോയമാസത്തെ വിൽപ്പന കണക്കുകൾ എങ്ങനെയാണെന്ന് നോക്കിയാലോ?
2025 സെപ്റ്റംബറിലെ മിഡ്-സൈസ് എസ്‌യുവി വിൽപ്പന റിപ്പോർട്ടുകൾ മഹീന്ദ്രയുടെയും ടാറ്റ മോട്ടോർസിന്റെയും ശക്തമായ ആധിപത്യമാണ് കാണാനായത്. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന എസ്‌യുവി മഹീന്ദ്ര സ്കോർപിയോ സീരീസ് ആണ്. കഴിഞ്ഞ മാസം 18,372 യൂണിറ്റുകൾ വിറ്റഴിച്ചുക്കൊണ്ടാണ് മഹീന്ദ്ര തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നത്. 2024 സെപ്റ്റംബറിൽ സ്കോർപിയോയുടെ വിൽപ്പന 14,438 യൂണിറ്റുകളായിരുന്നു. ഈ മുന്നേറ്റം വാർഷികാടിസ്ഥാനത്തിൽ മോഡലിന്റെ 27.25 ശതമാനം വളർച്ചയെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

രണ്ടാം സ്ഥാനം കൈവരിച്ചിരിക്കുന്നത് മഹീന്ദ്രയുടെ സ്വന്തം XUV700 ആണ്. 9,764 യൂണിറ്റുകളാണ് സെപ്റ്റംബറിൽ വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വിറ്റഴിച്ച 9,646 യൂണിറ്റുകളിൽ നിന്ന് നേരിയ വർധനവും 25.16 ശതമാനം വിപണി വിഹിതവും ഇതിലൂടെ മഹീന്ദ്ര കൈവശപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മഹീന്ദ്ര കാറുകളോടുള്ള ആകർഷണവും വിശ്വാസവുമാണ് 2025 സെപ്റ്റംബർ മാസത്തിലെ മാത്രം വിൽപ്പന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മഹീന്ദ്ര കഴിഞ്ഞാൽ തൊട്ടുപുറകിൽ നിൽക്കുന്നത് ജനപ്രിയ ബ്രാൻഡായ ടാറ്റ മോട്ടോർസാണ്. ടാറ്റ ഹാരിയർ ഡീസലും ഇവി വേരിയൻ്റും ഉൾപ്പെടെ മികച്ച വിൽപ്പനയാണ് കഴിഞ്ഞ മാസം മോഡൽ നേടിയെടുത്തത്. 2024 സെപ്റ്റംബറിലെ 1,600 യൂണിറ്റുകളിൽ നിന്ന് വ്യത്യസ്തമായി 4,181 യൂണിറ്റുകളാണ് 2025 സെപ്റ്റംബറിൽ വിറ്റഴിച്ചത്. ഒപ്പം 10.77 ശതമാനം വിപണി വിഹിതവും പിടിച്ചെടുത്തു.
തന്നെ വെല്ലാൻ മറ്റാരും ജനിച്ചിട്ടില്ല എന്ന മട്ടിൽ വീണ്ടും ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. മറ്റൊരു ശക്തമായ പുതുമുഖമായ മഹീന്ദ്ര XEV 9e ആണ് നാലാമതായി നിൽക്കുന്നത്. 2,619 യൂണിറ്റുകൾ വിറ്റഴിച്ചുക്കൊണ്ടാണ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി ശക്തി കാണിച്ചത്. ഇതിലൂടെ 6.75 ശതമാനം വിപണിവിഹിതമാണ് മഹീന്ദ്ര കൈവശപ്പെടുത്തിരിക്കുന്നത്. ഇലക്ട്രിക് മൊബിലിറ്റി ലോകത്ത് മഹീന്ദ്രയുടെ വളർച്ചയാണ് വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നത്.
മികച്ച പെർഫോമൻസും സാങ്കേതികവിദ്യകളും വാഗ്ദാനം ചെയ്യുന്ന ടാറ്റ സഫാരി 2,000 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 1,644 യൂണിറ്റുകളാണ് വിറ്റിരുന്നെങ്കിൽ ഈ വർഷം 21.65 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. ഇതിലൂടെ 5.15 ശതമാനം വിഹിതം നിലനിർത്തുകയും ചെയ്തു. അങ്ങനെയെങ്കിൽ വരും മാസങ്ങളിൽ ടാറ്റ കൈവരിക്കാൻ പോകുന്ന റെക്കോർഡ് നേട്ടങ്ങളെ കണ്ടുതന്നെ വിലയിരുത്തേണ്ടതുണ്ട്.
മഹീന്ദ്രയും ടാറ്റയുമെല്ലാം ഒന്നിനൊന്ന് മെച്ചമായി മൽപ്പിടുത്തം നടത്തിയപ്പോൾ മറുവശത്ത് ഹ്യുണ്ടായി, എംജി മോട്ടോർസ് പോലുള്ള വൻക്കിട വാഹന നിർമ്മാതാക്കൾ വൻ ഇടിവ് രേഖപ്പെടുത്തി. 2024 സെപ്റ്റംബറിൽ 2,712 യൂണിറ്റുകളിൽ നിന്ന് ഈ വർഷം 1,234 യൂണിറ്റുകളായി കുറഞ്ഞുക്കൊണ്ട് ഹ്യുണ്ടായി അൽകാസറിന്റെ വിൽപ്പനയിൽ 54.50 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിൽ വെറും 3.18 ശതമാനം വിഹിതം മാത്രമാണ് ഇവർ നേടിയത്.
ഒപ്പം എംജി ഹെക്ടർ/പ്ലസ് എന്നിവർക്ക് 70.36 ശതമാനം കുത്തനെയുള്ള ഇടിവ് നേരിട്ടു. മുൻ വർഷത്തെ 1,380 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വെറും 409 യൂണിറ്റുകൾ മാത്രമാണ് ഈ വർഷം വിറ്റുതീർത്തത്. ഇത് 1.05 ശതമാനം മാത്രം വിപണി വിഹിതമാണ് നേടിയത്. കൂടാതെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഈ വിപണിയിൽ മത്സരക്ഷമത നിലനിർത്തുവാൻ ഹ്യുണ്ടായി, എംജി മോട്ടോഴ്സ് പോലുള്ള ബ്രാൻഡുകൾ അവരുടെ തന്ത്രങ്ങൾ പുതുക്കേണ്ടതുണ്ട് എന്നതാണ് 2025 സെപ്റ്റംബറിലെ ഈ വിൽപ്പന റിപ്പോർട്ടുകൾ മനസ്സിലാക്കിതരുന്നത്.


Click it and Unblock the Notifications








