567 KM റേഞ്ചുള്ള ചൈനീസ് കാറിന് വില കൂടും! BYD വാങ്ങാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്
ഇന്ത്യൻ ഇലക്ട്രിക് എസ്‌യുവി വിപണിയിൽ ശ്രദ്ധേയമായ സാന്നിധ്യമുള്ള ബിവൈഡി സീലയൺ 7 ഇലക്ട്രിക് എസ്‌യുവിയുടെ വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വില പുതുവർഷം വാഹനമെടുക്കാൻ ആഗ്രഹിക്കുന്നവരുടെ ചങ്ക് തകർക്കുന്ന കാര്യമാണ്. പുത്തൻ വർധനവ് പ്രകാരം, BYD Sealion 7-ന്റെ പ്രീമിയം വേരിയന്റിന് 50,000 രൂപയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഈ വേരിയന്റിന്റെ എക്സ്-ഷോറൂം വില 48.90 ലക്ഷത്തിൽ നിന്ന് 49.40 ലക്ഷമായി ഉയർന്നു. അതേസമയം, ടോപ്പ് സ്പെക്ക് പെർഫോമൻസ് വേരിയന്റിന്റെ വിലയിൽ മാറ്റമില്ല എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
പെർഫോമൻസ് വേരിയന്റ് ഇപ്പോഴും ₹54.90 ലക്ഷം (എക്സ്-ഷോറൂം) വിലയിൽ തന്നെ ലഭ്യമാകും. കൂടുതൽ പവർ, സ്പോർട്ടി പെർഫോമൻസ് എന്നിവ തേടുന്ന ഉപഭോക്താക്കൾക്ക് ഇത് പഴയത് പോലെ തന്നെ ആകർഷകമായ ഓപ്ഷനായി തുടരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ആദ്യ കാഴ്ച്ചയിൽ സീൽ സെഡാന്റെ എസ്‌യുവി പതിപ്പല്ലേന്ന് വരെ തോന്നിയേക്കാം. ഫ്രണ്ട് ബമ്പർ, ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലാമ്പുകൾ എന്നിവക്കെല്ലാം സീൽ ഇവിയോട് സാമ്യമുണ്ട്.

നല്ല വലിപ്പമുണ്ടെങ്കിലും പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു 7 സീറ്റർ വാഹനമല്ല എന്നതാണ് പ്രത്യേകം ഓർക്കേണ്ട കാര്യം. ഡിസൈനിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ ആംഗുലർ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾക്ക് താഴത്തായി ഡിആർഎല്ലുകൾ കൊടുത്തിരിക്കുന്നത് മുൻവശത്തെ അഴകുറ്റതാക്കുന്നുണ്ട്. മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈൻ, ലോ-സ്ലംഗ് ബോണറ്റ് ഘടന, സമുദ്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചില ഘടകങ്ങൾ, എയറോഡൈനാമിക് കോണ്ടൂർസ്, എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈനിലെ ചില ഹൈലൈറ്റുകളാണ്.
സീലയൺ 7 പ്രീമിയം വേരിയന്റിൽ 19 ഇഞ്ച് അലോയ് വീലുകളും പെർഫോമൻസിൽ 20 ഇഞ്ച് വീലുകളുമാണ് വരുന്നത്.കോസ്മോസ് ബ്ലാക്ക്, അറ്റ്ലാന്റിസ് ഗ്രേ, അറോറ വൈറ്റ്, ഷാർക്ക് ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ബിവൈഡി സീലയൺ 7 തെരഞ്ഞെടുക്കാനാവുക. ഇനി അകത്തളത്തിലേക്ക് കയറിയാൽ പല ആഡംബര വാഹനങ്ങളേയും നാണിപ്പിക്കുന്ന തരത്തിലുള്ള കിടിലൻ ഇന്റീരിയറുമായിട്ടാണ് ബിവൈഡിയുടെ നാലാമൻ കളത്തിലേക്ക് എത്തിയിരിക്കുന്നത്.

15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലംബർ ക്രമീകരണത്തോടുകൂടിയ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), 6 തരത്തിൽ ക്രമീകരിക്കാവുന്ന പാസഞ്ചർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, പനോരമിക് ഗ്ലാസ് റൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വയർലെസ് ഫോൺ ചാർജർ, 12-സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയാണ് സീലയൺ 7 ഇവിയിലെ പ്രധാന ഫീച്ചറുകൾ.
സേഫ്റ്റിയുടെ കാര്യത്തിലുംബിവൈഡിയുടെ ഇലക്ട്രിക് എസ്‌യുവി മിടുക്കനാണ്. 11 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് സീലയൺ 7. 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഫ്രണ്ട് പാസഞ്ചർ, റിയർ സീറ്റുകളിലെ ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ പോലുള്ള നൂതന സവിശേഷതകളെല്ലാം ഇതിലുണ്ട്.

സീലയൺ 7 ഇവിയുടെ രണ്ട് വകഭേദങ്ങൾക്കും ഒരേ 82.56kWh ലോ-വോൾട്ടേജ് LFP ബാറ്ററി പായ്ക്കാണ് ബിവൈഡി സമ്മാനിച്ചിരിക്കുന്നത്. പ്രീമിയം വേരിയന്റ് 313 bhp കരുത്തിൽ 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിലാണ് വരുന്നത്. ഇത് 567 കീലോമീറ്റർ റേഞ്ച് തരും. അതേസമയം എസ്‌യുവിയുടെ പെർഫോമൻസ് വേരിയന്റിന് 530 bhp പവറിൽ 690 Nm torque ആയിരിക്കും നൽകുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








