സാധാരണക്കാര്‍ക്കായി ടാറ്റ 'രഹസ്യമായി' നിര്‍മിക്കുന്ന കാര്‍ ആദ്യമായി നിരത്തില്‍! ഇനി എല്ലാവീട്ടിലും ഇവിയാകും
ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിഭാഗത്തിലെ അതികായന്‍മാരാണ് ടാറ്റ മോട്ടോര്‍സ്. നിലവില്‍ അര ഡസനോളം ഇലക്ട്രിക് കാറുകളാണ് ടാറ്റ ഇന്ത്യയില്‍ വില്‍ക്കുന്നത്. ടാറ്റയുടെ ഇവി പോര്‍ട്‌ഫോളിയോയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലാണ് ടാറ്റ ടിയാഗോ ഇവി (Tata Tiago EV). രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ ഇവി വാങ്ങാന്‍ പ്രേരിപ്പിച്ച മോഡലുകളില്‍ ഒന്ന് കൂടിയാണിത്. ഇപ്പോള്‍ ടാറ്റ മോട്ടോര്‍സ് ജനപ്രിയ മോഡലായ ടിയാഗോ ഇവി അപ്‌ഡേറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്ന പുതിയ ടിയാഗോ ഇവി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ കാർവാലെ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടു.
പുത്തന്‍ പതിപ്പിന്റെ ആദ്യ സ്‌പൈ ചിത്രങ്ങള്‍ വാഹനപ്രേമികളില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ ട്രെന്‍ഡ് എസ്‌യുവികള്‍ക്ക് അനുകൂലമാണെങ്കിലും ഹാച്ച്ബാക്ക് വിഭാഗത്തില്‍ ടിയാഗോ ഇവിക്കുള്ള ജനപ്രീതി നിലനിര്‍ത്താനാണ് ടാറ്റയുടെ ശ്രമം. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറുകളില്‍ ഒന്നായതിനാല്‍ ടിയാഗോ ഇവിയുടെ പുത്തന്‍ അപ്‌ഡേറ്റ് വിപണിയില്‍ വലിയ ചലനം സൃഷ്ടിച്ചേക്കാം.

ഹാച്ച്ബാക്കിന്റെ ഐസിഇ, ഇലക്ട്രിക് പതിപ്പുകള്‍ക്ക് കഴിഞ്ഞ വര്‍ഷം ചെറിയ പരിഷ്‌കാരങ്ങളോടെ പുറത്തിറങ്ങിയിരുന്നു. എന്നാല്‍, 2026 മോഡല്‍ വലിയ ഫീച്ചര്‍ അപ്ഡേറ്റുകളോടെയാണ് വരുന്നത്. അപ്‌ഡേറ്റഡ് ടിയാഗോ ഇവിയുടെ പ്രധാന ബോഡി ഘടനയില്‍ വലിയ മാറ്റങ്ങളില്ലെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മുന്‍വശത്തെ ഗ്രില്‍, ബമ്പര്‍, ലൈറ്റിംഗ് സിസ്റ്റം എന്നിവയില്‍ ടാറ്റ മാറ്റങ്ങള്‍ വരുത്തിയേക്കാം.
പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകളും പരിഷ്‌കരിച്ച ടെയില്‍ ലാമ്പുകളും ഇവിക്ക് കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കും. കൂടാതെ പുത്തന്‍ ഡിസൈനിലുള്ള അലോയ് വീലുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എക്‌സ്റ്റീരിയറിനേക്കാള്‍ ഉപരിയായി ടിയാഗോ ഇവിയുടെ അകത്തളത്തിലാണ് സുപ്രധാന മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നത്. പഞ്ച് ഇവി, നെക്‌സോണ്‍ ഇവി എന്നിവയില്‍ കണ്ടുവരുന്ന ചില മോഡേണ്‍ ഫീച്ചറുകള്‍ ഇവി ഹാച്ച്ബാക്കില്‍ ഉള്‍ക്കൊള്ളിച്ചേക്കും.

പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിലെ 7 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, വയര്‍ലെസ് ചാര്‍ജിംഗ് പാഡ് തുടങ്ങിയ ഫീച്ചറുകള്‍ പുത്തന്‍ ടിയാഗോ ഇവിയുടെ ഭാഗമാകും. സെന്റര്‍ ആംറെസ്റ്റ് ഉള്‍പ്പെടുത്തിയ പരിഷ്‌കരിച്ച സെന്റര്‍ കണ്‍സോളും റിയര്‍ എസി വെന്റുകളുമായിരിക്കും മറ്റ് ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകള്‍. കൂടുതല്‍ വ്യക്തതയുള്ള പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍പ്പെടുത്തുന്നതോടെ വാഹനത്തിന്റെ അകത്തളം കൂടുതല്‍ സ്മാര്‍ട്ടായി മാറും.
ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഡ്രൈവിംഗ് അനുഭവം ലഭ്യമാകും. പ്രീമിയം വാഹനങ്ങളില്‍ മാത്രം കണ്ടുവരുന്ന ഫീച്ചറുകള്‍ ബജറ്റ് കാറുകളിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. നിലവില്‍ ടിയാഗോ ഇവി 19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്റി പായ്ക്കുകളിലാണ് വരുന്നത്. ഇവ യഥാക്രമം 257 കിലോമീറ്റര്‍, 315 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.

ടിയാഗോ ഇവിയുടെ 2026 പതിപ്പില്‍ 35 kWh ബാറ്ററി പായ്ക്ക് ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. പഞ്ച് ഇവിക്ക് കരുത്ത് പകരുന്ന ഈ ബാറ്ററി പായ്ക്ക് ലഭിച്ചാല്‍ ഇവിയുടെ റേഞ്ച് 450 കിലോമീറ്ററില്‍ കൂടുതലാക്കി ഉയര്‍ത്താന്‍ സാധിക്കും. നിലവിലുള്ള മോഡലിലുള്ള 74 bhp പവറും 114 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ തന്നെയാകും പുതിയ മോഡലിനും കരുത്ത് പകരുക. എങ്കിലും ചാര്‍ജിംഗ് സമയം കുറയ്ക്കാനാവശ്യമായ പുതിയ സാങ്കേതികവിദ്യകള്‍ ടാറ്റ പരീക്ഷിച്ചേക്കാം.
ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതോടെ സിറ്റി ഉപയോഗത്തിന് പറ്റിയ ഇവി എന്നതിലുപരി ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടി അനുയോജ്യമായ വാഹനമായി ടിയാഗോ ഇവി മാറും. പുതിയ സ്‌പൈ ചിത്രങ്ങള്‍ പുറത്ത് വരുന്നതോടെ ഇവിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. കുറഞ്ഞ വിലയില്‍ ഇലക്ട്രിക് വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഒരു മോഡലാണ് 2026 ടിയാഗോ ഇവി
കോംപാക്ട് ഇവി വിഭാഗത്തില്‍ ടാറ്റയുടെ ആധിപത്യം ഊട്ടിയുറപ്പിക്കാന്‍ ടിയാഗോ ഇവിയുടെ പരിഷ്‌കരിച്ച പതിപ്പിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. പരീക്ഷണയോട്ടം ആരംഭിച്ച സാഹചര്യത്തില്‍ മോഡല്‍ ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ 7.99 ലക്ഷം രൂപ മുതലാണ് ടിയാഗോ ഇവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അപ്‌ഡേറ്റുകള്‍ ലഭിക്കുന്നതിനാല്‍ 2026 ടിയാഗോ ഇവിക്ക് ചെറിയ രീതിയില്‍ വില വര്‍ധനവ് ലഭിച്ചേക്കാം.


Click it and Unblock the Notifications








