ഫാമിലിയുടെ ഇഷ്ടം കിയക്ക് അറിയാം! പുതിയ വേരിയന്റുകളും 6-സീറ്റര്‍ ഓപ്ഷനുമായി 2026 ക്ലാവിസ് ഇവി വിപണിയിൽ
ഇന്ത്യന്‍ വാഹന വിപണിയിലെ പ്രമുഖരായ കിയ മോട്ടോര്‍സ് തങ്ങളുടെ ജനപ്രിയ എംപിവി (MPV) മോഡലായ കാരെന്‍സ് ക്ലാവിസ് ഇവിയില്‍ (Clavis EV) ചില സുപ്രധാന മാറ്റങ്ങള്‍ വരുത്തി. ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കിയ ക്ലവിസ് ഇവി (Clavis EV) ശ്രേണി വിപുലീകരിച്ചു. ഏറെ കാത്തിരുന്ന ജിടി-ലൈന്‍ (GT-Line), എക്‌സ്-ലൈന്‍ (X-Line) വേരിയന്റുകളാണ് കമ്പനി ഇപ്പോള്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തിരിക്കുന്നത്. അത്യാധുനിക ഫീച്ചറുകളും സ്‌പോര്‍ട്ടി ലുക്കും ഒത്തുചേരുന്ന ഈ പുതിയ പതിപ്പുകള്‍ പ്രീമിയം ഇവി വിഭാഗത്തില്‍ വലിയ ചലനമുണ്ടാക്കും.
പുതിയ വേരിയന്റുകളുടെ വിലവിവരങ്ങളും കമ്പനി പുറത്തുവിട്ടു. 23 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം) ഈ പ്രീമിയം ട്രിമ്മുകളുടെ വില വരുന്നത്. ഉയര്‍ന്ന പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്കായി 51.4kWh ശേഷിയുള്ള എക്സ്റ്റന്‍ഡഡ് റേഞ്ച് ബാറ്ററി പായ്ക്കില്‍ മാത്രമാണ് ഈ വേരിയന്റുകള്‍ ലഭ്യമാകുക. ഇത് വാഹനത്തിന് മികച്ച റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ഡിസൈനിലെ മാറ്റങ്ങളാണ് ജിടി-ലൈന്‍ പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. എംപിവിയെ കൂടുതല്‍ സ്‌പോര്‍ട്ടിയറാക്കുന്ന പുതിയ അലോയ് വീലുകള്‍, ലൈം കളര്‍ ബ്രേക്ക് കാലിപ്പറുകള്‍, മെറ്റല്‍ പെഡലുകള്‍ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് സമാനമായ ഒരു അനുഭവം ഇത് യാത്രക്കാര്‍ക്ക് നല്‍കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
മറുവശത്ത്, കൂടുതല്‍ കരുത്തുറ്റതും പരുക്കനുമായ ലുക്ക് ആഗ്രഹിക്കുന്നവര്‍ക്കായാണ് എക്‌സ്-ലൈന്‍ (X-Line) പതിപ്പ് ഒരുക്കിയിരിക്കുന്നത്. എക്‌സ്‌ക്ലൂസീവ് ആയ 'ഡാര്‍ക്ക് ഗണ്‍ മെറ്റല്‍' എക്സ്റ്റീരിയര്‍ നിറത്തിലാണ് ഈ വേരിയന്റ് എത്തുന്നത്. കൂടാതെ അറോറ ബ്ലാക്ക് പേള്‍ നിറത്തിലും ഇത് ലഭ്യമാണ്. ഡാര്‍ക്ക് തീമിലുള്ള ഡിസൈന്‍ എലമെന്റുകള്‍ ഇതിന്റെ ഗാംഭീര്യം ഇരട്ടിയാക്കുന്നു.
സാങ്കേതിക വിദ്യയുടെ കാര്യത്തിലും ഈ പുതിയ വേരിയന്റുകള്‍ ഏറെ മുന്നിലാണ്. ഡിജിറ്റല്‍ കീ (Digital Key), ബാറ്ററി ഹീറ്റര്‍ ടെക്‌നോളജി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ജിടിഎക്‌സ് പ്ലസ്, എക്‌സ്-ലൈന്‍ വേരിയന്റുകളില്‍ കിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സാധാരണ വേരിയന്റുകളില്‍ പോലും പുതുതായി രൂപകല്‍പ്പന ചെയ്ത 16 ഇഞ്ച് ബ്ലാക്ക് ഹൈ ഗ്ലോസ് എയറോ അലോയ് വീലുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്നു.
MY26 അപ്‌ഡേറ്റിന്റെ ഭാഗമായി ഇപ്പോള്‍ ഡ്യുവല്‍ പേന്‍ പനോരമിക് സണ്‍റൂഫും ഇലക്ട്രിക് എംപിവിക്ക് ലഭിക്കുന്നു. കുടുംബയാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ ലക്ഷ്യമിട്ട് 6 സീറ്റര്‍ ലേഔട്ടും കിയ ഇപ്പോള്‍ അവതരിപ്പിച്ചു. രണ്ടാമത്തെ നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുന്ന ഈ പുതിയ കോണ്‍ഫിഗറേഷന്‍ HT-ലൈന്‍, GT--ലൈന്‍, X-ലൈന്‍ എന്നീ എല്ലാ ട്രിമ്മുകളിലും ലഭ്യമാകും.
നിലവിലുള്ള 7 സീറ്റര്‍ ബെഞ്ച് സീറ്റ് ഓപ്ഷന് പുറമെയാണിത്. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സ്‌പെയ്‌സും പ്രീമിയം അനുഭവവും നല്‍കും.51.4kWh ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ദീര്‍ഘദൂര യാത്രകള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാം. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും അത്യാധുനിക കണക്റ്റഡ് കാര്‍ ടെക്‌നോളജിയും ഈ മോഡലുകളുടെ പ്രത്യേകതയാണ്.
സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുതിയ വേരിയന്റുകളുടെ വരവോടെ കാരെന്‍സ് ക്ലാവിസ് ഇവിക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കിയയുടെ വിലയിരുത്തല്‍. രാജ്യത്തുടനീളമുള്ള കിയ ഡീലര്‍ഷിപ്പുകള്‍ വഴി പുതിയ വേരിയന്റുകളുടെ ബുക്കിംഗ് ഉടന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള കിയ ഷോറൂം സന്ദര്‍ശിക്കാവുന്നതാണ്.


Click it and Unblock the Notifications








