E20 പെട്രോൾ അടിച്ചാൽ എഞ്ചിൻ പണിയാകുമോ? മെക്കാനിക്കുകളുടെ ഗുരുതര പരാതികള്‍ക്കൊപ്പം ആശങ്ക കൂട്ടി സര്‍വേ ഫലം

എഥനോള്‍ (Ethanol) കലര്‍ത്തിയ E20 ഇന്ധനം രാജ്യത്താകമാനം വ്യാപകമാക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. പെട്രോളില്‍ കലര്‍ത്തുന്ന എഥനോളിന്റെ തോത് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത് ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ ആശങ്കകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ അരങ്ങേറിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്ക് അപ്പുറം, 2023-ന് മുമ്പ് നിര്‍മിച്ച പഴയ വാഹനങ്ങളുടെ ഉടമകളും വർക്ക് ഷോപ്പ് ജീവനക്കാരും ഈ ഇന്ധനത്തിനെതിരെ ഇപ്പോള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.

ലോക്കല്‍സര്‍ക്കിള്‍സ് (LocalCircles) 2026 ജൂണില്‍ ദേശീയതലത്തില്‍ നടത്തിയ പുതിയ ഉപഭോക്തൃ സര്‍വേ പ്രകാരം, 2023-ന് മുമ്പുള്ള പെട്രോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരില്‍ 66 ശതമാനം പേരും തങ്ങളുടെ വാഹനങ്ങളുടെ മൈലേജില്‍ 10 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയതായി പ്രതികരിച്ചു. 2026 മെയ് മാസത്തില്‍ നടത്തിയ സര്‍വേയില്‍ 45 ശതമാനം പേരായിരുന്നു ഈ അഭിപ്രായം പറഞ്ഞത്. എന്നാല്‍ ജൂണില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് ഈ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

e20 petrol

കേരളത്തിലെ വർക്ക് ഷോപ്പുകളിലും സമാന അനുഭവം

ഇന്ത്യയിലെ 305 ജില്ലകളില്‍ നിന്നായി 44,000-ലധികം വാഹന ഉടമകളാണ് ഈ സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 55 ശതമാനം ആളുകളും തങ്ങളുടെ വാഹനങ്ങള്‍ക്ക് അസാധാരണമായ തേയ്മാനവും ഫ്യുവല്‍ സിസ്റ്റവുമായി ബന്ധപ്പെട്ട തകരാറുകളും അനുഭവപ്പെടുന്നതായി പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് പഴയ വാഹനങ്ങള്‍ക്ക് E5 അല്ലെങ്കില്‍ E10 ഇന്ധനങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

E20 പെട്രോള്‍ ഉപയോഗം പഴയ കാറുകളുടെ ഇന്ധനക്ഷമതയെ സാരമായി ബാധിക്കുന്നുവെന്നാണ് കോട്ടയം ചിങ്ങവനത്തെ ഒരു പ്രമുഖ വർക്ക് ഷോപ്പ് ഉടമ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായി ഈ ഇന്ധനം ഉപയോഗിക്കുന്നത് വഴി വണ്ടികളിലെ റബ്ബര്‍ സീലുകള്‍, ഹോസുകള്‍ എന്നിവ വേഗത്തില്‍ നശിക്കുന്നതായും അദ്ദേഹം പറയുന്നു.

ഇന്ധന ഗുണനിലവാരവും തുരുമ്പും

E20 പെട്രോളിന് സാധാരണ ഇന്ധനത്തെ അപേക്ഷിച്ച് സ്‌റ്റോറേജ് ലൈഫ് കുറവാണെന്നാണ് തമിഴ്നാട്ടിലെ ചിന്നമന്നൂരിലുള്ള മറ്റൊരു മെക്കാനിക് വ്യക്തമാക്കുന്നത്. E20 ഇന്ധനത്തില്‍ ഓടുന്ന ഒരു വാഹനം ദീര്‍ഘകാലം ഉപയോഗിക്കാതെ വെച്ചാല്‍ അത് ഫ്യുവല്‍ പൈപ്പുകളിലും ടാങ്കിലും തുരുമ്പ് എടുക്കുന്നതിനും എഞ്ചിന്‍ മിസിംഗിനും കാരണമാകും.

എന്നാല്‍ എഞ്ചിന്‍ തകരാറുകളേക്കാള്‍ ഉപരിയായി മൈലേജ് കുറയുന്നതായി മാത്രമാണ് തങ്ങളുടെ കസ്റ്റമേഴ്സ് പരാതിപ്പെടുന്നതെന്നാണ് ബാംഗ്ലൂര്‍ പോലുള്ള മെട്രോ നഗരങ്ങളിലെ മെക്കാനിക്കുമാര്‍ പറയുന്നത്. അതേസമയം കോടികള്‍ വിലമതിക്കുന്ന മെര്‍സിഡീസ് ബെന്‍സ് ജി-വാഗണ്‍ പോലുള്ള ലക്ഷ്വറി വാഹനങ്ങളുടെ ഉടമകളും എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ ഉണ്ടാക്കുന്ന തകരാറുകളെ കുറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ആശങ്കകള്‍ പങ്കുവെക്കുന്നുണ്ട്.

e20 petrol mandatory india

പ്രതിരോധവുമായി മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍

ഉപഭോക്താക്കളില്‍ നിന്ന് ഉയരുന്ന ഈ പരാതികള്‍ക്കെതിരെ പ്രതിരോധവുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ഹീറോ മോട്ടോകോര്‍പ്പ് എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്. കോടിക്കണക്കിന് വരുന്ന തങ്ങളുടെ പഴയ വാഹനങ്ങളില്‍ നടത്തിയ വിപുലമായ പരിശോധനകളില്‍ E20 ഇന്ധനം മൂലം വലിയ മെക്കാനിക്കല്‍ തകരാറുകള്‍ ഒന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.

2009 ജനുവരിക്ക് ശേഷം പുറത്തിറങ്ങിയ തങ്ങളുടെ എല്ലാ മോഡലുകളും E20 ഇന്ധനത്തിന് അനുയോജ്യമാണെന്നാണ് ഹോണ്ട കാര്‍സ് ഇന്ത്യ വ്യക്തമാക്കുന്നത്. അതുകൊണ്ട് ഹോണ്ടയുടെ പഴയ കാറുകളില്‍ E20 ഇന്ധനം നിറച്ചാല്‍ യാതൊരുവിധ പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരില്ല. E20 ഇന്ധനം നിറച്ചതിനെ തുടര്‍ന്ന് ഇന്നോവ ഹൈക്രോസ് തകരാറിലായെന്ന് ആരോപിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ സാങ്കേതിക പരിശോധനയില്‍ പ്രശ്‌നത്തിന് കാരണം എഥനോള്‍ അല്ലെന്നും മലിനമായ ഇന്ധനമാണെന്നും കണ്ടെത്തിയതായി കമ്പനി അറിയിച്ചു. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള മെക്കാനിക്കുകളാണ വാഹനത്തിന് എഞ്ചിന്‍ തകരാര്‍ വരുന്നതായി പറഞ്ഞത്. മറ്റ് ഭാഗങ്ങളില്‍ E20 പെട്രോള്‍ കാരണം മൈലേജ് കുറയുന്നുവെന്ന പരാതികള്‍ മാത്രമാണ് ഉയര്‍ന്നത്.

ഇപ്പോള്‍ E20 ഇന്ധനത്തെ കുറിച്ച് ഉയരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കില്ല. എഥനോള്‍ ഇന്ധനത്തെ കുറിച്ച് കഴിഞ്ഞ കുറച്ച് കാലമായി നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിഹാരം കാണാനായി അധികാരികള്‍ കംപോണന്റ് ലെവലില്‍ നടത്തിയ കൃത്യമായ ഔദ്യോഗിക പരിശോധന ഫലങ്ങള്‍ പുറത്ത് വിടേണ്ടതുണ്ട്. അത് കൊണ്ട് മാത്രമേ പൊതുജനങ്ങള്‍ക്കും വാഹന നിര്‍മാതാക്കള്‍ക്കും സര്‍ക്കാറിനും ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

Article Published On: Thursday, July 9, 2026, 8:00 [IST]
English summary
E20 petrol mileage drop engine damage complaints mechanics india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X