കാല് കൊടുത്താൽ 'അഡ്രിനാലിൻ പമ്പിങ്'! 507hp പവറുമായി ഔഡി SQ8 ഇന്ത്യയിലേക്ക്; മാർച്ച് 17-ന് വില അറിയാം
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി ഏറ്റവും പുതിയ പെര്‍ഫോമന്‍സ് എസ്‌യുവിയായ SQ8 മാര്‍ച്ച് 17-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നിലവിലുള്ള Q8 ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ സ്‌പോര്‍ട്ടി വേരിയന്റ് എത്തുന്നത്. എസ്‌യുവിയുടെ ബുക്കിംഗ് ഔഡിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും 'മൈ ഔഡി കണക്ട്' ആപ്പ് വഴിയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 5 ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം. ഔഡി മോഡല്‍ നിരയില്‍ സ്റ്റാന്‍ഡേര്‍ഡ് Q8 മോഡലിനും ടോപ്പ് എന്‍ഡ് വേരിയന്റായ RS Q8-നും ഇടയിലായിരിക്കും പുതിയ ഔഡി SQ8-ന്റെ സ്ഥാനം.
ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയുടെ കൂടുതല്‍ കരുത്തുറ്റതും സ്‌പോര്‍ട്ടിയറുമായ ഈ പതിപ്പിന്റെ വില മാര്‍ച്ച് 17-ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ജര്‍മന്‍ ബ്രാന്‍ഡ് വെളിപ്പെടുത്തും. പെര്‍ഫോമന്‍സ് എസ്‌യുവികള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേകമായി ട്യൂണ്‍ ചെയ്ത മെക്കാനിക്കല്‍ ഘടകങ്ങളാണ് ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. കരുത്തുറ്റ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 പെട്രോള്‍ എഞ്ചിനാണ് ഔഡി SQ8-ന് കരുത്ത് പകരുന്നത്.

ഈ എഞ്ചിന്‍ പരമാവധി 507 hp പവറും 770 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇത് സ്റ്റാന്‍ഡേര്‍ഡ് Q8-നേക്കാള്‍ 167 hp പവര്‍ അധികം പുറത്തെടുക്കുന്നു. വേഗതയുടെ കാര്യത്തിലും ഔഡി SQ8 എസ്‌യുവിക്ക് വിസ്മയിപ്പിക്കുന്ന കണക്കുകളാണ് പങ്കുവെക്കാനുള്ളത്. വെറും 4.1 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എസ്‌യുവിക്ക് സാധിക്കും. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.
8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴിയാണ് നാല് വീലുകളിലേക്കും പവര്‍ അയക്കുന്നത്. ഔഡിയുടെ ഐതിഹാസികമായ 'ക്വാട്രോ' (Quattro) ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം SQ8-ല്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, റിയര്‍-വീല്‍ സ്റ്റിയറിംഗ്, സ്‌പോര്‍ട്ട് ഡിഫറന്‍ഷ്യല്‍ എന്നിവ ഡ്രൈവിംഗ് ആയാസരഹിതമാക്കുന്നു. ആക്ടീവ് റോള്‍ സ്റ്റെബിലൈസേഷന്‍ സംവിധാനം ഉയര്‍ന്ന വേഗതയിലും വളവുകളിലും വാഹനം കൃത്യമായ നിയന്ത്രണത്തില്‍ നിലനിര്‍ത്താന്‍ ഡ്രൈവറെ സഹായിക്കും.

കാഴ്ചയില്‍ സാധാരണ Q8 മോഡലുകളില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ പാകത്തിലുള്ള ഡിസൈന്‍ മാറ്റങ്ങള്‍ SQ8 മോഡലില്‍ ഔഡി വരുത്തിയിട്ടുണ്ട്. വലിയ എയര്‍ ഇന്‍ടേക്കുകള്‍, S-സ്‌പെസിഫിക് ബാഡ്ജിംഗ്, നാല് എക്സ്ഹോസ്റ്റ് ടിപ്പുകള്‍ എന്നിവയാണ് എക്‌സ്റ്റീരിയറിലെ പ്രധാന ആകര്‍ഷണങ്ങള്‍. മാട്രിക്‌സ് എല്‍ഇഡി ഹെഡ്ലാമ്പുകളും പിന്‍ഭാഗത്ത് ഫുള്‍ വിഡ്ത്ത് എല്‍ഇഡി ടെയില്‍ ലൈറ്റുകളും വാഹനത്തിന്റെ പ്രീമിയം ലുക്ക് ഉയര്‍ത്തുന്നു.
ഉള്ളില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലക്ഷ്വറി ക്യാബിനാണ് ഔഡി ഒരുക്കിയിരിക്കുന്നത്. അല്‍കന്റാര, പ്രീമിയം ലെതര്‍ എന്നിവ ആഡംബരം വര്‍ദ്ധിപ്പിക്കുന്നു. ഡാഷ്ബോര്‍ഡില്‍ രണ്ട് 12.3 ഇഞ്ച് ഡിസ്പ്ലേകളാണുള്ളത്. പനോരമിക് സണ്‍റൂഫ്, ഹെഡ്-അപ്പ് ഡിസ്പ്ലേ, ബാങ് ആന്‍ഡ് ഒലൂഫ്‌സണ്‍ സൗണ്ട് സിസ്റ്റം, മസാജ് ഫംഗ്ഷനോട് കൂടിയ വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ യാത്രക്കാര്‍ക്ക് കൊട്ടാരസമാനമായ അനുഭവം നല്‍കുന്നു.

ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 1.8 കോടി മുതല്‍ 1.9 കോടി രൂപ വരെയാണ് ഔഡി SQ8 പെര്‍ഫോമന്‍സ് എസ്‌യുവിക്ക് വില പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ മെര്‍സിഡീസ്-AMG GLE 53 കൂപ്പെ, പോര്‍ഷ കയെന്‍ GTS എന്നിവയുമായാണ് ഔഡി SQ8 പ്രധാനമായും മത്സരിക്കുന്നത്. ആഡംബരവും പെര്‍ഫോമന്‍സും ഒത്തിണങ്ങിയ ഒരു എസ്‌യുവി ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ഔഡി SQ8 മികച്ച ഓപ്ഷനാണ്.


Click it and Unblock the Notifications








