1,035hp കരുത്തുമായി ഫെറാറിയുടെ ആദ്യത്തേ ഇലക്ട്രിക് കാറായ 'ലൂസ്' എത്തി; ഒരൊറ്റ ചാർജിൽ 530 കിമീ റേഞ്ച്,
ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ഫെറാറി (Ferrari) തങ്ങളുടെ ആദ്യത്തെ ഫുള്‍ ഇലക്ട്രിക് പ്രൊഡക്ഷന്‍ മോഡലായ 'ലൂസ്' (Ferrari Luce) ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ആപ്പിളിന്റെ മുന്‍ ചീഫ് ഡിസൈനര്‍ സര്‍ ജോണി ഐവിന്റെ നേതൃത്വത്തിലുള്ള 'ലവ്ഫ്രം' (LoveFrom) എന്ന പ്രശസ്ത ക്രിയേറ്റീവ് കൂട്ടായ്മയാണ് ഇലക്ട്രിക് വാഹന യുഗത്തിലേക്ക് ഫെറാറി ചുവടുവെക്കുന്ന ഈ സുപ്രധാന മോഡലിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്നത്. 5,026 മില്ലീമീറ്റര്‍ നീളമുള്ള ഈ അത്യാധുനിക ഇലക്ട്രിക് കാറില്‍ അഞ്ച് പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കും.
ഫെറാറിയുടെ ചരിത്രത്തിലാദ്യമായി കോച്ച് ഡോറുകളും (Rear-Hinged Coach Doors) പിന്‍നിരയില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റിംഗ് ഘടനയുമാണ് ഇതിലുള്ളത്. മാരനെല്ലോയില്‍ നിര്‍മ്മിച്ച റോഡ് കാറുകളില്‍ വെച്ച് ഏറ്റവും കുറഞ്ഞ എയറോഡൈനാമിക് ഡ്രാഗ് കോഫിഷ്യന്റ് (Lowest Drag Coefficient) കൈവരിച്ച മോഡല്‍ കൂടിയാണ് പുതിയ ലൂസ്.

സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, അതിശയിപ്പിക്കുന്ന പ്രകടനക്ഷമതയാണ് ഈ സൂപ്പര്‍ ഇലക്ട്രിക് കാറിന് ഫെറാറി നല്‍കിയിട്ടുള്ളത്. ഓരോ ആക്‌സിലിലും രണ്ട് വീതം ചേര്‍ത്ത് ആകെ നാല് ഇന്‍ഡിപെന്‍ഡന്റ് ഇലക്ട്രിക് മോട്ടോറുകളാണ് (Four Independent Motors) ഇതിന് കരുത്ത് പകരുന്നത്. ലോഞ്ച് മോഡില്‍ (Launch Mode) ഇവ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പരമാവധി 1,035 bhp പവറും 11,500 Nm പീക്ക് ടോര്‍ക്കും ഈ വാഹനം ഉത്പാദിപ്പിക്കും.
വേഗതയുടെ കാര്യത്തില്‍ മുന്‍നിര പെട്രോള്‍ സൂപ്പര്‍ കാറുകളെ പോലും വെല്ലുവിളിക്കാന്‍ ഈ പുത്തന്‍ ഇവി മോഡലിന് സാധിക്കും. നിശ്ചലാവസ്ഥയില്‍ നിന്നും വെറും 2.5 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക് ഫെറാറിക്ക് സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. വെറും 6.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയിലെത്തുന്ന ഈ കാറിന്റെ ടോപ് സ്പീഡ് മണിക്കൂറില്‍ 311 കിലോമീറ്ററാണ്.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോഴും ഫെറാറി കാറുകളുടെ പരമ്പരാഗതമായ ഡ്രൈവിംഗ് അനുഭവം നഷ്ടപ്പെടാതിരിക്കാന്‍ കമ്പനി ഇതില്‍ പ്രത്യേക 'ടോര്‍ക്ക് ഷിഫ്റ്റ് എന്‍ഗേജ്മെന്റ്' (Torque Shift Engagement) സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റിയറിംഗ് വീലിലുള്ള പാഡില്‍ ഷിഫ്റ്ററുകള്‍ ഉപയോഗിച്ച് പെട്രോള്‍ കാറുകളിലെ ആക്സിലറേഷനും എഞ്ചിന്‍ ബ്രേക്കിംഗും കൃത്യമായി അനുകരിക്കാന്‍ ഈ ആധുനിക സാങ്കേതികവിദ്യയിലൂടെ സാധിക്കും.
ഇവ കൂടാതെ ഫ്രണ്ട് ആക്‌സിലിലെ മോട്ടോറുകളെ വെറും 500 മില്ലിസെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂര്‍ണമായി വേര്‍പെടുത്താന്‍ സഹായിക്കുന്ന ഇ-ആക്‌സില്‍ ഡിസ്‌കണക്ട് (e-Axle Disconnect) സംവിധാനവും ഇതിലുണ്ട്. അധിക ട്രാക്ഷന്‍ ആവശ്യമില്ലാത്ത സാഹചര്യങ്ങളില്‍ ഫ്രണ്ട് മോട്ടോറുകള്‍ ഓഫ് ചെയ്യുന്നത് വഴി വാഹനത്തിന്റെ കാര്യക്ഷമത മുമ്പത്തേക്കാള്‍ 70 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് ഫെറാറിയുടെ സാങ്കേതിക വിഭാഗം വ്യക്തമാക്കുന്നു.

ഇലക്ട്രിക് വാഹന പ്രേമികളെ ആകര്‍ഷിക്കുന്നതിനായി നിലവില്‍ വിപണിയിലുള്ള ഏറ്റവും ഊര്‍ജ്ജസാന്ദ്രതയേറിയ (Energy-Dense) 122kWh വലിയ ബാറ്ററി പായ്ക്കാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറയ്ക്കുന്നതിനായി സിലിണ്ട്രിക്കല്‍ സെല്ലുകള്‍ക്ക് പകരം പ്രത്യേക പൗച്ച് സെല്ലുകള്‍ (Pouch Cells) ഉപയോഗിച്ച് നിര്‍മ്മിച്ച ഈ 800V ആര്‍ക്കിടെക്ചര്‍ ബാറ്ററി ഒരൊറ്റ തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 530 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്.
ചാര്‍ജിംഗ് വേഗത കൂട്ടുന്നതിനായി 350kW അള്‍ട്രാ ഫാസ്റ്റ് ഡിസി ചാര്‍ജിംഗ് സപ്പോര്‍ട്ടും ഈ ഇലക്ട്രിക് ഹൈപ്പര്‍ കാറിനുണ്ട്. നിലവിലുള്ള വീല്‍ബേസിനുള്ളില്‍ കൃത്യമായി ഒതുങ്ങുന്ന രീതിയില്‍ 15 വ്യത്യസ്ത മോഡ്യൂളുകളായാണ് ഈ വലിയ ബാറ്ററി പായ്ക്ക് ഷാസിക്കുള്ളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇത് വാഹനത്തിന്റെ സെന്റര്‍ ഓഫ് ഗ്രാവിറ്റി കുറയ്ക്കാനും റോഡില്‍ മികച്ച സ്റ്റെബിലിറ്റി നല്‍കാനും സഹായിക്കും.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി റീസൈക്കിള്‍ ചെയ്ത അലുമിനിയം ഉപയോഗിച്ചാണ് ഫെറാറി ലൂസിന്റെ പുതിയ റിയര്‍ സബ് ഫ്രെയിം നിര്‍മിച്ചിരിക്കുന്നത്. ഇത് ഓരോ വാഹനം നിര്‍മ്മിക്കുമ്പോഴും 6.7 ടണ്‍ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാന്‍ സഹായിക്കും. ഫെറാറി പുരോസോങ്ക്വേ, എഫ്80 എന്നീ മോഡലുകളില്‍ നിന്നും കടമെടുത്ത അത്യാധുനിക ആക്റ്റീവ് സസ്പെന്‍ഷന്‍ സംവിധാനമാണ് റോഡുകളിലെ കുഴികള്‍ സുഗമമായി മറികടക്കാനായി ഇതില്‍ നല്‍കിയിട്ടുള്ളത്.
മെക്കാനിക്കലായി ഒരൊറ്റ പൊള്ളയായ കഷണമായി റീസൈക്കിള്‍ഡ് അലുമിനിയത്തില്‍ നിര്‍മ്മിച്ച പുതിയ റിയര്‍ സബ്ഫ്രെയിം വാഹനത്തിനുള്ളിലെ ശബ്ദവും വൈബ്രേഷനും ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. മിന്നല്‍ വേഗതയിലും വളവുകളില്‍ മികച്ച ഹാന്‍ഡ്ലിംഗ് ഉറപ്പാക്കുന്നതിനായി 2.15 ഡിഗ്രി വരെ തിരിയാന്‍ സാധിക്കുന്ന റിയര്‍-വീല്‍ സ്റ്റീയറിംഗ് (Rear-Wheel Steering) സാങ്കേതികവിദ്യയും ഫെറാറി ഇവിയുടെ പ്രത്യേകതയാണ്.
ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുന്ന ഇലക്ട്രിക് കാറിനെ സുരക്ഷിതമായി നിയന്ത്രിക്കാന്‍ കരുത്തുറ്റ ബ്രേക്കിംഗ് സംവിധാനമാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. പരമാവധി 0.68G വരെ റീജനറേറ്റീവ് ഡിസെലറേഷന്‍ നല്‍കുന്ന ബ്രേക്കുകള്‍ക്കൊപ്പം ബ്രെംബോയുടെ (Brembo) പുത്തന്‍ കാര്‍ബണ്‍-സെറാമിക് ബ്രേക്കിംഗ് സിസ്റ്റമാണ് ഇതിലുള്ളത്. മുന്നില്‍ 390mm സിക്‌സ്-പിസ്റ്റണ്‍ കാലിപ്പറുകളും പിന്നില്‍ 372mm ഫോര്‍-പിസ്റ്റണ്‍ കാലിപ്പറുകളുമാണ് ഘടിപ്പിച്ചിട്ടുള്ളത്.
ഫെറാറി ചരിത്രത്തില്‍ ഒരു പ്രൊഡക്ഷന്‍ മോഡലിന് നല്‍കുന്ന ഏറ്റവും വലിയ ടയറുകളാണ് ലൂസ് മോഡലില്‍ കാണാന്‍ സാധിക്കുന്നത്. മുന്നില്‍ 23 ഇഞ്ചും പിന്നില്‍ 24 ഇഞ്ചും വലിപ്പമുള്ള ഭീമന്‍ സ്റ്റാഗേര്‍ഡ് വീലുകളാണ് ഈ വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നത്. ഉയര്‍ന്ന വേഗതയിലും റോഡുകളില്‍ മികച്ച ഗ്രിപ്പും സുരക്ഷിതത്വവും നല്‍കാന്‍ ഈ അത്യാധുനിക ടയറുകള്‍ക്ക് പ്രത്യേക ശേഷിയുണ്ട്.
ഫുള്ളി റീസൈക്കിള്‍ഡ് അലുമിനിയത്തില്‍ കൈകൊണ്ട് നിര്‍മ്മിച്ച ത്രീ-സ്‌പോക്ക് സ്റ്റീയറിംഗ് വീലാണ് അകത്തളത്തിലെ ഒരു പ്രധാന ആകര്‍ഷണം. ഡ്രൈവറുടെ കാഴ്ചയ്ക്ക് അനുസരിച്ച് സ്റ്റീയറിംഗ് കോളത്തിനൊപ്പം ക്രമീകരിക്കാന്‍ സാധിക്കുന്ന ലെയേര്‍ഡ് ഒഎല്‍ഇഡി (OLED) ത്രീ-ഡി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്. ഡാഷ്ബോര്‍ഡിന്റെ നടുവിലായി ബോള്‍-ആന്‍ഡ്-സോക്കറ്റ് ജോയിന്റില്‍ ഘടിപ്പിച്ചിട്ടുള്ള പ്രധാന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ ആവശ്യാനുസരണം ഡ്രൈവര്‍ക്കോ യാത്രക്കാര്‍ക്കോ നേരെ തിരിക്കാന്‍ സാധിക്കും.

കൂടാതെ ഇതിന്റെ മുകളിലായി അലുമിനിയം ബീസലുള്ള ഒരു മെക്കാനിക്കല്‍ മള്‍ട്ടിഗ്രാഫ് സംവിധാനവും കമ്പനി നല്‍കിയിട്ടുണ്ട്. 597 ലിറ്റര്‍ ശേഷിയുള്ള വലിയ ബൂട്ട് സ്‌പേസ് ഇത് വാഗ്ദാനം ചെയ്യുന്ന. മെര്‍സിഡസ് എസ്-ക്ലാസിനേക്കാള്‍ ഉയര്‍ന്ന ക്യാബിന്‍ സ്‌പെയ്‌സ് ഇതിലുണ്ട്. സ്റ്റീയറിംഗിലുള്ള ഇ-മാനെറ്റിനോ (eManettino) പാനല്‍ വഴി റൈഡര്‍മാര്‍ക്ക് റേഞ്ച്, ടൂര്‍, പെര്‍ഫോമന്‍സ് എന്നീ മൂന്ന് പവര്‍ട്രെയിന്‍ മോഡുകള്‍ ആവശ്യാനുസരണം തിരഞ്ഞെടുക്കാന്‍ സാധിക്കും.
ഇത് വാഹനത്തിന്റെ പവര്‍ ഡെലിവറിയും റിയര്‍-വീല്‍/ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനുകളും കൃത്യമായി നിയന്ത്രിക്കും. ആഗോള വിപണിയിലെ മറ്റ് ആഡംബര ഇലക്ട്രിക് ഹൈപ്പര്‍കാറുകള്‍ക്ക് ഈ പുത്തന്‍ ഫെരാരി ലൂസ് വലിയൊരു ഭീഷണിയാകും എന്നാണ് വിലയിരുത്തല്‍. സീറോ എമിഷന്‍ സൂപ്പര്‍കാര്‍ സ്വപ്നം കാണുന്ന കോടീശ്വരന്മാര്‍ക്ക് ഇതൊരു മികച്ച ദീര്‍ഘകാല നിക്ഷേപമായിരിക്കും.


Click it and Unblock the Notifications