പുറകിലിരുന്നു സുഖമായി ഉറങ്ങാം! റീക്ലൈനിംഗ് സീറ്റുകളുള്ള ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറുകൾ ഇതാ!
ദീര്‍ഘദൂര യാത്രകളില്‍ ക്ഷീണവും മടുപ്പുമില്ലാതിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഒട്ടുമിക്ക കാര്‍ കമ്പനികളും ചില കംഫര്‍ട്ട് ഫീച്ചറുകള്‍ ഫ്രണ്ട് സീറ്റുകളില്‍ മാത്രമായിരിക്കും നല്‍കുക. യാത്രക്കാരന്റെ ഇഷ്ടാനുസരണം സീറ്റ് ചരിക്കാന്‍ പറ്റുന്ന ഫംഗ്ഷന്‍ അത്തരത്തില്‍ ഒന്നാണ്. റിയര്‍ റിക്ലൈനിംഗ് സീറ്റുകള്‍ മുമ്പ് പ്രീമിയം കാറുകളില്‍ മാത്രം കണ്ടിരുന്ന ഒരു ഫീച്ചര്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറഞ്ഞ വിലയുള്ള ചില എസ്‌യുവികളിലും എംപിവികളിലു ഈ സൗകര്യം ലഭിക്കുന്നുണ്ട്. ഫാമിലി ട്രിപ്പുകളും ഔട്ടിങ്ങുകളും കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു. 2026-ല്‍ റിക്ലൈനിംഗ് സീറ്റുകള്‍ ലഭിക്കുന്ന ഏറ്റവും മികച്ച ബജറ്റ് ഫ്രണ്ട്‌ലി കാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
നിസാന്‍ ഗ്രാവൈറ്റ്
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പുതിയ 7-സീറ്റര്‍ എംപിവിയാണ് നിസാന്‍ ഗ്രാവൈറ്റ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന 7-സീറ്റര്‍ എംപിവികളില്‍ ഒന്നായാണ് നിസാന്‍ ഗ്രാവൈറ്റ് ന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില വെറും 5.65 ലക്ഷം രൂപ മാത്രമാണ്. നിസാന്‍ എംപിവിയുടെ രണ്ടാം നിരയില്‍ സീറ്റ് റീക്ലൈനിംഗ് സൗകര്യം ലഭ്യമാണ്. ലിമിറ്റഡ് ലോഞ്ച് എഡിഷനില്‍ ജെബിഎല്‍ പ്രീമിയം സൗണ്ട് സിസ്റ്റം, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഫീച്ചറുകളും നിസാന്‍ ഒരുക്കിയിട്ടുണ്ട്.

റെനോ ട്രൈബര്‍
ബജറ്റ് എംപിവി വിപണിയിലെ മറ്റൊരു കരുത്തനാണ് റെനോ ട്രൈബര്‍. കോംപാക്ട് വലിപ്പം, 7 സീറ്റര്‍ കോണ്‍ഫിഗറേഷന്‍, കൂടാതെ റിക്ലൈനിംഗ് സീറ്റ് സൗകര്യം എന്നിവ ഇതിനെ ഫാമിലികള്‍ക്ക് അനുയോജ്യമാക്കുന്നു. 5.76 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകുന്ന ട്രൈബറിന്റെ രണ്ടാം നിര സീറ്റുകള്‍ റീക്ലൈന്‍ ചെയ്യാനും സ്ലൈഡ് ചെയ്യാനും സാധിക്കും. ഈ പ്രൈസ് റേഞ്ചില്‍ മികച്ച സ്‌പേസും പ്രായോഗികതയും വാഗ്ദാനം ചെയ്യുന്ന ട്രൈബര്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറെ അനുയോജ്യമാണ്.
ഹ്യുണ്ടായി വെന്യു
സബ്-4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലെ ജനപ്രിയ മോഡലായ ഹ്യുണ്ടായി വെന്യുവിന്റെ ശ്രദ്ധേയ സവിശേഷതകളില്‍ ഒന്നാണ് റിയര്‍ റിക്ലൈനിംഗ് സീറ്റുകള്‍. അടുത്തിടെ തലമുറമാറ്റം സംഭവിച്ച പുതിയ വെന്യുവിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ ടു-സ്റ്റെപ്പ് റീക്ലൈനിംഗ് ഫംഗ്ഷന്‍ ലഭ്യമാണ്. കൂടാതെ ഡ്യുവല്‍ പനോരമിക് സണ്‍റൂഫ്, ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്. കോംപാക്ട് എസ്‌യുവിയുടെ ബേസ് വേരിയന്റിന് 7.89 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

കിയ സിറോസ്
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്യുന്ന ബോക്‌സി സ്‌റ്റൈലില്‍ വരുന്ന കോംപാക്ട് എസ്‌യുവിയായ സിറോസ് നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് വിപണിയിലെത്തിയത്. റിക്ലൈനിംഗ് ഫംഗ്ഷന്‍ കൊണ്ടുവന്ന് സെഗ്‌മെന്റില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ച സിറോസിന്റെ പിന്‍സീറ്റുകള്‍ക്ക് വെന്റിലേഷന്‍ സൗകര്യവും നല്‍കിയിട്ടുണ്ട്. നിലവില്‍ 8.67 ലക്ഷം രൗപ പ്രാരംഭ വിലയില്‍ വില്‍ക്കുന്ന സിറോസിന്റെ ടോപ് സ്‌പെക് HTX+ ട്രിമ്മിലാണ് ഈ ഫംഗ്ഷന്‍ ലഭിക്കുന്നത്. ഇതിന് 14.56 ലക്ഷം രൂപയാണ് വില.
മാരുതി സുസുക്കി എര്‍ട്ടിഗ/ടൊയേട്ട റൂമിയോണ്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എംപിവിയായ എര്‍ട്ടിഗയുടെ റിയര്‍സീറ്റുകളും ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ സാധിക്കും. എര്‍ട്ടിഗയില്‍ രണ്ടാം നിരയിലും മൂന്നാം നിരയിലും യാത്രക്കാര്‍ക്ക് സുഖകരമായ സീറ്റിംഗ് പൊസിഷന്‍ ഉറപ്പാക്കാം. മാരുതി എംപിവിയുടെ ടൊയോട്ട റീബാഡ്ജ് മോഡലായ റൂമിയോണിലും ഇതേ ഫീച്ചറുകള്‍ ലഭ്യമാണ്. എര്‍ട്ടിഗയുടെ ബേസ് വേരിയന്റിന്റെ വില 8.80 ലക്ഷം രൂപയാണ്. അതേസമയം 10.51 ലക്ഷം രൂപ മുതലാണ് റൂമിയോണിന്റെ വില തുടങ്ങുന്നത്.
കിയ കാരെന്‍സ്
10.99 ലക്ഷം രൂപ പ്രാരംഭ വിലയുള്ള കാരെന്‍സിന്റെ രണ്ടാം നിരയില്‍ സ്ലൈഡിംഗ്, ഫോര്‍ഡിംഗ് ഫംഗ്ഷനുകളുള്ള റിക്ലൈനിംഗ് സീറ്റുകളാണുള്ളത്. എംപിവിയുടെ മൂന്നാം നിര സീറ്റുകളും ഇതേ ധര്‍മം നിര്‍വഹിക്കാന്‍ ശേഷിയുള്ളവയാണ്. മൂന്നാം നിരയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന വണ്‍-ടച്ച് ടംബിള്‍ ഫീച്ചറും കാരന്‍സിന്റെ പ്രത്യേകതയാണ്. 6 സീറ്റര്‍ വേരിയന്റിലെ ക്യാപ്റ്റന്‍ സീറ്റുകള്‍ ദീര്‍ഘദൂര യാത്രകളില്‍ മികച്ച യാത്രാസുഖം പ്രദാനം ചെയ്യും.
ടാറ്റ സിയറ
ഐക്കണിക് എസ്‌യുവി റീലോഞ്ച് ചെയ്തപ്പോള്‍ പ്രീമിയം ഫീച്ചറുകളാല്‍ സമ്പന്നമായ ക്യാബിന്‍ തന്നെയാണ് ടാറ്റ ഒരുക്കിയത്. 'ലോഞ്ച്' അനുഭവം സമ്മാനിക്കുന്ന റീക്ലൈനിംഗ് സീറ്റുകളാണ് സിയറയില്‍ വരുന്നത്. ഇതിലെ സവിശേഷമായ 'ബോസ് മോഡ്' പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് അകത്തെ സ്‌പെയ്‌സ് ക്രമീകരിക്കാന്‍ അവസരം നല്‍കുന്നു. പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് അധിക സൗകര്യമായി കപ്പ് ഹോള്‍ഡറോട് കൂടിയ റിയര്‍ ആംറെസ്റ്റും ലഭ്യമാണ്. സിയറ ഐസിഇ പതിപ്പുകളുടെ വില തുടങ്ങുന്നത് 15.99 ലക്ഷം രൂപ മുതലാണ്.

ഹ്യുണ്ടായി ക്രെറ്റ / കിയ സെല്‍റ്റോസ്
മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ കൊറിയന്‍ വീരന്‍മാരായ ക്രെറ്റയും സെല്‍റ്റോസും രണ്ടാം നിരയില്‍ റീക്ലൈനിംഗ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. ഏകദേശം 10.72 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ മോഡലുകള്‍ ആഡംബരവും പെര്‍ഫോമന്‍സും ആഗ്രഹിക്കുന്നവരുടെ മുന്നിലുള്ള ആദ്യ ചോയ്‌സുകളാണ്. ഡ്യുവല്‍ സോണ്‍ എസി, പനോരമിക് സണ്‍റൂഫ് എന്നിവയടക്കം ഇന്നത്തെ മോഡേണ്‍ എസ്‌യുവികളില്‍ വേണ്ട ഒട്ടുമിക്ക ഫീച്ചറുകളും സമീപകാല അപ്‌ഡേറ്റുകളിലൂടെ ഈ മോഡലുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications








