ഇലക്ട്രിക് വാഹനത്തിന് സാധാരണ ടയർ ഉപയോഗിക്കാമോ? ടയറുകൾ തമ്മിലുള്ള 5 പ്രധാന വ്യത്യാസങ്ങൾ അറിഞ്ഞിരിക്കാം
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം കൂടുമ്പോഴും പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് അവയുടെ ടയറുകള്‍. ഇലക്ട്രിക് കാറുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിൽ ഉപയോഗിക്കുന്ന സാധാരണ ടയർ തന്നെ മതിയോ?. പോര എന്നതാണ് ഉത്തരം. തൽക്ഷണ ടോർക്കും ഭാരവുമെല്ലാം കൈകാര്യം ചെയ്യാന്‍ ഇവികള്‍ക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ടയറുകള്‍ തന്നെ വേണം. നിങ്ങളുടെ ഇവിയുടെ റേഞ്ച് വര്‍ദ്ധിപ്പിക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും ടയറുകള്‍ തമ്മിലുള്ള ഈ പ്രധാന വ്യത്യാസങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഇവി ടയറുകളും സാധാരണ ടയറുകളും തമ്മിലുള്ള പ്രധാനപ്പെട്ട 5 വ്യത്യാസങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.
ഇലക്ട്രിക് വാഹന വിപണി അതിവേഗം വളരുമ്പോള്‍ അവയുടെ മെയിന്റനന്‍സിനെ കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്. ഒരു വാഹനത്തിന്റെ സുരക്ഷയിലും കാര്യക്ഷമതയിലും ടയറുകള്‍ക്ക് വലിയ പങ്കുണ്ട്. ഇലക്ട്രിക് കാറുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും അവയുടെ സവിശേഷമായ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രത്യേക ടയറുകള്‍ ആവശ്യമാണ്. സാധാരണ ടയറുകളില്‍ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്.

ഉയര്‍ന്ന ലോഡ് ശേഷി
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ ബാറ്ററി പായ്ക്കുകളുടെ സാന്നിധ്യം കാരണം സാധാരണ വാഹനങ്ങളേക്കാള്‍ കൂടുതല്‍ ഭാരമുണ്ടാകും. ഈ അധിക ഭാരം താങ്ങാന്‍ സാധാരണ ടയറുകള്‍ക്ക് പ്രയാസമായിരിക്കും. അതിനാല്‍ ഇവി ടയറുകള്‍ക്ക് ഉറപ്പുള്ള സൈഡ്‌വാളുകളും ഉയര്‍ന്ന ഭാരശേഷിയും നല്‍കുന്നു. ഇത് വാഹനത്തിന്റെ ഭാര വിതരണം കൃത്യമാക്കാനും ടയറുകളുടെ ആയുസ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
ശബ്ദം കുറയ്ക്കുന്നു
ഇലക്ട്രിക് വാഹനങ്ങള്‍ പൊതുവേ 'സൈലന്റായി' പ്രവര്‍ത്തിക്കുന്നതിനാല്‍ ടയറുകള്‍ റോഡില്‍ ഉരസുമ്പോഴുണ്ടാകുന്ന ശബ്ദം യാത്രക്കാര്‍ക്ക് ശല്യമായി അനുഭവപ്പെടാം. ഇത് ഒഴിവാക്കാനും സുഗമമായ റോളിംഗ് ഉറപ്പാക്കാനുമായി ഇവി ടയറുകളില്‍പ്രത്യേക ട്രെഡ് പാറ്റേണുകളാണ് ഉപയോഗിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള മെറ്റീരിയലുകള്‍ ഉപയോഗിക്കുന്നതിലൂടെ ടയറില്‍ നിന്നുള്ള ശബ്ദം കുറയ്ക്കാനും കൂടുതല്‍ ശാന്തമായ ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുന്ന തരത്തിലുമാണ് മോഡേണ്‍ ഇവികളുടെ ടയറുകള്‍ രൂപകലപ്പന ചെയ്തിരിക്കുന്നത്.

ടോര്‍ക്ക് കൈകാര്യം ചെയ്യല്‍
ഐസി എഞ്ചിന്‍ വാഹനങ്ങളേക്കാള്‍ തല്‍ക്ഷണ ടോര്‍ക്ക് കൂടുതലുള്ളവയാണ് ഇലക്ട്രിക് വാഹനങ്ങള്‍. ആക്‌സിലറേഷന്‍ നല്‍കുമ്പോള്‍ തന്നെ ലഭിക്കുന്ന ഈ വന്‍ പവര്‍ ഡെലിവറി കാലക്രമേണ സാധാരണ ടയറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ഗ്രിപ്പ് കുറയാന്‍ പോലും ഇടയാക്കുകയും ചെയ്യും. ഈ തല്‍ക്ഷണ ടോര്‍ക്ക് കൈകാര്യം ചെയ്യാനും വീല്‍ സ്പിന്‍ ഒഴിവാക്കാനും റോഡില്‍ മികച്ച ട്രാക്ഷനും സ്ഥിരതയും ഉറപ്പാക്കാനും കഴിയുന്ന നൂതന ഗ്രിപ്പ് സംയുക്തങ്ങള്‍ കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.
തേയ്മാനം കുറയ്ക്കുന്നു
ഹൈ സ്‌ട്രെസ് സാഹചര്യങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാണ് ഇവി ടയറുകള്‍. മോട്ടോറില്‍ നിന്നുള്ള ഉയര്‍ന്ന ടോര്‍ക്ക് കാരണം ടയറുകള്‍ വേഗത്തില്‍ തേയാന്‍ സാധ്യതയുണ്ടെങ്കിലും അത് പ്രതിരോധിക്കാനുള്ള ശേഷി ഇവി ടയറുകള്‍ക്കുണ്ട്. കൃത്യമായ പരിശോധനകളും കൃത്യസമയത്തുള്ള വീല്‍ അലൈന്‍മെന്റും നടത്തിയാല്‍ ദീര്‍ഘകാലം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നതാണ് ഈ ടയറുകളുടെ ഏറ്റവും വലിയ പ്രത്യേകത.

ഉയര്‍ന്ന കാര്യക്ഷമത
ഇലക്ട്രിക് വാഹനത്തിന്റെ മൈലേജ് അഥവാ റേഞ്ച് വര്‍ദ്ധിപ്പിക്കുന്നതില്‍ ടയറുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. റോളിംഗ് റെസിസ്റ്റന്‍സ് (Rolling Resistance) കുറഞ്ഞ രീതിയിലാണ് ഇവി ടയറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് ഡ്രൈവിംഗിനിടയിലുള്ള ഊര്‍ജ്ജനഷ്ടം കുറയ്ക്കുകയും ബാറ്ററിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മോട്ടോറിന് അമിത സമ്മര്‍ദ്ദം നല്‍കാതെ തന്നെ വാഹനം സുഗമമായി മുന്നോട്ട് നീങ്ങാന്‍ ഇത്തരം ടയറുകള്‍ സഹായിക്കുന്നു.
സാധാരണ ടയറുകള്‍ക്ക് പകരമായി ഇവി സ്‌പെസിഫിക് ടയറുകള്‍ ഉപയോഗിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരമാണ്. ഇവ വാഹനത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഡ്രൈവിംഗ് അനുഭവം കൂടുതല്‍ മെപ്പെടുത്തുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഭാരം, ടോര്‍ക്ക്, ശബ്ദം എന്നിവ കൃത്യമായി കൈകാര്യം ചെയ്യാന്‍ പ്രത്യേക എഞ്ചിനീയറിംഗിലൂടെ നിര്‍മ്മിച്ച ഇത്തരം ടയറുകള്‍ക്ക് മാത്രമേ സാധിക്കൂ എന്ന കാര്യം ഇവി ഉടമകള്‍ തിരിച്ചറിയണം.
നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിന്റെ ടയറുകള്‍ മാറ്റാന്‍ സമയമാകുമ്പോള്‍ അവയുടെ പ്രത്യേകതകള്‍ നോക്കി അനുയോജ്യമായവ മാത്രം തിരഞ്ഞെടുക്കുക. ശരിയായ ഉല്‍പ്പന്നം തെരഞ്ഞെടുക്കുന്നത് ടയര്‍ മാറ്റത്തിനുള്ള ഇടവേള വര്‍ദ്ധിപ്പിക്കാനും റേഞ്ച് മെച്ചപ്പെടുത്താനും നിങ്ങളെ സഹായിക്കും. യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഇവികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മികച്ച ബ്രാന്‍ഡഡ് ടയറുകള്‍ തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.


Click it and Unblock the Notifications








