മടുപ്പില്ലാതെ സിറ്റിയിലേക്ക് ഇറങ്ങാം; കുറഞ്ഞ വിലയില്‍ വാങ്ങാം ഈ 7 ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകള്‍
ഇന്ത്യന്‍ നഗരങ്ങളിലെ ഇടുങ്ങിയ റോഡുകളിലൂടെയും ഗതാഗതക്കുരുക്കിലൂടെയും കാറോടിക്കുക എന്നത് പലപ്പോഴും വലിയ വെല്ലുവിളിയാണ്. എസ്യുവികളുടെ ഗാംഭീര്യവും സെഡാനുകളുടെ ആഡംബരവും ആഗ്രഹിക്കുന്നവര്‍ക്കിടയില്‍, പ്രായോഗികത കൊണ്ട് ശ്രദ്ധ നേടുന്നത് ഹാച്ച്ബാക്ക് കാറുകളാണ്. സിറ്റി ഡ്രൈവിംഗ് ആയാസരഹിതമാക്കാന്‍ സഹായിക്കുന്ന, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള 7 മികച്ച മോഡലുകളെ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകുന്ന ആ ഹാച്ചുകള്‍ നമുക്ക് പരിചയപ്പെടാം.
മാരുതി ബലേനോ & ടൊയോട്ട ഗ്ലാന്‍സ
ബലേനോയും ഗ്ലാന്‍സയുമാണ് ഈ പട്ടികയിലെ പ്രധാനികള്‍. ഒരേ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ രണ്ട് കാറുകളിലും 5 സ്പീഡ് എഎംടി (AMT) ഗിയര്‍ബോക്‌സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരേ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ എത്തുന്ന ഇവ നഗരങ്ങളിലെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമാണ്. വിശ്വസനീയമായ സര്‍വീസും മികച്ച ഇന്ധനക്ഷമതയും ഇവയെ മുന്‍പന്തിയില്‍ നിര്‍ത്തുന്നു. യഥാക്രമം 7.30 ലക്ഷം, 7.91 ലക്ഷം രൂപ മുതലാണ് ബലേനോയുടെയും ഗ്ലാന്‍സയുടെയും ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില തുടങ്ങുന്നത്.

മാരുതി സുസുക്കി സ്വിഫ്റ്റ്
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് മോഡലായ മാരുതി സുസുക്കി സ്വിഫ്റ്റിലും 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ലഭ്യമാണ്. സ്വിഫ്റ്റിന്റെ സ്‌പോര്‍ട്ടി ലുക്കിനൊപ്പം ഓട്ടോമാറ്റിക് സൗകര്യം കൂടി ചേരുമ്പോള്‍ യുവാക്കള്‍ക്കിടയില്‍ ഇതിന് വലിയ സ്വീകാര്യത ലഭിക്കുന്നു. മറ്റ് പ്രീമിയം മോഡലുകളെ അപേക്ഷിച്ച് ഇതിന്റെ ഗിയര്‍ ഷിഫ്റ്റിംഗ് അല്‍പ്പം വ്യത്യാസപ്പെട്ടതാണെങ്കിലും സിറ്റി ട്രാഫിക്കില്‍ സ്വിഫ്റ്റ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 7.04 ലക്ഷം രൂപ മുതലാണ് സ്വിഫ്റ്റ് എഎംടിയുടെ വില തുടങ്ങുന്നത്.
ഹ്യുണ്ടായി i20
പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന ഹ്യുണ്ടായി i20 സിവിടി (CVT), ഡിസിടി (DCT) എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. നഗരത്തിലെ ട്രാഫിക് ബ്ലോക്കുകളില്‍ സിവിടി സുഗമമായ ഡ്രൈവിംഗ് അനുഭവം നല്‍കുമ്പോള്‍, പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്കായി ഹൈ-എന്‍ഡ് വേരിയന്റുകളില്‍ ഡിസിടി ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. 8.13 ലക്ഷം രൂപ മുതലാണ് i20 ഓട്ടോമാറ്റിക് വേരിയന്റുകള്‍ വാങ്ങാനാകുക.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്
ഹ്യുണ്ടായിയുടെ തന്നെ ഗ്രാന്‍ഡ് i10 നിയോസ് 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സുമായാണ് എത്തുന്നത്. സ്വിഫ്റ്റ് എഎംടിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഈ മോഡലിന്റെ പ്രത്യേകത ഡ്രൈവിംഗിലെ വൈബ്രേഷനുകള്‍ വളരെ കുറവാണെന്നതാണ്്. ബജറ്റ് ഫ്രണ്ട്ലിു ഓട്ടോമാറ്റിക് കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഹാച്ച്ബാക്ക് മികച്ചൊരു ചോയ്‌സ് ആയിരിക്കും. ഗ്രാന്‍ഡ് i10 നിയോസ് എഎംടി പതിപ്പുകളുടെ വില തുടങ്ങുന്നത് 7.12 ലക്ഷം രൂപ മുതലാണ്.
ടാറ്റ അള്‍ട്രോസ്
സുരക്ഷയ്ക്കും പെര്‍ഫോമന്‍സിനും മുന്‍ഗണന നല്‍കുന്ന ടാറ്റ അള്‍ട്രോസ് 5 സ്പീഡ് എഎംടി, 6 സ്പീഡ് ഡിസിഎ (DCA) എന്നീ രണ്ട് ഓപ്ഷനുകളില്‍ ലഭ്യമാണ്. കുറഞ്ഞ വിലയില്‍ ഓട്ടോമാറ്റിക് ആഗ്രഹിക്കുന്നവര്‍ക്ക് എഎംടി തിരഞ്ഞെടുക്കാം. എന്നാല്‍ അള്‍ട്രോസിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ നല്‍കിയിരിക്കുന്ന ഡിസിഎ ഗിയര്‍ബോക്‌സ് കൂടുതല്‍ മൈലേജ് നല്‍കുന്നതിനായി പ്രത്യേകം ട്യൂണ്‍ ചെയ്തിട്ടുള്ളതാണ്. നിലവില്‍ 8.07 ലക്ഷം മുതല്‍ ആള്‍ട്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ വാങ്ങാം.
ടാറ്റ ടിയാഗോ
ടാറ്റയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറായ ടിയാഗോ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ലഭ്യമാണ്. ഇതിലെ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ക്രീപ്പ് ഫംഗ്ഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നു. ട്രാഫിക് ബ്ലോക്കുകളില്‍ ബ്രേക്കില്‍ നിന്ന് കാലെടുക്കുമ്പോള്‍ തന്നെ വാഹനം സാവധാനം നീങ്ങാന്‍ ഇത് സഹായിക്കുന്നു. ടിയാഗോയുടെ സിഎന്‍ജി പതിപ്പിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമാണ് എന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ 6.38 ലക്ഷം രൂപ മുതലാണ് ടിയാഗോ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില തുടങ്ങുന്നത്.
സിട്രണ്‍ C3
എസ്‌യുവി സ്‌റ്റൈലിംഗില്‍ വരുന്ന സിട്രണ്‍ C3 ആണ് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉള്ള സെഗ്‌മെന്റിലെ ഏക മോഡല്‍. സിട്രണ്‍ C3-യുടെ ഉയര്‍ന്ന 'ഷൈന്‍' (Shine) വേരിയന്റില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുന്നത്. മറ്റ് കാറുകളിലെ എഎംടി ഗിയര്‍ബോക്‌സിനെ അപേക്ഷിച്ച് കൂടുതല്‍ സുഗമമായ ഷിഫ്റ്റിംഗ് അനുഭവം നല്‍കാന്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടറിന് സാധിക്കുന്നു. 10 ലക്ഷം മുതലാണ് ഫ്രഞ്ച് കാറിന്റെ ഓട്ടോമാറ്റിക് പതിപ്പുകളുടെ വില തുടങ്ങുന്നത്. ഇവയെല്ലാം എക്സ്‌ഷോറൂം വിലകളാണ്.

ഹാച്ച്ബാക്കുകളുടെ പ്രായോഗികത
എസ്‌യുവികളുടെ സ്‌പേസും സെഡാനുകളുടെ എയറോഡൈനാമിക്‌സ് രൂപവും സമന്വയിപ്പിക്കുന്നവയാണ് ഹാച്ച്ബാക്ക് കാറുകള്‍. ഇടുങ്ങിയ റോഡുകളില്‍ അനായാസം പാര്‍ക്ക് ചെയ്യാനും തിരിക്കാനും ഇവ സഹായിക്കുന്നു. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കൂടി ചേരുമ്പോള്‍ നഗരങ്ങളിലെ തിരക്കേറിയ യാത്രകള്‍ കൂടുതല്‍ സുഖകരവും സമ്മര്‍ദരഹിതവുമായി മാറുന്നു.സിറ്റി ഡ്രൈവിംഗിനായി ഒരു കാര്‍ വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ ഇതില്‍ ഏത് ഓട്ടോമാറ്റിക് കാറാണ് തിരഞ്ഞെടുക്കുക? നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുമല്ലോ.


Click it and Unblock the Notifications