അപകടമുണ്ടായാൽ ADAS ചതിച്ചാശാനേന്ന് 'മോങ്ങിയിട്ട്' കാര്യമില്ല, ഉത്തരവാദി ഡ്രൈവർ മാത്രം; കോടതി വിധി ഇങ്ങനെ
മോഡേണ്‍ കാറുകളിലെ ട്രെന്‍ഡിംഗ് ഫീച്ചറുകളില്‍ ഒന്നാണ് ADAS എന്ന് നാം ചുരുക്കി വിളിക്കുന്ന ആധുനിക വാഹനങ്ങളിലെ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS). ഈ സുരക്ഷാ സവിശേഷത സജ്ജീകരിച്ച മോഡലുകള്‍ ചോദിച്ച് ജനം ഷോറൂമില്‍ വരാന്‍ തുടങ്ങിയതോടെ കമ്പനികള്‍ താങ്ങാവുന്ന വിലയിലുള്ള കാറുകളില്‍ വരെ ADAS ലഭ്യമാക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ADAS സംബന്ധിച്ച ഒരു സുപ്രധാന കോടതി ഉത്തരവാണ് വാഹന ലോകത്ത് ചര്‍ച്ചയാകുന്നത്. ADAS പ്രവര്‍ത്തനക്ഷമമായിരിക്കുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് ഡ്രൈവര്‍ തന്നെയായിരിക്കും പ്രാഥമിക ഉത്തരവാദിയെന്ന് ചൈനയിലെ സുപ്രീം പീപ്പിള്‍സ് കോടതി (SPC) വിധിച്ചു.
L1, L2 ADAS ഫീച്ചറുകള്‍ ലഭ്യമായ കാറുകള്‍ക്കെല്ലാം ഈ നിയമം ബാധകമായിരിക്കും. വാഹനം ഓടിക്കുന്ന ആള്‍ മാത്രമാണ് ഓപ്പറേറ്റര്‍ എന്നാണ് കോടതിയുടെ നിരീക്ഷണം. ADAS സിസ്റ്റംസ് ഡ്രൈവര്‍ക്ക് പകരമാകില്ലെന്നും കോടതി വ്യക്തമാക്കിയതായി ഒരു പ്രമുഖ ചൈനീസ് മാധ്യമത്തില്‍ (autohome.com.cn) വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പേര് സൂചിപ്പിക്കും പോലെ തന്നെ ഡ്രൈവര്‍മാര്‍ക്കുള്ള സഹായമായിട്ടാണ് ADAS വിഭാവനം ചെയ്തതെങ്കിലും അതിന്റെ ദുരുപയോഗത്തിന്റെ േപരിലാണ് ഫീച്ചര്‍ കൂടുതലും വാര്‍ത്തയായത്.

ADAS സാങ്കേതികവിദ്യയുടെ അമിത ഉപയോഗവും ദുരുപയോഗവും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ചൈനീസ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവറുടെ പൂര്‍ണ ശ്രദ്ധ വാഹനത്തില്‍ തന്നെ വേണമെന്നാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്. സാങ്കേതികവിദ്യ സഹായത്തിനായി മാത്രമുള്ളതാണെന്നും അത് ഡ്രൈവര്‍ക്ക് പകരമുള്ള സംവിധാനമല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു. അടുത്തിടെ നടന്ന ചില വിവാദങ്ങളില്‍ ADAS ഫീച്ചറുകളും ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് കോടതി ഇടപെടല്‍.
ഷെജിയാങ് പ്രവിശ്യയില്‍ മദ്യലഹരിയില്‍ ഡ്രൈവര്‍ കാറിന്റെ പൂര്‍ണ നിയന്ത്രണം ADAS സിസ്റ്റത്തെ ഏല്‍പ്പിച്ച് പാസഞ്ചര്‍ സീറ്റില്‍ കിടന്നുറങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. കൃത്രിമ ഉപകരണങ്ങള്‍ ഉപയോഗിച്ച് സ്റ്റിയറിംഗില്‍ കൈകള്‍ ഉണ്ടെന്ന് സിസ്റ്റത്തെ ഇദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഒടുവില്‍ വാഹനം നടുറോഡില്‍ നിന്ന് പോകുകയും വലിയ ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തില്‍ അപകടകരമായ ഡ്രൈവിംഗിന് ഇയാള്‍ക്ക് കോടതി 1 മാസം തടവും പിഴയും വിധിച്ചു.

സ്റ്റിയറിംഗില്‍ നിന്ന് കൈകള്‍ മാറ്റി വാഹനം ഓടിക്കാന്‍ സഹായിക്കുന്ന ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറികള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡ്രൈവര്‍മാരുടെ ഇത്തരം അശ്രദ്ധകള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. സാങ്കേതികവിദ്യയിലുള്ള അമിത വിശ്വാസം നിമിത്തം ഡ്രൈവിംഗില്‍ കാണിക്കുന്ന അലംഭാവം മൂലം അപകടങ്ങളുണ്ടാകുന്നത് തടയാനാണ് കോടതി ഇടപെടല്‍. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതും കുറ്റകരമായി കണക്കാക്കും.
ADAS സംവിധാനം പ്രവര്‍ത്തിക്കുമ്പോഴും റോഡ് സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഡ്രൈവര്‍ ബാധ്യസ്ഥനാണ്. ഹൈടെക് സംവിധാനങ്ങള്‍ ഉണ്ടെന്ന് കരുതി സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങള്‍ ഒഴിവാക്കാന്‍ പാടില്ലെന്നും നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് കടുത്ത പിഴയും തടവും ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ADAS സിസ്റ്റംസിനെ 'സെല്‍ഫ് ഡ്രൈവിംഗ്' എന്ന് തെറ്റായി വിശേഷിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെ കോടതി വിധി ബാധിക്കും.

ഡ്രൈവര്‍മാര്‍ക്ക് അമിത ആത്മവിശ്വാസം നല്‍കുന്ന പരസ്യങ്ങള്‍ ഇനിമുതല്‍ കമ്പനികള്‍ക്ക് ഒഴിവാക്കേണ്ടി വരും. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റ് ചില സുപ്രധാന തീരുമാനങ്ങളും ചൈന കൈക്കൊണ്ടിട്ടുണ്ട്. കാറുകളിലെ യോക്ക് സ്റ്റിയറിംഗ് വീലുകള്‍, ഫ്‌ലഷ്് ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയവയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ വരുത്തിയതാണ് ഒന്ന്. മാത്രമല്ല ടച്ച് സ്‌ക്രീനുകള്‍ക്ക് പകരം ഫിസിക്കല്‍ ബട്ടണുകള്‍ നിര്‍ബന്ധമാക്കുകയാണ്.
ന്യൂജെന്‍ ടെക്‌നോളജികളുടെ വികാസം തടയുകയല്ല മറിച്ച് അവയുടെ ധര്‍മം തിരിച്ചറിഞ്ഞ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് ഈ കോടതി വിധി ലക്ഷ്യം വെക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ADAS സാങ്കേതികവിദ്യ ജനകീയമാകുന്ന സാഹചര്യത്തില്‍ റോഡ് സുരക്ഷയില്‍ ഡ്രൈവര്‍മാരുടെ പങ്ക് വീണ്ടും ഊന്നിപ്പറയുന്ന ഈ വിധിക്ക് ഏറെ പ്രാധാന്യമുണ്ട്. ADAS ഫീച്ചറുകളുടെ ഉപയോഗത്തെ കുറിച്ച് ചൈനീസ് കോടതിയുടെ വിധിയും നിരീക്ഷണവും നിങ്ങള്‍ എങ്ങിനെ നോക്കിക്കാണുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ അറിയിക്കൂ.


Click it and Unblock the Notifications








