ഡൽഹി യാത്ര പ്ലാൻ ചെയ്യുകയാണോ? ഈ വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനമില്ല, വൻ പിഴയും!
നവംബർ 1 മുതൽ ബിഎസ്-6 (BS-VI) നിലവാരത്തിന് താഴെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഡൽഹിയിൽ വിലക്കേർപ്പെടുത്തി. പുതുക്കിയ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP), ഡൽഹിയുടെ ശൈത്യകാല മലിനീകരണ വിരുദ്ധ പദ്ധതി എന്നിവയുടെ ഭാഗമായി 2027 ജനുവരി 31 വരെയാണ് ഈ നിയന്ത്രണങ്ങൾ. എഎൻപിആർ (ANPR) ക്യാമറകൾ ഉപയോഗിച്ചുള്ള അതിർത്തി പരിശോധനകളും കൂടുതൽ പോലീസ് സേനയുടെ കാവലും എൻസിആർ മേഖലയിലുടനീളം ഉണ്ടാകും. വാലിഡായ പി യു സി സി (PUCC) ഇല്ലെങ്കിൽ ഇന്ധനം നൽകില്ലെന്ന നിയമവും കർശനമാക്കും. അതിനാൽ ദീപാവലി യാത്രകൾക്ക് മുൻപ് വാഹനം ഏത് വിഭാഗത്തിൽപ്പെട്ടതാണെന്ന് ഉടമസ്ഥർ ഉറപ്പുവരുത്തണം.
ആർക്കൊക്കെ പ്രവേശിക്കാം, ആർക്കൊക്കെയാണ് വിലക്ക്? ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ബിഎസ്-6 അല്ലാത്ത പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ഈ കാലയളവിൽ പ്രവേശനമുണ്ടാകില്ല. അതേസമയം ബിഎസ്-6, സിഎൻജി (CNG), ഇലക്ട്രിക് (EV) വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാം. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ചരക്ക് വാഹനങ്ങൾക്ക് ഈ ഉത്തരവിൽ ഇളവുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബിഎസ്-6 അല്ലാത്ത വാണിജ്യ ചരക്ക് വാഹനങ്ങൾക്കുള്ള നിയന്ത്രണം നിലവിലുള്ള സിഎക്യുഎം (CAQM) നിർദേശപ്രകാരം തുടരും.

പ്രധാന വിവരങ്ങൾ: ഡൽഹിയിലെ ബിഎസ്-6 ഇതര വാഹന വിലക്ക്
| വിഭാഗം | നിലവിലെ അവസ്ഥ (നവംബർ 1–ജനുവരി 31) | വിശദാംശങ്ങൾ |
|---|---|---|
| ഡൽഹിക്ക് പുറത്തുള്ള ബിഎസ്-6ന് താഴെയുള്ള പെട്രോൾ/ഡീസൽ വാഹനങ്ങൾ | വിലക്കുണ്ട് | സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവുണ്ട്. |
| ബിഎസ്-6 ഡീസൽ/സിഎൻജി/എൽഎൻജി/ഇവി ചരക്ക് വാഹനങ്ങൾ | അനുവദിക്കും | അതിർത്തി പരിശോധന തുടരും. |
| ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ബസുകൾ/ചരക്ക് വാഹനങ്ങൾ | അനുവദിക്കും | ഘട്ടംഘട്ടമായുള്ള ഗ്രാപ്പ് (GRAP) നിയന്ത്രണങ്ങൾക്ക് വിധേയം. |
യാത്രവേളയിൽ ആർസി (RC), പുകപരിശോധനാ സർട്ടിഫിക്കറ്റ് (PUCC) എന്നിവയുടെ അസലോ ഡിജിലോക്കർ (DigiLocker), എംപരിവാഹൻ (mParivahan) കോപ്പികളോ കരുതുക. ആർസിയിലോ വാഹൻ (VAHAN) റെക്കോർഡിലോ 'Emission Norms' അല്ലെങ്കിൽ 'Norms' എന്ന കോളത്തിൽ 'Bharat Stage-VI' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. സംശയമുണ്ടെങ്കിൽ യാത്ര തിരിക്കും മുൻപ് ഫോം 22 (Form 22) നോക്കിയോ ഡീലറുമായി ബന്ധപ്പെട്ടോ ഇത് ഉറപ്പുവരുത്താം. പരിശോധന സമയത്ത് ഡിജിറ്റൽ രേഖകളും സ്വീകരിക്കും.
ഗ്രാപ്പ് (GRAP) വാഹന നിയന്ത്രണങ്ങൾ ലംഘിച്ചാൽ വൻതുക പിഴയൊടുക്കേണ്ടി വരും. മുൻപ് ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ വാഹന നിയമലംഘനങ്ങൾ നടത്തിയവർക്ക് 20,000 രൂപ വീതമാണ് പിഴ ചുമത്തിയത്. നിയമം ലംഘിച്ച് നഗരത്തിലേക്ക് കടക്കുന്ന വാഹനങ്ങൾക്കെതിരെ ഇത്തവണയും സമാനമായ നടപടിയുണ്ടാകും. സെക്ഷൻ 207 പ്രകാരം വാഹനങ്ങൾ ടോ ചെയ്യാനോ പിടിച്ചെടുക്കാനോ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. കൂടാതെ സാധുതയുള്ള പി യു സി സി ഇല്ലെങ്കിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനവും ലഭിക്കില്ല.
അറിയേണ്ടത്: റൂട്ടുകൾ, പരിശോധനകൾ, സമയക്രമം
സിംഗു, തിക്രി, ഗാസിപ്പൂർ, ബദർപൂർ, കാപശേര, അയാ നഗർ തുടങ്ങിയ പ്രധാന അതിർത്തികളിൽ പരിശോധന കർശനമാക്കും. അന്തർസംസ്ഥാന ബസുകൾ, ട്രാക്ടറുകൾ, ചരക്ക് വാഹനങ്ങൾ എന്നിവ ഇൻഫോഴ്‌സ്‌മെന്റ് ടീമുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഡൽഹിയിൽ പ്രവേശിക്കേണ്ടതില്ലാത്ത ചരക്കുവാഹനങ്ങൾ നഗരത്തിനുള്ളിലേക്ക് കടക്കാതെ ഈസ്റ്റേൺ, വെസ്റ്റേൺ പെരിഫെറൽ എക്‌സ്‌പ്രസ്‌വേകൾ വഴി തിരിഞ്ഞു പോകേണ്ടതാണ്.
അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നതിന് മുൻപ് ഈ കാര്യങ്ങൾ ഉറപ്പാക്കുക: ആർസി അല്ലെങ്കിൽ വാഹൻ ആപ്പിൽ ബിഎസ് നിലവാരം പരിശോധിക്കുക, വാലിഡായ പി യു സി സി കരുതിവെക്കുക, ആവശ്യമെങ്കിൽ ഡൽഹി ഒഴിവാക്കിയുള്ള ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കുക. സിഎക്യുഎം (CAQM) അറിയിപ്പുകൾ ദിവസേന ശ്രദ്ധിക്കുക; മലിനീകരണ തോതനുസരിച്ച് നിയന്ത്രണ ഘട്ടങ്ങൾ മാറുമ്പോൾ വാഹന നിയന്ത്രണങ്ങളിലും മാറ്റം വരാം. കൃത്യമായ ആസൂത്രണം വലിയ തുക പിഴയൊടുക്കുന്നതിൽ നിന്നും അതിർത്തിയിലെ യാത്രാതടസ്സങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കും.


Click it and Unblock the Notifications
