7 പേർക്ക് സുഖമായി കയറാം, പോക്കറ്റ് ചോരാതെ നോക്കാം; ഇന്ത്യയിലെ മികച്ച 5 സിഎൻജി എംപിവികൾ

ഇന്ത്യന്‍ വിപണിയില്‍ വലിയ കുടുംബങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ പറ്റുന്ന മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്ക് (എംപിവി) പ്രിയമേറുകയാണ്. പെട്രോള്‍ വില 100 രൂപക്ക് മുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ മികച്ച ഇന്ധനക്ഷമതയും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സിഎന്‍ജി എംപിവികളാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച 5 സിഎന്‍ജി എംപിവികള്‍ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന ആ ഫാമിലി കാറുകള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കാം.

1. മാരുതി സുസുക്കി എര്‍ട്ടിഗ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നമ്പര്‍ വണ്‍ എംപിവിയാണ് മാരുതി സുസുക്കി എര്‍ട്ടിഗ. ഇതിന്റെ എസ്-സിഎന്‍ജി വേരിയന്റ് ഏകദേശം 10.76 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇതിലെ 1.5 ലിറ്റര്‍ K15C എഞ്ചിന്‍ സിഎന്‍ജി മോഡില്‍ 87 bhp പവറും 121.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജാണ് എര്‍ട്ടിഗ സിഎന്‍ജിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

maruti ertiga

സിഎന്‍ജി പതിപ്പിലും പ്രീമിയം ഫീച്ചറുകള്‍ നല്‍കാന്‍ മാരുതി ശ്രദ്ധിച്ചിട്ടുണ്ട്. മെറ്റാലിക് ടീക് വുഡ് ഫിനിഷുള്ള ഡാഷ്ബോര്‍ഡ്, 17.78 സെ.മീ സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇതിലുണ്ട്. ആറ് എയര്‍ബാഗുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് എര്‍ട്ടിഗയില്‍ സുരക്ഷയൊരുക്കുന്നത്.

2. കിയ കാരെന്‍സ്

പട്ടികയില്‍ ഉള്‍പ്പെടുന്ന പ്രീമിയം മോഡലാണ് കിയ കാരന്‍സ്. ഡീലര്‍ ലെവല്‍ ഫിറ്റ്‌മെന്റായിട്ടാണ് സിഎന്‍ജി കിറ്റ് കമ്പനി ഓഫര്‍ ചെയ്യുന്നത്. ഡീലര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിഎന്‍ജി വേരിയന്റുകളില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 95 മുതല്‍ 100 bhp വരെ പവര്‍ മാത്രമാണ് നല്‍കുന്നത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഈ വാഹനം വാഗ്ദാനം ചെയ്യുന്നു. മറ്റ് സിഎന്‍ജി കാറുകളെ അപേക്ഷിച്ച് കൂടുതല്‍ മോഡേണ്‍ ലുക്കും പ്രീമിയം ഇന്റീരിയറുമാണ് കാരെന്‍സിനുള്ളത്.

6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നീ സവിശേഷതകള്‍ ഇതിലുണ്ട്. 12.5 ഇഞ്ച് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ആറ് സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റവും ദീര്‍ഘദൂര യാത്രകളില്‍ മികച്ച അനുഭവം സമ്മാനിക്കും. പ്രീമിയം ഓപ്ഷനല്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള സിഎന്‍ജി വേരിയന്റിന്റെ വില 11.77 ലക്ഷം രൂപയാണ്്.

3. ടൊയോട്ട റൂമിയോണ്‍

മാരുതി എര്‍ട്ടിഗയുടെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പാണ് റൂമിയോണ്‍. എര്‍ട്ടിഗയുടെ പവര്‍ട്രെയിനുകള്‍ പങ്കിടുന്ന റൂമിയോണ്‍ കിലോമീറ്ററിന് 26.11 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് ടൊയോട്ട പറയുന്നു. എര്‍ട്ടിഗയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ വേണ്ടി ബേബി ക്രിസ്റ്റ ലുക്കില്‍ രൂപകല്‍പ്പന ചെയ്ത റൂമിയോണിന് ടൊയോട്ടയുടെ വിശ്വാസ്യതയും മികച്ച സര്‍വീസുമാണ് കരുത്താകുന്നത്. ഏഴ് പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന സീറ്റിംഗ് അറേഞ്ച്മെന്റാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

toyota rumion

വയര്‍ലെസ് കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവ ഇതില്‍ പ്രധാനമാണ്. കൂടാതെ ടൊയോട്ട ഐ-കണക്ട് ഫീച്ചര്‍ വഴി അമ്പതിലധികം കണക്റ്റഡ് കാര്‍ സേവനങ്ങളും എംപിവിയില്‍ ലഭ്യമാണ്. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. റൂമിയോണ്‍ സിഎന്‍ജി വേരിയന്റിന് ഏകദേശം 11.40 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

4. റെനോ ട്രൈബര്‍

ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാവുന്ന 7 സീറ്റര്‍ വാഹനമാണ് റെനോ ട്രൈബര്‍. സബ് 4 മീറ്റര്‍ എംപിവിയില്‍ ഡീലര്‍ഷിപ്പ് ലെവലില്‍ സിഎന്‍ജി റെട്രോഫിറ്റ് ചെയ്യാന്‍ സാധിക്കും. ട്രൈബറില്‍ 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. സിഎന്‍ജിയില്‍ കാറിന് ഏകദേശം 26 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 20.32 സെ.മീ ഫ്‌ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ആകര്‍ഷകമായ ഫീച്ചറുകള്‍ ഇതിലുണ്ട്.

രണ്ടാമത്തെയും മൂന്നാമത്തെയും നിരയില്‍ എസി വെന്റുകള്‍ ലഭിക്കുന്നതിനാല്‍ സുഖകരമായി യാത്ര ചെയ്യാം. ആറ് എയര്‍ബാഗുകളും ഫ്രണ്ട്-റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും ഉള്‍പ്പെടെ 21 സേഫ്റ്റി ഫീച്ചറുകളാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി എംപിവിയില്‍ നല്‍കിയിട്ടുള്ളത്. ട്രൈബര്‍ ബേസ് പെട്രോള്‍ വേരിയന്റിന്റെ വില 5.76 ലക്ഷം രൂപയാണ്. ഏകദേശം 6.63 ലക്ഷം രൂപ മുതലാണ് ഇതിന്റെ സിഎന്‍ജി പതിപ്പുകളുടെ വില ആരംഭിക്കുന്നത്.

5. മാരുതി സുസുക്കി ഈക്കോ

ഒംനിയുടെ പകരക്കാരനായി വിപണിയിലെത്തി ഇന്ന് എതിരാളികളില്ലാതെ മുന്നേറുന്ന വാന്‍ മോഡലാണ് ഈക്കോ. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി വരുന്ന ഈക്കോയ്ക്ക് 1.2 ലിറ്റര്‍ K12N സീരീസ് എഞ്ചിനാണ് തുടിപ്പേകുന്നത്. സിഎന്‍ജി മോഡില്‍ 70.67 bhp പവറും 95 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുക. ലിറ്ററിന് 26.78 കിലോമീറ്റര്‍ മൈലേജാണ് ഈക്കോ വാഗ്ദാനം ചെയ്യുന്നത്.

maruti suzuki eeco

സിമ്പിള്‍ ഡിസൈനാണ് ലഭിക്കുന്നതെങ്കിലും പ്രായോഗികതയില്‍ ഈക്കോ ഏറെ മുന്നിലാണ്. 65 ലിറ്റര്‍ ഫ്യുവല്‍ടാങ്ക് കപ്പാസിറ്റിയാണ് സിഎന്‍ജി പതിപ്പിനുള്ളത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനമാണിത്. ഏകദേശം 6.36 ലക്ഷം രൂപയാണ് ഈക്കോ സിഎന്‍ജിയുടെ വില.

More from DriveSpark

Article Published On: Friday, February 20, 2026, 20:10 [IST]
English summary
Best cng mpv cars india 2026 maruti eeco to ertiga mileage price features malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X