കാറ്റേറ്റ് പറക്കാന്‍ പുത്തന്‍ 'സ്‌പോര്‍ട്‌സ് സുന്ദരി' ഇന്ത്യയിലെത്തി; BMW M440i വില അറിയാം
തുറന്ന റൂഫുള്ള കാറില്‍ കാറ്റ് ഏറ്റ് പറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബിഎംഡബ്ല്യു തങ്ങളുടെ അത്യാധുനിക കണ്‍വെര്‍ട്ടബിള്‍ മോഡലായ M440i (BMW M440i) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആഡംബര സവിശേഷതകളും സ്‌പോര്‍ട്‌സ് കാറിന്റെ കരുത്തും ഒത്തിണങ്ങുന്ന ഈ മോഡല്‍ 1.09 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് ജര്‍മന്‍ ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. സ്പീഡും ലൈഫ്സ്റ്റൈലും ഒന്നിക്കുന്ന ഈ മോഡല്‍ വാഹനപ്രേമികള്‍ക്ക് വേറിട്ടൊരു അനുഭവമായിരിക്കുമെന്ന് ഉറപ്പാണ്. ബിഎംഡബ്ല്യുവിന്റെ കരുത്തുറ്റ M പെര്‍ഫോമന്‍സ് നിരയിലാണ് ഈ പുതിയ കണ്‍വെര്‍ട്ടബിള്‍ മോഡലിന്റെ സ്ഥാനം.
3.0 ലിറ്റര്‍, 6 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 369 bhp പവറും 500 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും xDrive ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും ഡ്രൈവിംഗ് അനുഭവം കൂടുതല്‍ മികച്ചതാക്കുന്നു.

അവിശ്വസനീയമായ വേഗതയാണ് M440i കണ്‍വെര്‍ട്ടബിളിന്റെ മറ്റൊരു ആകര്‍ഷണം. വെറും 4.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ സ്‌പോര്‍ട്‌സ് കാറിന് സാധിക്കും. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.
ഹൈവേകളില്‍ കുതിച്ച് പായാന്‍ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ മെക്കാനിക്കല്‍ ക്രമീകരണങ്ങള്‍. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി ഹാര്‍ഡ് ടോപ്പ് റൂഫിന് പകരം ഭാരം കുറഞ്ഞ ഫാബ്രിക് സോഫ്റ്റ് ടോപ്പാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വെറും 18 സെക്കന്‍ഡിനുള്ളില്‍ റൂഫ് അടയ്ക്കാനും തുറക്കാനും സാധിക്കും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുമ്പോഴും ഈ മാറ്റം സാധ്യമാണ്.
ഇത് കാറിന്റെ സ്‌റ്റൈലിഷ് ലുക്ക് കൂട്ടുന്നതിനൊപ്പം മികച്ച എയറോഡൈനാമിക്‌സും നല്‍കുന്നു. ഡിസൈനിലെ ആധുനികതയും സ്‌പോര്‍ട്ടി ഭാവവും ബിഎംഡബ്ല്യു M440i-യെ വ്യത്യസ്തമാക്കുന്നു. ബിഎംഡബ്ല്യുവിന്റെ പരിചിതമായ കിഡ്‌നി ഗ്രില്ലും ഷാര്‍പ്പ് എല്‍ഇഡി ഹെഡ്ലാമ്പുകളും ഇതിലും കാണാം. 19 ഇഞ്ച് അലോയ് വീലുകളും ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകളും ജര്‍മന്‍ മോഡലിന്റെ കരുത്ത് വിളിച്ചോതുന്നു. പുറകിലെ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ സ്‌പോര്‍ട്ടിയര്‍ ഡിസൈനിന് കൂടുതല്‍ മിഴിവേകുന്നുണ്ട്.
പുതിയ M440i മോഡലിന്റെ ആകത്തളത്തില്‍ ധാരാളം ആഡംബര സവിശേഷതകള്‍ ബിഎംഡബ്ല്യു ഒരുക്കിയിട്ടുണ്ട്. 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍പ്പെടുന്ന വലിയ കര്‍വ്ഡ് ഡിസ്പ്ലേയാണ് ക്യാബിനിലെ താരം. നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഈ കാറില്‍ ലെതര്‍ അപ്ഹോള്‍സ്റ്ററിയും മികച്ച സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് CLE കാബ്രിയോലെറ്റാണ് ഈ മോഡലിന്റെ പ്രധാന എതിരാളി. മെര്‍സിഡീസ് ബെന്‍സ് മോഡലിന് 1.16 കോടി രൂപയാണ് വില വരുന്നത്. എതിരാളിയേക്കാള്‍ ആകര്‍ഷകമായ വിലയില്‍ മികച്ച പെര്‍ഫോമന്‍സ് നല്‍കാനാണ് ബിഎംഡബ്ല്യു ലക്ഷ്യമിടുന്നത്. ലൈഫ്സ്റ്റൈല്‍ ഓറിയന്റഡ് പെര്‍ഫോമന്‍സ് കാര്‍ വിപണിയില്‍ പുത്തന്‍ ബിഎംഡബ്ല്യു മോഡല്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കും.
ആഡംബരവും പെര്‍ഫോമന്‍സും ഒത്തുചേരുന്ന വാഹനങ്ങള്‍ തേടുന്ന ഇന്ത്യന്‍ യൂത്തിനെ ലക്ഷ്യമിട്ടാണ് ബിഎംഡബ്ല്യു M440i കണ്‍വെര്‍ട്ടബിള്‍ എത്തിച്ചിരിക്കുന്നത്. ഈ ലോഞ്ചിലൂടെ രാജ്യത്തെ M പെര്‍ഫോമന്‍സ് ശ്രേണി വിപുലീകരിച്ചിരിക്കുകയാണ് ബവേറിയന്‍ ബ്രാന്‍ഡ്. വരും മാസങ്ങളില്‍ കൂടുതല്‍ വൈവിധ്യമുള്ള മോഡലുകളും ബിഎംഡബ്ല്യുവില്‍ നിന്ന് പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications