സിട്രണ്‍ എയര്‍ക്രോസ് X മാക്സ് 5S പുറത്തിറങ്ങി! നേരെ ഷോറൂമില്‍ ചെന്നാല്‍ കിട്ടില്ല, ചെറിയ ട്വിസ്റ്റുണ്ട്
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍ 'സിട്രോണ്‍ 2.0' തന്ത്രത്തിന്റെ ഭാഗമായി എയര്‍ക്രോസ് X (മുമ്പ് C3 എയര്‍ക്രോസ്) എസ്‌യുവിക്ക് പുത്തന്‍ വേരിയന്റ് സമ്മാനിച്ചു. എയര്‍ക്രോസ് X ടോപ്പ് എന്‍ഡ് മാക്‌സ് ട്രിമ്മില്‍ 5-സീറ്റര്‍ ഓപ്ഷന്‍ ചേര്‍ത്താണ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് കമ്പനി പുത്തന്‍ വേരിയന്റിന്റെ കൂട്ടിച്ചേര്‍ക്കല്‍. എയര്‍ക്രോസ് X മാക്‌സ് 5-സീറ്റര്‍ വേരിയന്റിന് 12.41 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില വരുന്നത്. എയര്‍ക്രോസ് നിരയില്‍ 12.8 ലക്ഷം രൂപയ്ക്ക് വിപണനം ചെയ്യുന്ന മാക്‌സ് ടര്‍ബോ 7 സീറ്ററിന് തൊട്ടുതാഴെയാണ് പുത്തന്‍ വേരിയന്റ് സ്ഥാനം പിടിക്കുന്നത്.
വില പ്രഖ്യാപിച്ചുവെന്ന് കരുതി നേരെ ഷോറൂമില്‍ പോയി ഈ വേരിയന്റ് വാങ്ങി മടങ്ങാന്‍ പറ്റില്ല. സ്ഥിരീകരിച്ച ബുക്കിംഗുകള്‍ ലഭിച്ച ശേഷം മാത്രമേ കമ്പനി ഇവ നിര്‍മ്മിക്കുകയുള്ളൂ എന്നതാണ് കാര്യം. കണ്‍ഫേം ബുക്കിംഗിന് ശേഷം മാത്രം പ്രൊഡക്ഷന്‍ എന്ന തീരുമാനത്തിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സിട്രണ്‍ ലക്ഷ്യമിടുന്നത്. പുതിയ സിട്രണ്‍ എയര്‍ക്രോസ് X മാക്‌സ് 5 സീറ്റര്‍ വേരിയന്റില്‍ എന്തൊക്കെ ലഭിക്കുമെന്ന് നമുക്ക് ചുവടെ വിശദമായി നോക്കാം.

സിട്രണ്‍ എയര്‍ക്രോസ് X യൂ, പ്ലസ്, മാക്‌സ് എന്നീ മൂന്ന് ട്രിമ്മുകളിലാണ് വരുന്നത്. ട്രിം ലെവലിനെ ആശ്രയിച്ച് 5 സീറ്റര്‍, 7 സീറ്റര്‍ പതിപ്പുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. നേരത്തെ എയര്‍ക്രോസ് X-ന്റെ ലോവര്‍ വേരിയന്റുകളില്‍ മാത്രമാണ് 5-സീറ്റര്‍ ഓപ്ഷന്‍ ലഭ്യമായിരുന്നത്. അതായത് യൂ, പ്ലസ് ട്രിമ്മുകള്‍ക്ക് മാത്രമേ വലിയ 444 ലിറ്റര്‍ ബൂട്ടുള്ള 5 സീറ്റര്‍ കോണ്‍ഫിഗറേഷന്‍ ഉണ്ടായിരുന്നുള്ളൂ.
ടോപ് മാക്‌സ് വേരിയന്റ് 7-സീറ്റര്‍ ഓപ്ഷനില്‍ മാത്രമായിരുന്നു ലഭ്യമാക്കിയിരുന്നത്.ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ടോപ്പ് എന്‍ഡ് മോഡലിലും ഇപ്പോള്‍ 5-സീറ്റര്‍ സൗകര്യം കൊണ്ടുവന്നിരിക്കുകയാണ്. കൂടുതല്‍ ലഗേജ് സ്‌പേസ് ആഗ്രഹിക്കുന്നവര്‍ക്കും 5 പേര്‍ക്ക് ആഡംബരമായി യാത്ര ചെയ്യേണ്ടവര്‍ക്കും ഇത് അനുയോജ്യമാണ്. പോളാര്‍ വൈറ്റ്, ഡീപ് ഫോറസ്റ്റ്, പെര്‍ല നേര ബ്ലാക്ക് എന്നീ മൂന്ന് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഈ വേരിയന്റ് ലഭ്യമാണ്.
മെക്കാനിക്കല്‍ വശങ്ങള്‍ പരിശോധിച്ചാല്‍, പുതിയ എയര്‍ക്രോസ് X മാക്‌സ് 5-സീറ്റര്‍ പതിപ്പില്‍ 108 bhp പവറുള്ള ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. മികച്ച പെര്‍ഫോമന്‍സും ഡ്രൈവിംഗ് അനുഭവവും വാഗ്ദാനം ചെയ്യുന്ന മോട്ടോര്‍ മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ടര്‍ബോ എഞ്ചിനില്‍ ലഭ്യമാകുന്ന ആദ്യത്തെ 5 സീറ്റര്‍ വേരിയന്റാണിതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഫൗവ് ഡാര്‍ക്ക് ബ്രൗണ്‍ ഇന്റീരിയര്‍ തീമിലാണ് ഇത് ഫിനിഷ് ചെയ്തിരിക്കുന്നത്.
രണ്ടാം നിരയിലെ യാത്രക്കാര്‍ക്ക് 60 mm നീളമുള്ള നീ റൂം (Knee Room), കപ്പ് ഹോള്‍ഡറുകളുള്ള റിയര്‍ സെന്റര്‍ ആംറെസ്റ്റ്, രണ്ടാം നിരയിലെ സീറ്റുകള്‍ക്ക് 3-സ്റ്റെപ്പ് റീക്ലൈന്‍, ഫൗവ് ഡാര്‍ക്ക് ബ്രൗണ്‍ ഇന്റീരിയര്‍ തീം എന്നിവയാണ് പുതിയ സിട്രണ്‍ എയര്‍ക്രോസ് X മാകസ് 5 സീറ്ററിലെ ശ്രദ്ധേയ സവിശേഷതകള്‍. മൂന്നാം നിരയേക്കാള്‍ സുഖസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ എയര്‍ക്രോസിനെ കൂടുതല്‍ ആകര്‍ഷകമാക്കുക എന്നതാണ് ഈ അപ്ഡേറ്റുകളുടെ ലക്ഷ്യം.

ലോഞ്ച് ചെയ്ത സമയത്ത് ഉണ്ടായിരുന്ന 5-സീറ്റര്‍ സൗകര്യം ഇടക്കാലത്ത് ഒഴിവാക്കിയെങ്കിലും ഉപഭോക്താക്കളുടെ താല്‍പ്പര്യം കണക്കിലെടുത്ത് കമ്പനി ഇത് വീണ്ടും അവതരിപ്പിക്കുകയായിരുന്നു. മേക്ക്-ടു-ഓര്‍ഡര്‍ നയമാണ് ഈ പുതിയ വേരിയന്റുകള്‍ക്കായി സട്രണ്‍ സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്താവ് വാഹനം ബുക്ക് ചെയ്ത ശേഷം മാത്രമേ പ്ലാന്റില്‍ ഇതിന്റെ അസംബ്ലിംഗ് നടപടികള്‍ ആരംഭിക്കുകയുള്ളൂ എന്നതിനാല്‍ സ്റ്റാക്ക് കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാകും.
മാത്രമല്ല കൃത്യമായ സമയത്ത് വാഹനം ഡെലിവറി ചെയ്യാനും ഈ രീതി സഹായിക്കുമെന്ന് കമ്പനി കരുതുന്നു. കിട മത്സരം നടക്കുന്ന വിപണിയിലെ സിട്രണിനെ വേറിട്ടുനില്‍ക്കാന്‍ ഈ തന്ത്രം സഹായിച്ചേക്കും. പുതിയ മാക്‌സ് 5-സീറ്റര്‍ പതിപ്പ് എത്തുന്നതോടെ എസ്യുവി വിഭാഗത്തില്‍ സിട്രണ്‍ എയര്‍ക്രോസ് കൂടുതല്‍ കരുത്താര്‍ജ്ജിക്കും. സുഖകരമായ യാത്രയും മികച്ച സസ്‌പെന്‍ഷന്‍ സംവിധാനവുമാണ് സിട്രണ്‍ വാഹനങ്ങളുടെ മുഖമുദ്ര.
ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കാനുള്ള ഫ്രഞ്ച് ബ്രാന്‍ഡിന്റെ പുത്തന്‍ തന്ത്രങ്ങളുടെ ഭാഗമാണ് ഈ പുതിയ ലോഞ്ചുകള്‍. ആധുനിക ഡിസൈനും കരുത്തുറ്റ പവര്‍ട്രെയിനും മികച്ച വില നിര്‍ണയ രീതിയുമാണ് സിട്രണിന് അനുകൂലമായ ഘടകങ്ങള്‍. വരും മാസങ്ങളില്‍ കൂടുതല്‍ ഷോറൂമുകളും സര്‍വീസ് സെന്ററുകളും ആരംഭിച്ച് ശൃംഖല വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍. ഇതിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാന്നിധ്യമറിയിക്കാനും അതുവഴി വിപണിയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാനും സിട്രണിന് സാധിക്കുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








