ഇന്ത്യയ്ക്കായി റെനോ ഒരുക്കിയ 'സ്പെഷ്യൽ' ഡസ്റ്റർ! ആഗോള മോഡലിനേക്കാൾ ഒരുപടി മുകളിൽ; മാറ്റങ്ങൾ ഇവയാണ്
ഇന്ത്യന്‍ നിരത്തുകളില്‍ കോംപാക്ട് എസ്‌യുവി വിപ്ലവത്തിന് തുടക്കമിട്ട റെനോ ഡസ്റ്റര്‍ (Renault Duster) നീണ്ട കാത്തിരിപ്പിന് ശേഷം വീണ്ടും വിപണിയിലെത്തിയിരിക്കുകയാണ്. 2012-ല്‍ പുറത്തിറങ്ങിയ ഡസ്റ്റര്‍ ഹാച്ച്ബാക്കുകളും സെഡാനുകളും കെട്ടിപ്പിടിച്ചിരുന്ന ഇന്ത്യക്കാരെ എസ്‌യുവി വാങ്ങാന്‍ പ്രേരിപ്പിച്ച മോഡലുകളില്‍ ഒന്നാണ്. 2022-ല്‍ താല്‍ക്കാലികമായി പിന്‍വാങ്ങിയെങ്കിലും, ഇപ്പോള്‍ ആഗോള വിപണിയിലുള്ള മോഡലിനേക്കാള്‍ കൂടുതല്‍ പ്രീമിയം സൗകര്യങ്ങളോടെയാണ് ഇന്ത്യ-സ്‌പെക് ഡസ്റ്റര്‍ അവതരിച്ചത്. അതിനെ സാധൂകരിക്കുന്ന ഇന്ത്യ സ്‌പെക്ക് ഡസ്റ്ററിന്റെ ചില പ്രധാന സവിശേഷതകള്‍ ഈ ലേഖനത്തില്‍ വായിക്കാം.
ഇന്ത്യ സ്‌പെഷ്യല്‍
പുതിയ ഡസ്റ്റര്‍ ആഗോളതലത്തിലുള്ള ആര്‍ജിഎംപി (RGMP) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും ഇതിന്റെ 90 ശതമാനം ഭാഗങ്ങളും ഇന്ത്യന്‍ റോഡുകള്‍ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ പ്രത്യേകം പരിഷ്‌കരിച്ചിട്ടുണ്ട്. വിദേശ വിപണിയിലുള്ള ഡാസിയ ഡസ്റ്ററിനേക്കാള്‍ മികച്ച ഡ്രൈവിംഗ് അനുഭവവും കംഫര്‍ട്ടും ഇന്ത്യന്‍ പതിപ്പ് ഉറപ്പാക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

സമാനതകളില്ലാത്ത സസ്പെന്‍ഷനും നിയന്ത്രണവും
ഇന്ത്യന്‍ റോഡുകളിലെ കുണ്ടും കുഴികളും അതിജീവിക്കാന്‍ സസ്പെന്‍ഷന്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സെഗ്മെന്റിലെ തന്നെ ഏറ്റവും കട്ടിയുള്ള 25 mm ആന്റി-റോള്‍ ബാര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് കോര്‍ണറിംഗില്‍ എസ്‌യുവിയുടെ സ്ഥിരത ഉറപ്പാക്കുകയും ബോഡി റോള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. മികച്ച ഡ്രൈവര്‍ ഫീഡ്ബാക്ക് ലഭിക്കുന്ന സ്റ്റിയറിംഗ് സെറ്റപ്പ് ഡ്രൈവിംഗ് ഡൈനാമിക്‌സ് മെച്ചപ്പെടുത്തുകയും ഡ്രൈവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുകയും ചെയ്യുന്നു.
പ്രീമിയം ഇന്റീരിയറും ആഡംബര സൗകര്യങ്ങളും
പ്രീമിയം ലെവലിലാണ് റെനോ പുതിയ ഡസ്റ്ററിന്റെ അകത്തളം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ക്യാബിന്‍ ഫിനിഷിംഗിന് വലിയ പ്രാധാന്യം നല്‍കുന്നത് കണക്കിലെടുത്ത് ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകളാണ് ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടുതല്‍ ആകര്‍ഷകമായ കളര്‍ സ്‌കീമും മികച്ച ഫിറ്റ്-ആന്‍ഡ്-ഫിനിഷും ഇന്ത്യ സ്‌പെക്ക് ഡസ്റ്ററിനെ ആഗോള വിപണിയിലുള്ള മോഡലിനേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കാന്‍ സഹായിക്കുന്നുണ്ട്.

മോഡേണ്‍ ടെക്‌നേളജിയും ഇന്‍ഫോടൈന്‍മെന്റും
സാങ്കേതിക വിദ്യയുടെ കാര്യത്തിലും ഡസ്റ്റര്‍ വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ പ്രധാന ആകര്‍ഷണം. ഗൂഗിള്‍ ഇന്റഗ്രേഷനുള്ള ഫുള്ളി ഡിജിറ്റല്‍ ക്ലസ്റ്റര്‍ ഡ്രൈവര്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും കൃത്യമായി നല്‍കുന്നു. കണക്റ്റഡ് കാര്‍ ഫീച്ചറുകളും സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുമടക്കം ഇന്നത്തെ തലമുറയ്ക്ക് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും എസ്‌യുവിയില്‍ ഉണ്ടെന്ന് കമ്പനി ഉറപ്പാക്കിയിട്ടുണ്ട്.
കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഫീച്ചറുകള്‍
ഇന്ത്യയിലെ അത്യുഷ്ണം നിറഞ്ഞ കാലാവസ്ഥ പരിഗണിച്ച് 2026 ഡസ്റ്ററില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ നല്‍കിയിട്ടുണ്ട് റെനോ. കൂടാതെ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനും അവശ്യസമയത്ത് ക്യാബിനിലേക്ക് ശുദ്ധവായുവും വെളിച്ചവുമെത്തിക്കാന്‍ പനോരമിക് സണ്‍റൂഫും പുതിയ പതിപ്പിലുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത റെനോ ഡസ്റ്ററില്‍ ലെവല്‍ 2 ADAS സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളിച്ചു. ഇത് ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും കൂടുതല്‍ സുരക്ഷയും ആത്മവിശ്വാസവും നല്‍കുന്നു.

പുതുമയുള്ള ഡിസൈനും കരുത്തുറ്റ എഞ്ചിനും
ഡസ്റ്ററിന്റെ ഡിഎന്‍എ നിലനിര്‍ത്തിക്കൊണ്ട് തന്നെ പുതുമയുള്ള ഡിസൈനാണ് പുതിയ മോഡലിന് നല്‍കിയിരിക്കുന്നത്. എല്‍ഇഡി ഹെഡ്ലാമ്പുകളും കണക്റ്റഡ് ടെയില്‍ ലാമ്പുകളും മുന്‍വശത്തെ ഗ്രില്ലില്‍ നല്‍കിയിരിക്കുന്ന വലിയ 'ഡസ്റ്റര്‍' ബ്രാന്‍ഡിംഗുമെല്ലാം വാഹനത്തിന്റെ ഭംഗി കൂട്ടുന്നു. പെട്രോള്‍, ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് ഡസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഹൈബ്രിഡ് പതിപ്പ് ഉത്സവ സീസണിലാകും പുറത്തിറങ്ങുക. വിപണിയില്‍ നിന്നുള്ള പ്രതികരണം നോക്കി ഓള്‍ വീല്‍ ഡ്രൈവ് (AWD) മോഡല്‍ കൊണ്ടുവരുന്നതും കമ്പനി പരിഗണിച്ചേക്കാം.
വിലയും വേരിയന്റുകളും
ഐക്കണിക് ലോഞ്ച് എഡിഷന്‍ ഉള്‍പ്പെടെ ആറ് വേരിയന്റുകളിലായാണ് റെനോ ഡസ്റ്റര്‍ വിപണിയിലെത്തുന്നത്. നിലവില്‍ 10.49 ലക്ഷം രൂപ മുതല്‍ 16.79 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില പോകുന്നത്. മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലെ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടാറ്റ സിയറ, ഹോണ്ട എലിവേറ്റ് എന്നീ കരുത്തന്‍മാരുമായാണ് ഡസ്റ്ററിന്റെ പോരാട്ടം.


Click it and Unblock the Notifications








