മൈലേജ് കുറയുമോ അതോ എഞ്ചിൻ സുരക്ഷിതമാകുമോ? പുതിയ E20 പെട്രോൾ നിയമത്തെ കുറിച്ച് അറിയേണ്ടതെല്ലാം
=രാജ്യത്തെ വാഹന ഇന്ധന മേഖലയില്‍ സുപ്രധാന മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍. 2026 ഏപ്രില്‍ 1 മുതല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 20 ശതമാനം എഥനോള്‍ (Ethanol) കലര്‍ത്തിയ E20 ഇന്ധന (E20 Petrol) വില്‍പ്പന നിര്‍ബന്ധമാക്കി. ഇതോടൊപ്പം വിതരണം ചെയ്യുന്ന പെട്രോളിന് കുറഞ്ഞത് 95 റിസര്‍ച്ച് ഒക്ടേന്‍ നമ്പര്‍ (RON 95) ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവും അത് വാഹന ഉടമകളെ എങ്ങിനെ ബാധിക്കുന്നുവെന്നതും അടക്കമുള്ള മുഴുവന്‍ കാര്യങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.
എന്താണ് E20 പെട്രോള്‍?
ലളിതമായി പറഞ്ഞാല്‍, 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും ചേര്‍ന്ന മിശ്രിതമാണ് E20. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുക, കാര്‍ബണ്‍ പുറംതള്ളല്‍ നിയന്ത്രിക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇത് കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുന്നതിനൊപ്പം വിദേശനാണ്യം ലാഭിക്കാനും സഹായിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി 1.40 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ഇത്തരത്തില്‍ ലാഭിക്കാനായതായാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

എന്തിനാണ് 95 RON നിര്‍ബന്ധമാക്കിയത്?
വാഹന എഞ്ചിനുകളുടെ സുരക്ഷയും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനക്ഷമതയും മുന്‍നിര്‍ത്തിയാണ് 95 റിസര്‍ച്ച് ഒക്ടേന്‍ നമ്പര്‍ (Research Octane Number) ഗുണനിലവാരം സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. ഇന്ധനം എഞ്ചിനുള്ളില്‍ ക്രമംതെറ്റി കത്തുന്നത് മൂലം ഉണ്ടാകുന്ന 'നോക്കിംഗ്' (Knocking) എന്ന പ്രതിഭാസം തടയാന്‍ ഉയര്‍ന്ന ഒക്ടേന്‍ റേറ്റിംഗ് സഹായിക്കുന്നു.
ഇത്തരത്തില്‍ നോക്കിംഗ് കുറയുന്നത് എഞ്ചിന്റെ ആന്തരിക ഭാഗങ്ങള്‍ക്ക് ഉണ്ടാകുന്ന തേയ്മാനം ഒഴിവാക്കാനും ആയുസ് വര്‍ദ്ധിപ്പിക്കാനും അത്യന്താപേക്ഷിതമാണ്. സ്വാഭാവികമായി തന്നെ 108 RON റേറ്റിംഗ് ഉള്ള എഥനോള്‍ 20 ശതമാനം സാധാരണ പെട്രോളില്‍ കലരുമ്പോള്‍ ഇന്ധനത്തിന്റെ മൊത്തത്തിലുള്ള സ്ഥിരത വര്‍ദ്ധിക്കുകയും എഞ്ചിന്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാകുകയും ചെയ്യുന്നു.

വാഹന ഉടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുതിയ ഇന്ധന നയം നടപ്പിലാക്കുമ്പോള്‍ വാഹന ഉടമകള്‍ ചില പ്രധാന കാര്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. 2023-ന് ശേഷം പുറത്തിറങ്ങിയ മിക്ക വാഹനങ്ങളും E20 ഇന്ധനത്തിന് അനുയോജ്യമായ രീതിയില്‍ എഞ്ചിന്‍ കാലിബ്രേഷന്‍ നടത്തിയവയാണ്. അതിനാല്‍ അത്തരം വാഹനങ്ങള്‍ക്ക് സാങ്കേതിക തടസങ്ങള്‍ നേരിടാന്‍ സാധ്യതയില്ല. എന്നാല്‍ പഴയ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ധനക്ഷമതയില്‍ നേരിയ കുറവുണ്ടായേക്കാം.
ഇത് 3 മുതല്‍ 7 ശതമാനം വരെയാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധനത്തിലെ എഥനോളിന്റെ സാന്നിധ്യം കാലക്രമേണ വാഹനങ്ങളിലെ പഴയ റബ്ബര്‍ പൈപ്പുകളെയും പ്ലാസ്റ്റിക് ഘടകങ്ങളെയും ബാധിച്ചേക്കാം. അതുകൊണ്ട് ഇത്തരം ഭാഗങ്ങളുടെ കണ്ടീഷന്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. എഞ്ചിന്‍ തകരാറുകള്‍ ഒരുപരിധി വരെ ഒഴിവാക്കാന്‍ ഈ ഒരു ലളിതമായ പ്രക്രിയ കൊണ്ട് സാധിക്കും.

പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കുമുള്ള നേട്ടങ്ങള്‍
ഈ മാറ്റത്തിലൂടെ പരിസ്ഥിതിക്കും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും വലിയ നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത്. സാധാരണ പെട്രോളിനെ അപേക്ഷിച്ച് E20 ഇന്ധനം ഉപയോഗിക്കുന്നതിലൂടെ കാര്‍ബണ്‍ പുറംതള്ളല്‍ 30 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത് ആഗോളതാപനം കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇത് രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളോട് ഏറെ അടുത്തുകിടക്കുന്നു.
സാമ്പത്തികമായി നോക്കിയാല്‍, എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കുന്നതിലൂടെ വിദേശത്ത് നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാം. ഇതുവഴി എണ്ണ ഇറക്കുമതിക്കായി വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്ന കോടിക്കണക്കിന് രൂപ ലാഭിക്കാന്‍ രാജ്യത്തിന് സാധിക്കും. മാത്രമല്ല എഥനോള്‍ കലര്‍ത്തിയ ഇന്ധനം വ്യാപകമാക്കുന്നതിന്റെ മെച്ചം അനുഭവിക്കുന്ന ഒരുകൂട്ടര്‍ രാജ്യത്തെ കര്‍ഷകരാണ്. രാജ്യത്തെ കരിമ്പ്, ചോളം കര്‍ഷകര്‍ക്ക് പുതിയ വിപണിയും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കുന്ന ഒരു നീക്കം കൂടിയാണ് ഇത്.
| സവിശേഷത | വിശദാംശങ്ങൾ |
|---|---|
| പ്രാബല്യത്തിൽ വരുന്നത് | 2026 ഏപ്രിൽ 1 മുതൽ |
| ഇന്ധന മിശ്രിതം | 20% എഥനോൾ + 80% പെട്രോൾ (E20) |
| ഗുണനിലവാര മാനദണ്ഡം | കുറഞ്ഞത് 95 റോൺ (RON) നിർബന്ധം |
| പ്രധാന ലക്ഷ്യം | ഇറക്കുമതി കുറയ്ക്കുക, മലിനീകരണം നിയന്ത്രിക്കുക |
| പെർഫോമൻസ് | മികച്ച ആക്സിലറേഷനും സുഗമമായ ഡ്രൈവിംഗും |
| പരിസ്ഥിതി നേട്ടം | കാർബൺ പുറംതള്ളലിൽ 30% വരെ കുറവ് |
| അനുയോജ്യത | 2023-ന് ശേഷമുള്ള വാഹനങ്ങൾക്ക് ഏറ്റവും അനുയോജ്യം |
2030-ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന 20 ശതമാനം എഥനോള്‍ ബ്ലെന്‍ഡിംഗ് പദ്ധതിയാണ് 2025-26 കാലയളവിലേക്ക് സര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ചത്. ഇതിനകം തന്നെ രാജ്യത്തെ ഒട്ടുമിക്ക ഫ്യുവല്‍ സ്റ്റേഷനുകളിലും E20 പെട്രോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വാഹന വിപണിയിലെ ആധുനിക എഞ്ചിനുകളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഈ തീരുമാനം വലിയ പങ്കുവഹിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. E20 പെട്രോള്‍ നിര്‍ബന്ധമാക്കിയതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?. അവ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








