45 kmpl മൈലേജ്, ഫുള്‍ടാങ്ക് അടിച്ചാല്‍ മാസങ്ങളോളം ഓടിക്കാം! ലോക റെക്കോര്‍ഡിട്ട് ഗീലി i-HEV ഹൈബ്രിഡ് സിസ്റ്റം
വാഹനപ്രേമികള്‍ എക്കാലവും സ്വപ്നം കാണുന്ന ഒന്നാണ് കരുത്തും മികച്ച മൈലേജും ഒത്തുചേരുന്ന വാഹനം. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ചൈനീസ് വാഹന നിര്‍മാതാക്കളായ ഗീലി (Geely) തങ്ങളുടെ ഏറ്റവും പുതിയ 'i-HEV' ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ചു. ലിറ്ററിന് 45.05 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഈ സംവിധാനം ഇതിനകം ഗിന്നസ് ബുക്കിലും ഇടംപിടിച്ചു കഴിഞ്ഞു. 'ഇന്റലിജന്റ് എനര്‍ജി' ഹൈബ്രിഡ് സിസ്റ്റം എന്ന് കമ്പനി വിളിക്കുന്ന ഈ പുതിയ സാങ്കേതികവിദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഇലക്ട്രിക്, സീരീസ് ഹൈബ്രിഡ്, പാരലല്‍ ഹൈബ്രിഡ് പവര്‍ട്രെയിനുകളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഈ എഐ സിസ്റ്റം പരിശീലിപ്പിച്ചിരിക്കുന്നത്. ഇതാണ് വാഹനത്തിന് അസാധാരണമായ ഇന്ധനക്ഷമത നല്‍കാന്‍ സഹായിക്കുന്ന പ്രധാന ഘടകമെന്ന് കമ്പനി അവകാശപ്പെടുന്നു. ഗീലിയുടെ ജനപ്രിയ മോഡലുകളായ 'പ്രീഫേസ്' (Preface), 'മൊന്‍ജാരോ' (Monjaro) എന്നീ കാറുകളിലാണ് ഈ പുതിയ സംവിധാനം ആദ്യം പരീക്ഷിക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ഈ മോഡലുകള്‍ വിപണിയിലെത്തും. ഏകദേശം 4.8 മീറ്റര്‍ നീളമുള്ള വലിയ കാറുകളായിട്ടും ഇവ നല്‍കുന്ന ഇന്ധനക്ഷമത വാഹന പ്രേമികളെ അത്ഭുതപ്പെടുത്തുന്നതാണ്. മികച്ച യാത്രാസൗകര്യത്തിനൊപ്പം സാമ്പത്തിക ലാഭവും ഇത് ഉറപ്പാക്കുന്നു. പുതിയ ഹൈബ്രിഡ് സിസ്റ്റം ഘടിപ്പിച്ച ഗീലി പ്രീഫേസ് ലിറ്ററിന് 25.1 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍, വലിയ എസ്‌യുവിയായ മൊന്‍ജാരോ ലിറ്ററിന് 21.05 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.
നിലവില്‍ വിപണിയിലുള്ള ഇതേ വലുപ്പത്തിലുള്ള വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ഉയര്‍ന്ന കണക്കാണ്. പെര്‍ഫോമന്‍സിലും സൗകര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ തന്നെ മികച്ച മൈലേജ് നല്‍കാന്‍ ഇതിലൂടെ സാധിക്കുന്നു. സാങ്കേതികമായി നോക്കിയാല്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ ഏത് എഞ്ചിനുകളുമായും ഈ ഹൈബ്രിഡ് സിസ്റ്റം ചേര്‍ക്കാന്‍ സാധിക്കും.
വ്യത്യസ്ത എഞ്ചിന്‍ ശേഷികളില്‍ ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ i-HEV സംവിധാനത്തിന് കഴിയുമെന്നത് ഗീലിയുടെ സാങ്കേതിക മികവിനെയാണ് സൂചിപ്പിക്കുന്നത്. ചൈനീസ് വിപണിയില്‍ നിലവില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവരികയാണ്. ഗീലിയെ കൂടാതെ ചെറി (Chery), ചങ്കന്‍ (Changan) തുടങ്ങിയ മറ്റ് ചൈനീസ് കമ്പനികളും ഉയര്‍ന്ന മൈലേജുള്ള ഹൈബ്രിഡ് സിസ്റ്റങ്ങള്‍ വികസിപ്പിക്കാനുള്ള ഓട്ടത്തിലാണ്. എങ്കിലും 45 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് മൈലേജ് കൈവരിക്കാന്‍ കഴിഞ്ഞത് ഗീലിക്ക് വിപണിയില്‍ മേല്‍ക്കൈ നല്‍കും.
പവര്‍ഫുള്‍ എഞ്ചിനിനൊപ്പം മികച്ച മൈലേജും ലഭിക്കുന്നത് വലിയ വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. ഫോര്‍ച്യൂണര്‍ പോലുള്ള കരുത്തുറ്റ വാഹനങ്ങള്‍ വാങ്ങുന്നവര്‍ കുറഞ്ഞ മൈലേജിനെ കുറിച്ച് പലപ്പോഴും വേവലാതിപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ഗീലിയുടെ പുതിയ സാങ്കേതികവിദ്യ ആഗോള വാഹന നിര്‍മ്മാതാക്കള്‍ക്ക് വലിയൊരു വെല്ലുവിളിയായി മാറുമെന്നുറപ്പാണ്.

സമീപകാലത്തായി ഇന്ത്യന്‍ വിപണിയിലും ഹൈബ്രിഡ് കാറുകള്‍ക്ക് വലിയ ഡിമാന്‍ഡ് ആണുള്ളത്. മാരുതി സുസുക്കി, ടൊയോട്ട തുടങ്ങിയ കമ്പനികള്‍ ഇതിനോടകം തന്നെ ഹൈബ്രിഡ് മോഡലുകള്‍ കൊണ്ടുവന്ന് പണം വാരുന്നത്. എന്നാല്‍ ഗീലി പുറത്തിറക്കിയത് പോലുള്ള റെക്കോര്‍ഡ് മൈലേജ് നല്‍കുന്ന സാങ്കേതികവിദ്യകള്‍ ഇന്ത്യന്‍ നിരത്തുകളിലും എത്തണമെന്നാണ് ഭൂരിഭാഗം ഉപഭോക്താക്കളും ആഗ്രഹിക്കുന്നത്. ഇത് വാഹന വിപണിയുടെ ഭാവി പൊളിച്ചെഴുതും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








