ലക്ഷങ്ങൾ ലാഭിക്കാം, മൈലേജും കൂട്ടാം! ബുദ്ധിമാന്മാർ എസ്‌യുവി തഴഞ്ഞ് ഹാച്ച്ബാക്ക് വാങ്ങാനുള്ള കാരണം അറിയാമോ?
ഇന്ത്യയില്‍ ഇപ്പോള്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ പകുതിയിലധികവും സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ് (എസ്‌യുവി). രാജ്യത്ത് എസ്‌യുവികള്‍ ജനപ്രിയമാകാന്‍ പ്രായോഗികവും സാമൂഹികവുമായ കാരണങ്ങളുണ്ട്. ഇവിടുത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ക്ക് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ള എസ്‌യുവികളാണ് കൂടുതല്‍ സുരക്ഷിതവും ആശ്വാസകരവുമെന്നതാണ് ഒന്ന്. സീറ്റിംഗ് പൊസിഷനും അവയുടെ അകത്തളത്തിലെ വിശാലമായ സൗകര്യങ്ങളുമെല്ലാം കുടുംബങ്ങളെ എസ്‌യുവികളിലേക്ക് അടുപ്പിക്കുന്നു. വലുപ്പമേറിയ വാഹനമെന്ന നിലയില്‍ എസ്‌യുവികള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന ധാരണയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.
മാത്രമല്ല എസ്‌യുവികള്‍ സ്റ്റാറ്റസ് സിംബലും മോഡേണ്‍ ലൈഫ്‌സ്‌റ്റൈലിന്റെ പ്രതീകവുമായി മാറിയിട്ടുണ്ട്. കോംപാക്റ്റ് എസ്‌യുവികളുടെ വരവോടെ മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്കും ഇവ സ്വന്തമാക്കാമെന്ന സ്ഥിതിയായി. എന്നാല്‍, പലപ്പോഴും എസ്‌യുവി എന്ന ലേബലില്‍ പുറത്തിറങ്ങുന്ന ചെറിയ ക്രോസ് ഓവര്‍ വാഹനങ്ങളേക്കാള്‍ പ്രായോഗികത കൊണ്ടും സാമ്പത്തികമായും ലാഭം ഹാച്ച്ബാക്കുകളാണ്. ദൈനംദിന ഉപയോഗത്തിന് എസ്‌യുവികളേക്കാള്‍ നല്ലത് ഹാച്ച്ബാക്കാണെന്ന് പറയാനുള്ള കാരണം പരിശോധിക്കാം.

കുറഞ്ഞ വില, കൂടുതല്‍ മൂല്യം
ഒരു വാഹനം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ആദ്യം ശ്രദ്ധിക്കുന്നത് അതിന്റെ വിലയാണ്. എന്‍ട്രി ലെവല്‍ എസ്‌യുവികള്‍ക്ക് വിപണിയില്‍ 6 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുമ്പോള്‍, അതിന്റെ പകുതി വിലയ്ക്ക് അതായത് 3 ലക്ഷം രൂപ മുതല്‍ മികച്ച ഹാച്ച്ബാക്കുകള്‍ ലഭ്യമാണ്. ഒരേ സീറ്റിംഗ് കപാസിറ്റിയുള്ള വാഹനം കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.
ഡ്രൈവിംഗ് & ഹാന്‍ഡ്‌ലിംഗ്
ഡ്രൈവിംഗ് ഡൈനാമിക്‌സിന്റെ കാര്യത്തില്‍ ഹാച്ച്ബാക്കുകള്‍ എസ്‌യുവികളേക്കാള്‍ മികച്ച് നില്‍ക്കുന്നു. ഹാച്ച്ബാക്കുകളുടെ കുറഞ്ഞ ഉയരവും താഴ്ന്ന സെന്റര്‍ ഓഫ് ഗ്രാവിറ്റിയും ഡ്രൈവിംഗ് കൂടുതല്‍ സുഗമമാക്കുന്നു. ഉയര്‍ന്ന വേഗതയിലും വളവുകളിലും വാഹനം കൂടുതല്‍ സ്ഥിരതയോടെ റോഡില്‍ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. എസ്‌യുവികളില്‍ പൊതുവെ കണ്ടുവരുന്ന ബോഡി റോള്‍ പ്രശ്‌നം ഹാച്ച്ബാക്കുകളില്‍കുറവാണ്. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നു. എസ്‌യുവികളേക്കാള്‍ ചെറിയ എഞ്ചിനുകളും പവര്‍ ഔട്ട്പുട്ടുമാണുള്ളതെങ്കിലും ഹാച്ച്ബാക്കുകളുടെ ആക്‌സിലറേഷന്‍ കൂടുതല്‍ അഗ്രസീവായി തോന്നും.

ഇന്ധനക്ഷമതയും പരിപാലനവും
കനത്ത സിറ്റി ട്രാഫിക്കില്‍ മികച്ച ഇന്ധനക്ഷമത നിലനിര്‍ത്താന്‍ ഹാച്ച്ബാക്കുകള്‍ക്ക് പ്രത്യേക കഴിവുണ്ട്. എസ്‌യുവി ഉടമകള്‍ പലപ്പോഴും സിറ്റി ഡ്രൈവിംഗില്‍ മൈലേജ് കുറവാണെന്ന് പരാതിപ്പെടുമ്പോള്‍, ഹാച്ച്ബാക്കുകള്‍ കുറഞ്ഞ ഇന്ധനത്തില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നു. ഹാച്ച്ബാക്കുകളുടെ ടയറുകള്‍ക്കും മറ്റ് മെക്കാനിക്കല്‍ ഭാഗങ്ങള്‍ക്കും എസ്‌യുവികളെ അപേക്ഷിച്ച് വില കുറവായതിനാല്‍ പരിപാലന ചെലവും വളരെ കുറവായിരിക്കും.
പാര്‍ക്കിംഗും സിറ്റി ഡ്രൈവിംഗും
ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളിലെ ഇടുങ്ങിയ റോഡുകളിലൂടെ ഓടിച്ച് കൊണ്ടുനടക്കാന്‍ എന്തുകൊണ്ടും നല്ലത് ഹാച്ച്ബാക്കുകളാണ്. എസ്‌യുവികള്‍ക്ക് ആവശ്യമായ അത്രയും പാര്‍ക്കിംഗ് സ്‌പെയ്‌സും ഹാച്ച്ബാക്കുകള്‍ക്ക് വേണ്ട. ഇടുങ്ങിയ സ്ഥലങ്ങളിലൂടെ അടക്കം അനായാസം വാഹനം തിരിക്കാനും ട്രാഫിക്കിലൂടെ വെട്ടിച്ച് മാറ്റാനും ഹാച്ച്ബാക്കുകളുടെ ഒതുക്കമുള്ള രൂപകല്‍പ്പന സഹായിക്കുന്നു. ഇത് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല.

ആർക്ക് ഹാച്ച്ബാക്ക് അനുയോജ്യം?
നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ യാത്ര ചെയ്യാനുള്ളത് നഗര പരിധിയിലാണെങ്കില്‍ ഹാച്ച്ബാക്കുകള്‍ തന്നെയാണ് ഏറ്റവും മികച്ച ഓപ്ഷന്‍. അതേസമയം, ഹൈവേ ഡ്രൈവുകളും ഓഫ്-റോഡ് യാത്രകളും ഇടക്കിടെ പോകുന്ന വ്യക്തികള്‍ക്കാണ് വേണ്ട ഗുണം ചെയ്യുക. കേവലം പുറംമോടിക്ക്പ്രാധാന്യം നല്‍കാതെ പ്രായോഗികതയ്ക്കും സാമ്പത്തിക ലാഭത്തിനും പരിഗണന കൊടുക്കുന്നവര്‍ക്ക് എസ്‌യുവികളേക്കാള്‍ നല്ലത് ഹാച്ച്ബാക്കുകള്‍ തന്നെയാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








