ടർബോ പതിപ്പിനടക്കം 20 കിലോമീറ്ററിനടുത്ത് മൈലേജ്! രാജ്യം കാത്തിരുന്ന എസ്‌യുവിയുടെ ഡെലിവറി തുടങ്ങി
ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ച ജര്‍മന്‍ എസ്‌യുവി മോഡലായ ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ (Volkswagen Taigun) പരിഷ്‌കരിച്ച 2026 ഫെയ്‌സ്ലിഫ്റ്റ് അടുത്തിടെയാണ് വിപണിയില്‍ എത്തിയത്. കാത്തിരിപ്പിനൊടുവില്‍ അപ്‌ഡേറ്റഡ് മോഡലിന്റെ കസ്റ്റമര്‍ ഡെലിവറി ആരംഭിച്ചതായുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആകാംക്ഷയോടെ കാത്തിരുന്ന പുത്തന്‍ മോഡലിന്റെ ഡെലിവറി നടപടികള്‍ രാജ്യത്തുടനീളമുള്ള ഷോറൂമുകളില്‍ സജീവമായിരിക്കുകയാണ്. ഉപഭോക്താക്കള്‍ പുതിയ ടൈഗൂണ്‍ ഏറ്റുവാങ്ങുന്ന വീഡിയോകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തരംഗമായിക്കഴിഞ്ഞു. rudinpattiam എന്ന യൂട്യൂബ് ചാനലില്‍ കേരളത്തിലെ ആദ്യ ടൈഗൂണ്‍ ഡെലിവറി വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
സുരക്ഷയ്ക്കും ജര്‍മ്മന്‍ കരുത്തിനും മുന്‍ഗണന നല്‍കുന്ന വാഹനപ്രേമികള്‍ക്കിടയില്‍ ടൈഗൂണിന്റെ ലോഞ്ച് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. പുതിയ ടൈഗൂണ്‍ ഫെയ്‌സ്ലിഫ്റ്റ് രണ്ട് കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ ലഭ്യമാകുന്നത്. ഇതിലെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 115 PS പവറും 178 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഈ എഞ്ചിനൊപ്പം 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും തിരഞ്ഞെടുക്കാന്‍ സാധിക്കും. നഗരയാത്രകള്‍ക്കും ഹൈവേ ഡ്രൈവിംഗിനും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.കൂടുതല്‍ കരുത്ത് ആഗ്രഹിക്കുന്നവര്‍ക്കായി 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പതിപ്പും ഫോക്സ്വാഗണ്‍ ഒരുക്കിയിട്ടുണ്ട്.
ഈ എഞ്ചിന്‍ പരമാവധി 150 PS പവറും 250 Nm ടോര്‍ക്കും നല്‍കുന്നു. 7 സ്പീഡ് ഡിഎസ്ജി (DSG) ഗിയര്‍ബോക്‌സാണ് ഈ കരുത്തുറ്റ എഞ്ചിനൊപ്പം നല്‍കിയിരിക്കുന്നത്. മികച്ച പെര്‍ഫോമന്‍സും വേഗതയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ വേരിയന്റ് മികച്ച അനുഭവം സമ്മാനിക്കും. ജര്‍മന്‍ എഞ്ചിനീയറിംഗ് മികവ് വിളിച്ചോതുന്നതാണ് ഈ എഞ്ചിനുകള്‍. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ടര്‍ബോ-പെട്രോള്‍ എസ്‌യുവി കൂടിയാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍.
ഇതിലെ 1.0 ലിറ്റര്‍ TSI എഞ്ചിനാണ് ഏറ്റവും മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ ലിറ്ററിന് 19.98 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പില്‍ 19.54 കിലോമീറ്ററും മൈലേജ് ലഭിക്കും. കുഷാക്കിന്റെ 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ വേരിയന്റാണ്. ഇതിന്റെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് ലിറ്ററിന് 18.72 കിലോമീറ്റര്‍ ആണ്.
മിഡ്‌സൈസ് എസ്‌യുവിയുടെ അകത്തളത്തില്‍ നിരവധി അത്യാധുനികമായ സവിശേഷതകള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും മികച്ച ക്യാബിന്‍ അനുഭവം നല്‍കുന്നു. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയും ഇതില്‍ ലഭ്യമാണ്. കൂടാതെ വെന്റിലേറ്റഡ് സീറ്റുകളും പനോരമിക് സണ്‍റൂഫും യാത്ര കൂടുതല്‍ സുഖകരമാക്കുന്നു. 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റം മികച്ച ശ്രവ്യാനുഭവവും ഉറപ്പാക്കുന്നു.

സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല 2026 ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ഫെയ്‌സ്ലിഫ്റ്റ്. ഇബിഡിയോടു കൂടിയ എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ് എന്നീ സുരക്ഷ സവിശേഷതകള്‍ കാറിലുണ്ട്. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നിവ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ മികച്ച സ്‌കോര്‍ നേടിയ പാരമ്പര്യം അപ്‌ഡേറ്റഡ് മോഡലും പിന്തുടരും.
വിലയുടെ കാര്യത്തിലും ടൈഗൂണ്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. പുതിയ മോഡലിന്റെ പ്രാരംഭ വില 11 ലക്ഷം രൂപയാണ്. ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 19.3 ലക്ഷം രൂപയാണ് വില വരുന്നത്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. വിപണിയിലെ മറ്റ് മിഡ്-സൈസ് എസ്‌യുവികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഫര്‍ ചെയ്യുന്ന സവിശേഷതകള്‍ക്ക് അനുസൃതമായ മത്സരാധിഷ്ഠിത വിലയാണിതെന്ന് നിസംശയം പറയാം. വേരിയന്റുകള്‍ക്ക് അനുസരിച്ച് എസ്‌യുവിയുടെ ഫീച്ചറുകളിലും വിലയിലും മാറ്റങ്ങള്‍ ഉണ്ടാകും.

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, ടാറ്റ സിയറ, സ്‌കോഡ കുഷാഖ്, മാരുതി വിക്‌ടോറിസ് തുടങ്ങിയ വമ്പന്മാരുമായാണ് ടൈഗൂണ്‍ മത്സരിക്കുന്നത്. എന്നാല്‍ ജര്‍മ്മന്‍ ബില്‍ഡ് ക്വാളിറ്റിയും ഡ്രൈവിംഗ് ഡൈനാമിക്‌സും ടൈഗൂണിനെ വേറിട്ടു നിര്‍ത്തുന്നു. പ്രീമിയം എസ്‌യുവികള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫെയ്‌സ്ലിഫ്റ്റ് മോഡല്‍ ഒരു മികച്ച ചോയ്‌സ് ആയിരിക്കും. മാറ്റങ്ങള്‍ക്കൊപ്പം വിശ്വാസ്യതയും ഉറപ്പാക്കുന്നതാണ് ഫോക്‌സ്‌വാഗണിന്റെ പുതിയ ചുവടുവെപ്പ്.
ലോഞ്ച് ചെയ്തതിന് പിന്നാലെ തന്നെ ഡെലിവറി ആരംഭിച്ചത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ബുക്കിംഗ് നടത്തി കാത്തിരുന്നവര്‍ക്ക് ഷോറൂമുകളില്‍ നിന്ന് ഇപ്പോള്‍ വാഹനം സ്വന്തമാക്കാം. നിലവില്‍ ഷോറൂമുകളില്‍ വാഹനത്തിന്റെ പ്രദര്‍ശനവും ടെസ്റ്റ് ഡ്രൈവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി ഔദ്യോഗിക വെബ്‌സൈറ്റോ അടുത്തുള്ള ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പോ സന്ദര്‍ശിക്കാവുന്നതാണ്. സാങ്കേതിക മികവും സുരക്ഷയും ഒന്നിക്കുന്ന ടൈഗൂണ്‍ ഇന്ത്യന്‍ നിരത്തുകളില്‍ തരംഗമാകുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications