സിഎന്‍ജിയില്‍ ഓട്ടോമാറ്റിക്, ബേസില്‍ വരെ 6 എയര്‍ബാഗ്! പഴയ പഞ്ചിനേക്കാള്‍ പുതിയതിനെ മികച്ചതാക്കുന്നവ
ഇന്ത്യന്‍ കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിച്ച ടാറ്റ പഞ്ചിന്റെ ഏറ്റവും പുതിയ ഫെയ്‌സ്ലിഫ്റ്റ് പതിപ്പ് (Tata Punch Facelift) ഇന്ന് പുറത്തിറങ്ങി. ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായ മൈക്രോ എസ്‌യുവിയെ കൂടുതല്‍ ജനകീയമാക്കുന്നതിനായി എക്‌സ്റ്റീരിയര്‍ രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും സുരക്ഷയിലും വന്‍ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. 5.59 ലക്ഷം മുതല്‍ 10.54 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന്റെ എക്‌സ്-ഷോറൂം വില. ഔട്ട്‌ഗോയിംഗ് മോഡലും പുത്തന്‍ മോഡലും തമ്മിലുള്ള പ്രധാന മാറ്റങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.
പുതിയ ടര്‍ബോ എഞ്ചിന്‍
പുതിയ പഞ്ചിന്റെ ഫെയ്‌സ്ലിഫ്റ്റിന്റെ ഏറ്റവും വലിയ സവിശേഷത നെക്‌സോണിലും കര്‍വിലും കാണുന്ന 1.2 ലിറ്റര്‍, 3-സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനിന്റെ വരവാണ്. 120hp പവറും 170Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തും. നിലവില്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാണ് ഈ എഞ്ചിന്‍ ലഭ്യമാകുന്നത്. വെറും 11.1 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പഞ്ച് ടര്‍ബോയ്ക്ക് സാധിക്കും.

സിഎന്‍ജി മോഡലുകളില്‍ എഎംടി
പഴയ മോഡലിലുണ്ടായിരുന്ന 88hp കരുത്തുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും 73hp കരുത്തുള്ള സിഎന്‍ജി ഓപ്ഷനും പുതിയ പതിപ്പിലും തുടരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റം സിഎന്‍ജി വേരിയന്റുകളില്‍ ഇപ്പോള്‍ എഎംടി (AMT) ഗിയര്‍ബോക്‌സ് കൂടി ഉള്‍പ്പെടുത്തി എന്നതാണ്. മുമ്പ് സിഎന്‍ജി മോഡലുകളില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇത് നഗരയാത്രകളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും.
മോഡേണ്‍ ലുക്ക്
പുറംകാഴ്ചയില്‍ പഞ്ച് ഇവിക്ക് സമാനമായ അത്യാധുനിക രൂപമാണ് പുതിയ ഫെയ്‌സ്ലിഫ്റ്റിന് നല്‍കിയിരിക്കുന്നത്. വെര്‍ട്ടിക്കലി സ്റ്റാക്ക്ഡ് എല്‍ഇഡി ഹെഡ്ലൈറ്റുകളും നീളത്തിലുള്ള ഡിആര്‍എല്ലുകളും ഇതിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. ഇതിന്റെ എയര്‍ ഡാം ഡിസൈനിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുത്തന്‍ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകള്‍ വാഹനത്തിന് കൂടുതല്‍ കരുത്തുറ്റ രൂപം നല്‍കാന്‍ സഹായിക്കുന്നുണ്ട്. സൈഡ് പ്രൊഫൈൽ വലിയ മാറ്റമില്ലാതെ തുടരുന്നു.
ഡോറുകളിലും വീൽ ആർച്ചുകളിലും കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ്, പുൾ-ടൈപ്പ് ഫ്രണ്ട് ഡോർ ഹാൻഡിലുകൾ, സി-പില്ലറിൽ ഘടിപ്പിച്ചിരിക്കുന്ന റിയർ ഹാൻഡിലുകൾ എന്നിവ നിലനിർത്തുന്നു.എല്‍ഇഡി ലൈറ്റ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന പുതുക്കിയ ലൈറ്റുകള്‍ റിയന്‍ എന്‍ഡിലെ അപ്‌ഡേറ്റുകളില്‍ പെടുന്നു. സ്‌റ്റോപ്പ് ലാമ്പുകളും റിയര്‍ ക്യാമറയും ഇപ്പോള്‍ താഴേക്ക് വന്നിട്ടുണ്ട്. ബമ്പറില്‍ ഒരു ഫോക്‌സ് സ്‌കിഡ് പ്ലോറ്റുമുണ്ട്.
അളവുകളിലെ മാറ്റം
2026 ടാറ്റ പഞ്ച് ഫെയ്‌സ്ലിഫ്റ്റ് എസ്‌യുവിയുടെ വലിപ്പത്തിലും ഗ്രൗണ്ട് ക്ലിയറന്‍സിലും ടാറ്റ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. പഴയ മോഡലിന്റെ നീളം 3827 mm ആയിരുന്നെങ്കില്‍ പുതിയ പതിപ്പിന് 3876 mm ആണ് നീളം. പുത്തൻ കാറിന്റെ ഏറ്റവും ശ്രദ്ധേയമായ മാറ്റം ഗ്രൗണ്ട് ക്ലിയറന്‍സിലാണ്.

ഇത് 187 mm-ല്‍ നിന്ന് 193 mm ആയി ഉയര്‍ത്തിയിട്ടുണ്ട്. മോശം റോഡുകളിലൂടെയും ഓഫ്-റോഡ് യാത്രകളിലും ഈ മാറ്റം ഡ്രൈവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. മറ്റ് അളവുകളില്‍ മാറ്റമില്ല. എസ്‌യുവിക്ക് 1742 mm വീതിയും 1615 mm ഉയരവും 2445 mm വീല്‍ബേസുമുണ്ട്.
ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയര്‍
ടാറ്റയുടെ പുത്തന്‍ വാഹനങ്ങളില്‍ കണ്ടുവരുന്ന ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ഇതില്‍ ഇല്യുമിനേറ്റഡ് ടാറ്റ ലോഗോ നല്‍കിയിട്ടുണ്ട്. 10.25 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച്സ്‌ക്രീനിനൊപ്പം 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും പുതുതായി ഉള്‍പ്പെടുത്തി. 360 ഡിഗ്രി ക്യാമറ, 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ യാത്രക്കാര്‍ക്ക് ഒരു പ്രീമിയം അനുഭവം ഉറപ്പാക്കുന്നു.

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ ടാറ്റ
സുരക്ഷയുടെ കാര്യത്തിലും ടാറ്റ വലിയ ചുവടുവെപ്പാണ് നടത്തിയിരിക്കുന്നത്. പഴയ മോഡലില്‍ രണ്ട് എയര്‍ബാഗുകള്‍ മാത്രമായിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിയിട്ടുണ്ട്. ഇബിഡിയോട് കൂടിയ എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവയും ഇതിലുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 2026 പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടിയതായും ടാറ്റ അറിയിച്ചു.
പുതിയ നിറങ്ങള്‍
സിയറയില്‍ കണ്ടുവരുന്ന ബെംഗാള്‍ റൂഷ്, കൂര്‍ഗ് ക്ലൗഡ്‌സ് ഉള്‍പ്പെടെയുള്ള പുതിയ നാല് നിറങ്ങള്‍ കൂടി പഞ്ചിന് നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട്, പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ് തുടങ്ങിയ വിവിധ വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. സിഎന്‍ജി വിഭാഗത്തിലും ടര്‍ബോ പെട്രോള്‍ വിഭാഗത്തിലും കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കിയത് വഴി ഹ്യുണ്ടായി എക്സ്റ്റര്‍, മാരുതി ഫ്രോങ്ക്‌സ് എന്നിവയുമായുള്ള മത്സരം കടുപ്പിക്കാന്‍ പഞ്ചിന് സാധിക്കും.


Click it and Unblock the Notifications








