മടുക്കാതെ ഓടിക്കാം, ₹10 ലക്ഷത്തില്‍ താഴെ വിലയില്‍ വാങ്ങാവുന്ന 5 മികച്ച സിറ്റി കാറുകള്‍
ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ദൈനംദിന വാഹന ഉപയോഗം ഏറെ പ്രയാസകരമാകുന്നുണ്ട്. മുംബൈ, ഡല്‍ഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ വസിക്കുന്നവര്‍ ഒരു ദിവസം മണിക്കൂറുകളോളം ട്രാഫിക്കില്‍ ചിലവഴിക്കേണ്ടി വരുന്ന സാഹചര്യമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് വണ്ടിക്കമ്പനികള്‍ പുറത്തിറക്കിയ ചില കാറുകള്‍ സിറ്റി ഡ്രൈവുകള്‍ സുഗമമാക്കാന്‍ സഹായിക്കുന്നു. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ആ മികച്ച അഞ്ച് കാറുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്.
മാരുതി സുസുക്കി വാഗണ്‍ ആര്‍
മാരുതി വാഗണ്‍ ആറിലെ 1.2 ലിറ്റര്‍ കെ-സീരീസ് എഞ്ചിന്‍ മികച്ച ഇന്ധനക്ഷമതയും പവറും വാഗ്ദാനം ചെയ്യുന്നു. 5-സ്പീഡ് മാനുവല്‍, എജിഎസ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം സിഎന്‍ജി ഓപ്ഷനിലും ഈ കാര്‍ ലഭ്യമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് എളുപ്പത്തില്‍ കയറാനും ഇറങ്ങാനും സഹായിക്കുന്ന സ്വിവല്‍ സീറ്റ് ഓപ്ഷനും ഇതിലുണ്ട്. 4.98 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം 5.88 ലക്ഷം രൂപ മുതലാണ് സിഎന്‍ജി വേരിയന്റുകളുടെ വില തുടങ്ങുന്നത്.

ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ്
അടുത്തിടെ മുഖംമിനുക്കിയെത്തിയ പഞ്ചിലെ ഇക്കോ, സിറ്റി ഡ്രൈവ് മോഡുകളും ഇടുങ്ങിയ നിരത്തുകളില്‍ ഡ്രൈവിംഗ് എളുപ്പമാക്കാന്‍ സഹായിക്കുന്ന 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ് ഫീച്ചറുകളും കടുപ്പമേറിയ ട്രാഫിക്കിലും ആത്മവിശ്വാസം നല്‍കുന്നു. ടര്‍ബോ പെട്രോള്‍ എഞ്ചിനും എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനിനൊപ്പം വാഗ്ദാനം ചെയ്യുന്ന സിഎന്‍ജി പതിപ്പും പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന ആകര്‍ഷണമാണ്. ഇത് നഗരയാത്രകളില്‍ ഡ്രൈവര്‍മാരുടെ കാലുകള്‍ക്ക് ആയാസം നല്‍കുന്നു. പഞ്ചിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വില 5.59 ലക്ഷം രൂപയാണ്.
മാരുതി സുസുക്കി ബലേനോ
സിറ്റി ഡ്രൈവിംഗിന് പറ്റിയ മികച്ച ഓപ്ഷനുകളില്‍ ഒന്നാണ് മാരുതി ബലേനോ പ്രീമിയം ഹാച്ച്ബാക്ക്. ഇതിലെ സസ്പെന്‍ഷന്‍ സിസ്റ്റം കുഴികളും പരുക്കന്‍ റോഡുകളും കൃത്യമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളതാണ്. പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ ബലേനോ ലഭ്യമാണ്. ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ നൂതന ഫീച്ചറുകള്‍ ഡ്രൈവര്‍ക്ക് റോഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. കാറിന്റെ വില 5.99 ലക്ഷം മുതല്‍ 9.10 ലക്ഷം രൂപ വരെയാണ് വില പോകുന്നത്.

എംജി കോമെറ്റ് ഇവി
നഗരത്തിലെ തിരക്കേറിയ ഗല്ലികളിലൂടെ യാത്ര ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ വാഹനമാണ് എംജി കോമെറ്റ് ഇവി. ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനമായ ഇതിന് വെറും 4.2 മീറ്റര്‍ ടേണിംഗ് റേഡിയസ് മാത്രമാണുള്ളത്. ഒറ്റ ചാര്‍ജില്‍ ഏകദേശം 230 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ കോംപാക്ട് ഇവിയില്‍ നാല് പേര്‍ക്ക് സുഖമായി സഞ്ചരിക്കാം.
ലെതറെറ്റ് സീറ്റുകൾ, 10.25 ഇഞ്ച് ഇന്റഗ്രേറ്റഡ് വൈഡ്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. നഗരങ്ങളിലെ പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാരമായി കണക്കാക്കപ്പെടുന്ന കോമെറ്റ് ഇവി 7.49 ലക്ഷം രൂപ മുതല്‍ ലഭ്യമാണ്. ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ സ്‌കീമില്‍ ഇത് 4.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാകും.

ഹോണ്ട അമേസ്
ഒതുക്കമുള്ള രൂപവും മികച്ച പെര്‍ഫോമന്‍സും ഒത്തുചേരുന്ന കോംപാക്ട് സെഡാനാണ് ഹോണ്ട അമേസ്. 90 PS പവറും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന വിശ്വസ്തമായ 1.2 ലിറ്റര്‍ i-VTEC എഞ്ചിനാണ് ഇതിന്റെ ഹൃദയം. സിവിടി (CVT) ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ട്രാഫിക്കില്‍ വളരെ സുഗമമായ ഡ്രൈവിംഗ് അനുഭവം നല്‍കുന്നു. ഹോണ്ട സെന്‍സിംഗ് എന്ന് കമ്പനി വിളിക്കുന്ന ADAS) ഫീച്ചര്‍ ഉള്‍പ്പെടുത്തിയതിലൂടെ ന്യൂജെന്‍ അമേസ് സേഫ്റ്റിയിലും ഏറെ മുന്നേറിയിട്ടുണ്ട്.
നിലവില്‍ 7.47 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകുന്ന അമേസ് 10 ലക്ഷം ബജറ്റില്‍ കിട്ടുന്ന ഏറ്റവും മികച്ച ഓട്ടോമാറ്റിക് സെഡാനാണെന്ന് പറയാം. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉള്ള വാഹനങ്ങള്‍ നഗരങ്ങളിലെ ഡ്രൈവിംഗ് ക്ലേശം ഗണ്യമായി കുറയ്ക്കുന്നു. മാരുതിയുടെ എജിഎസ്, ടാറ്റയുടെ എഎംടി, ഹോണ്ടയുടെ സിവിടി എന്നിവയെല്ലാം വ്യത്യസ്തമായ രീതിയില്‍ ഡ്രൈവര്‍ക്ക് ആശ്വാസം നല്‍കുന്നു. ഇന്ധനക്ഷമതയും കുറഞ്ഞ മെയിന്റനന്‍സ് ചിലവും ഇത്തരം കാറുകളെ സിറ്റി ഡ്രൈവിംഗിന് കൂടുതല്‍ അനുയോജ്യമാക്കുന്നു.
കേരളത്തിലെ ഓൺ-റോഡ് വില വിവരങ്ങൾ
| മോഡൽ (Model) | ബേസ് വേരിയന്റ് (ഏകദേശം) | ടോപ്പ് വേരിയന്റ് (ഏകദേശം) |
|---|---|---|
| Maruti Suzuki Wagon R | ₹ 6.10 ലക്ഷം | ₹ 8.45 ലക്ഷം |
| Tata Punch Facelift | ₹ 7.20 ലക്ഷം | ₹ 11.80 ലക്ഷം* |
| Maruti Suzuki Baleno | ₹ 7.40 ലക്ഷം | ₹ 11.20 ലക്ഷം* |
| MG Comet EV | ₹ 7.95 ലക്ഷം | ₹ 10.40 ലക്ഷം |
| Honda Amaze | ₹ 8.80 ലക്ഷം | ₹ 11.60 ലക്ഷം* |
*കുറിപ്പ്: ടോപ്പ് എൻഡ് വേരിയന്റുകളുടെ ഓൺ-റോഡ് വില 10 ലക്ഷത്തിന് മുകളിൽ പോകാം. കൃത്യമായ വിലക്കായി അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുക.
ഓരോ ഉപഭോക്താവിന്റെയും താല്‍പ്പര്യത്തിന് അനുസരിച്ച് ഇവി, സെഡാന്‍ അല്ലെങ്കില്‍ എസ്‌യുവി മോഡലുകള്‍ ഈ ബജറ്റില്‍ തിരഞ്ഞെടുക്കാവുന്നതാണ്. ചുരുക്കി പറഞ്ഞാല്‍, ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളില്‍ ഡ്രൈവിംഗ് കംഫര്‍ട്ടിന് മുന്‍ഗണന നല്‍കുന്നവര്‍ക്കായി 10 ലക്ഷത്തില്‍ താഴെ വിലയില്‍ സുരക്ഷയും മൈലേജും ആധുനിക ഫീച്ചറുകളും ഒത്തുചേരുന്ന മോഡലുകള്‍ വിപണിയിലുണ്ട്. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഇവയില്‍ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കുന്നത് യാത്രാക്ലേശം കുറയ്ക്കാന്‍ സഹായിക്കും.


Click it and Unblock the Notifications








