കോടീശ്വരന്മാർക്കായി ബെൻസിന്റെ പുതിയ 'ചലിക്കുന്ന കൊട്ടാരം' ഇന്ത്യയിലെത്തി; 100 കി.മീ EV മോഡിൽ ഓടും
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ S-ക്ലാസ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അത്യാധുനിക പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന ഈ ആഡംബര സെഡാന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത് 2.20 കോടി രൂപ മുതലാണ്. ആഗോള വിപണിയില്‍ തരംഗമായി മാറിയ ഈ 2026 മോഡല്‍ ഇന്ത്യയിലെ അതിസമ്പന്നരായ ഉപഭോക്താക്കളെയും ബിസിനസ് പ്രമുഖരെയും ലക്ഷ്യമിട്ടാണ് കമ്പനി ഇപ്പോള്‍ എത്തിച്ചിട്ടുള്ളത്. സൂക്ഷ്മമായ ഡിസൈന്‍ മാറ്റങ്ങള്‍ക്കൊപ്പം, പിന്‍സീറ്റ് യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഫീച്ചറുകളും നവീകരണങ്ങളും ഇതില്‍ വരുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ ആദ്യമായാണ് മെര്‍സിഡീസ് ബെന്‍സ് ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് (Plug-in Hybrid) S-ക്ലാസ് മോഡല്‍ ഔദ്യോഗികമായി വില്‍പനയ്ക്കെത്തിക്കുന്നത്. ഈ ലോംഗ്-വീല്‍ബേസ് (LWB) വാഹനം മികച്ച ഇന്ധനക്ഷമതയും ഇലക്ട്രിക് ഡ്രൈവിംഗ് ശേഷിയും ഒരുപോലെ വാഗ്ദാനം ചെയ്യുന്നു. പുതിയ ശ്രേണിയില്‍ S 450e ലോഞ്ച് എഡിഷന്‍ മോഡലിന് 2.20 കോടി രൂപയും, കൂടുതല്‍ കസ്റ്റമൈസേഷന്‍ സൗകര്യങ്ങളുള്ള ഉയര്‍ന്ന S 450e മാനുഫാക്ചര്‍ (MANUFAKTUR) എഡിഷന്‍ പതിപ്പിന് 2.38 കോടി രൂപയുമാണ് എക്‌സ്-ഷോറൂം വില വരുന്നത്.

ആഡംബരത്തിനൊപ്പം പരിസ്ഥിതി സൗഹൃദ യാത്രയും ഇത് സാധ്യമാക്കുന്നു. പുറംമോടിയില്‍ ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് 2026 മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്തിയിട്ടുള്ളത്. ഇതിന്റെ മുന്‍വശത്തെ ബമ്പര്‍ പൂര്‍ണമായും പുനര്‍രൂപകല്‍പ്പന ചെയ്യുകയും എഞ്ചിനിലേക്ക് കൂടുതല്‍ വായുപ്രവാഹം ഉറപ്പാക്കുന്ന വലിയ എയര്‍ ഇന്‍ടേക്കുകള്‍ ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കാന്‍ പുത്തന്‍ ഡിസൈനിലുള്ള സ്‌റ്റൈലിഷ് അലോയ് വീലുകളും വൈവിധ്യമാര്‍ന്ന പുതിയ കളര്‍ ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
മാനുഫാക്ചര്‍ പ്രോഗ്രാം വഴി ഉപഭോക്താക്കള്‍ക്ക് അവരുടെ താല്‍പര്യപ്രകാരമുള്ള എക്സ്റ്റീരിയര്‍ ഫിനിഷുകളും കളര്‍ കോമ്പിനേഷനുകളും തിരഞ്ഞെടുക്കാന്‍ സാധിക്കും. ക്യാബിനകത്തെ ഏറ്റവും വലിയ ഡിസൈന്‍ വിപ്ലവം കമ്പനിയുടെ ഏറ്റവും പുതിയ 'MBUX സൂപ്പര്‍സ്‌ക്രീന്‍' (Superscreen) ഡാഷ്ബോര്‍ഡ് സെറ്റപ്പാണ്. ഇതില്‍ പ്രധാനമായും മൂന്ന് വലിയ ഡിജിറ്റല്‍ ഡിസ്പ്ലേകളാണ് ഒന്നിച്ച് സംയോജിപ്പിച്ചിരിക്കുന്നത്. ഇതില്‍ നടുവിലായി 14.4 ഇഞ്ചിന്റെ വലിയ ഒഎല്‍ഇഡി (OLED) സെന്‍ട്രല്‍ ടച്ച്സ്‌ക്രീനും, ഡ്രൈവര്‍ക്കായി 12.3 ഇഞ്ചിന്റെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍പ്പെടുന്നു.

ഇതോടൊപ്പം ഫ്രണ്ട് കോ പാസഞ്ചര്‍ സീറ്റിലെ യാത്രക്കാരനായി പ്രത്യേക 12.3 ഇഞ്ച് ഡിസ്പ്ലേയും ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ MB.OS സോഫ്റ്റ്വെയറിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്നു. നവീകരിച്ച ഈ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റത്തില്‍ മികച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഫംഗ്ഷനുകളും കൂടുതല്‍ കാര്യക്ഷമമായ MBUX വെര്‍ച്വല്‍ വോയ്സ് അസിസ്റ്റന്റും ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ മൂഡ് അനുസരിച്ച് മാറ്റാന്‍ സാധിക്കുന്ന അത്യാധുനിക ആംബിയന്റ് ലൈറ്റിംഗ് സംവിധാനവും ക്യാബിനില്‍ മനോഹരമായി സജ്ജീകരിച്ചിട്ടുണ്ട്.
ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, ഡോറുകള്‍, ഫൂട്ട്വെല്ലുകള്‍, റിയര്‍ ക്യാബിന്‍ ഏരിയകള്‍ എന്നിവയിലെല്ലാം ഈ ലൈറ്റിംഗ് പടര്‍ന്നു കിടക്കുന്നു. പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ ഉള്ളിലേക്ക് കടക്കാത്ത രീതിയില്‍ മികച്ച ക്യാബിന്‍ ഇന്‍സുലേഷന്‍ (Insulation) നല്‍കിയിട്ടുള്ളതിനാല്‍ യാത്രക്കാര്‍ക്ക് തികച്ചും ശാന്തമായ ഡ്രൈവിംഗ് അനുഭവം ഈ കാര്‍ സമ്മാനിക്കും. എപ്പോഴും ഡ്രൈവര്‍മാരെ വെച്ച് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ബിസിനസുകാരെ മുന്‍നിര്‍ത്തിയാണ് ഇതിന്റെ ലോംഗ്-വീല്‍ബേസ് ക്യാബിന്‍ ഒരുക്കിയിട്ടുള്ളത്.

ഇതിലെ ഓപ്ഷണല്‍ ഫോര്‍-സീറ്റ് കോണ്‍ഫിഗറേഷനില്‍ 43.5 ഡിഗ്രി വരെ പുറകോട്ട് ചരിക്കാന്‍ സാധിക്കുന്ന അത്യാധുനിക എക്സിക്യൂട്ടീവ് റിയര്‍ സീറ്റുകള്‍ ലഭ്യമാണ്. ക്യാബിനിലെ നാല് സീറ്റുകളിലും ഹീറ്റിംഗ്, വെന്റിലേഷന്‍, മസാജ് ഫങ്ഷനുകള്‍ എന്നിവ നല്‍കിയിട്ടുണ്ട് . പിന്നിലെ വിശാലമായ ലെഗ് റൂമും പ്രീമിയം ഹെഡ്റെസ്റ്റുകളും ദീര്‍ഘദൂരയാത്രയില്‍ ഒട്ടും തളര്‍ച്ചയില്ലാത്ത ഉയര്‍ന്ന യാത്രാസുഖം ഓരോ യാത്രക്കാരനും ഉറപ്പാക്കുന്നു.
സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, പുതിയ S 450e മോഡലിന് കരുത്ത് പകരുന്നത് പവര്‍ഫുള്‍ 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍-സിക്‌സ് പെട്രോള്‍ എഞ്ചിനാണ്. ഇതിനൊപ്പം ഒരു അത്യാധുനിക ഇലക്ട്രിക് മോട്ടോറും ഉയര്‍ന്ന ശേഷിയുള്ള 22kWh ബാറ്ററി പായ്ക്കും സംയോജിപ്പിച്ചിരിക്കുന്നു. ഈ പ്ലഗ്-ഇന്‍ ഹൈബ്രിഡ് സിസ്റ്റം ഒന്നിച്ച് പരമാവധി 435hp പവറും 680Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ
എഞ്ചിന്‍ പവര്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന ഈ ആഡംബര സെഡാന് വെറും 5.7 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. കാറിലുള്ള വലിയ 22kWh ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കാതെ തന്നെ യാത്ര ചെയ്യാന്‍ സാധിക്കും.
കേവലം ഇലക്ട്രിക് കരുത്തില്‍ മാത്രം100 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ഈ S-ക്ലാസിന് സാധിക്കുമെന്നാണ് മെര്‍സിഡീസ് ബെന്‍സ് അവകാശപ്പെടുന്നത്. ഇത് നഗരങ്ങളിലെ ദൈനംദിന ഹ്രസ്വദൂര യാത്രകള്‍ മലിനീകരണമില്ലാതെ കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ ഉടമകളെ സഹായിക്കും. ബെൻസ് ഇന്ത്യയിലിറക്കിയ ഈ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് S-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് കാറിനെ കുറിച്ചും അതിന്റെ വിലയെ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications