മിന്നൽ വേഗതയുള്ള 'ചലിക്കുന്ന കൊട്ടാരം'! ഔഡി SQ8 മാർച്ച് 17-ന് എത്തും; ₹5 ലക്ഷം നൽകി ഇപ്പോൾ ബുക്ക് ചെയ്യാം
ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി തങ്ങളുടെ ഏറ്റവും പുതിയ പെര്‍ഫോമന്‍സ് എസ്‌യുവി ഔഡി SQ8-ന്റെ (Audi SQ8) ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. വേഗതയും ആഡംബരവും ഒത്തുചേരുന്ന വാഹനത്തിന്റെ പ്രീ-ബുക്കിംഗാണ് കമ്പനി ഇപ്പോള്‍ തുടങ്ങിയത്. ഔഡി ഇന്ത്യയുടെ വെബ്സൈറ്റ് വഴിയോ 'മൈ ഔഡി കണക്ട്' ആപ്ലിക്കേഷന്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് ഔഡി SQ8 പ്രീ ബുക്ക് ചെയ്യാവുന്നതാണ്. മാര്‍ച്ച് 17-ന് നടക്കാനിരിക്കുന്ന ഗംഭീര ലോഞ്ചിന് മുന്നോടിയായി അഞ്ച് ലക്ഷം രൂപ ടോക്കണ്‍ തുക നിശ്ചയിച്ചാണ് കമ്പനി പ്രീ-ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങിയത്.
പെര്‍ഫോമന്‍സ് വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു പ്രഖ്യാപനമാണിത്. സ്റ്റാന്‍ഡേര്‍ഡ് Q8 മോഡലിനും ടോപ്പ് എന്‍ഡ് വേരിയന്റായ RS Q8-നും ഇടയിലായിരിക്കും പുതിയ ഔഡി SQ8-ന്റെ സ്ഥാനം. ഔഡിയുടെ സ്‌പോര്‍ട്‌സ് ഡിവിഷനായ 'S' വിഭാഗം പരിഷ്‌കരിച്ച ഈ എസ്‌യുവി, ഒരു കൂപ്പെ ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് Q8 മോഡലില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ Q8-ന്റെ ഡിസൈനിംഗിലും ഔഡി ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.വലിയ എയര്‍ ഇന്‍ടേക്കുകള്‍, S-സ്‌പെസിഫിക് ബാഡ്ജിംഗ്, മാറ്റ് സില്‍വര്‍ എലമെന്റുകള്‍ എന്നിവ ഘടകങ്ങള്‍ എന്നിവ എക്‌സ്റ്റീരിയര്‍ ആകര്‍ഷകമാക്കുന്നു. നാല് എക്സ്ഹോസ്റ്റ് ടിപ്പുകളും വലിയ അലോയ് വീലുകളും എസ്‌യുവിക്ക് പരുക്കന്‍ ഭാവം നല്‍കുന്നു. കാഴ്ചയില്‍ സാധാരണ Q8 മോഡലുകളില്‍ നിന്നും ഇതിനെ വേര്‍തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തിലാണ് ഡിസൈന്‍.
ഉള്ളില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്രീമിയം ക്യാബിനാണ് ഔഡി ഒരുക്കിയിരിക്കുന്നത്. അല്‍കന്റാര, ലെതര്‍ അപ്ഹോള്‍സ്റ്ററി എന്നിവ ആഡംബരം വര്‍ദ്ധിപ്പിക്കുന്നു. ഡാഷ്ബോര്‍ഡില്‍ രണ്ട് 12.3 ഇഞ്ച് ഡിസ്പ്ലേകളാണുള്ളത്. പനോരമിക് സണ്‍റൂഫ്, ഹെഡ്-അപ്പ് ഡിസ്പ്ലേ, മസാജ് ഫംഗ്ഷനോട് കൂടിയ വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ യാത്രക്കാര്‍ക്ക് കൊട്ടാരസമാനമായ അനുഭവം നല്‍കുന്നു. ഔഡിയുടെ ഏറ്റവും പുതിയ കണക്റ്റഡ് കാര്‍ ടെക്‌നോളജിയും ഇതിലുണ്ട്.
എഞ്ചിന്‍ കരുത്തിന്റെ കാര്യത്തില്‍ ഔഡി SQ8 ആരെയും വിസ്മയിപ്പിക്കും. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 TFSI പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് പരമാവധി 500 hp പവറും 770 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. കരുത്തുറ്റ ഈ V8 എഞ്ചിന്‍ ഹൈവേകളില്‍ സമാനതകളില്ലാത്ത പെര്‍ഫോമന്‍സ് കാഴ്ചവെക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
വേഗതയുടെ കാര്യത്തില്‍ ഒരു സ്‌പോര്‍ട്‌സ് കാറിനോട് കിടപിടിക്കുന്ന പ്രകടനമാണ് ഈ എസ്‌യുവി കാഴ്ചവെക്കുന്നത്. വെറും 4.1 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഔഡി SQ8-ന് സാധിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഔഡിയുടെ ഐതിഹാസികമായ 'ക്വാട്രോ' ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും എഞ്ചിന്‍ പവര്‍ തുല്യമായി വിതരണം ചെയ്യപ്പെടുന്നു.

ഡ്രൈവിംഗ് അനുഭവം കൂടുതല്‍ സുഗമമാക്കാന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ മോഡലില്‍ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ഓള്‍-വീല്‍ സ്റ്റിയറിംഗ് എന്നിവ വാഹനത്തിന്റെ സ്റ്റബിലിറ്റിയും നിയന്ത്രണവും വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന വേഗതയിലും വളവുകളിലും കാര്‍ കൃത്യമായ ഗ്രിപ്പ് നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഈ സാങ്കേതിക വിദ്യകള്‍ സഹായിക്കുന്നു.
മാര്‍ച്ച് 17-ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലായിരിക്കും വാഹനത്തിന്റെ ഔദ്യോഗിക വില പ്രഖ്യാപനം നടക്കുക. സാധാരണ ആഡംബര എസ്‌യുവികളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ കരുത്തും സ്‌പോര്‍ട്ടി ക്യാരക്ടറും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് SQ8 എത്തുന്നതെന്ന് ഔഡി ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ബല്‍ബീര്‍ സിംഗ് ധില്ലന്‍ പറഞ്ഞു. പരിമിതമായ യൂണിറ്റുകള്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ഈ കാര്‍ ലഭ്യമാകുക. അതുകൊണ്ട് താല്‍പ്പര്യമുള്ളവര്‍ നേരത്തെ തന്നെ ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത്.


Click it and Unblock the Notifications








