വിറ്റൊഴിവാക്കാൻ പരിപാടിയില്ലേ? ഫെയ്‌സ്‌ലിഫ്റ്റ് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഹോണ്ട സിറ്റിയുടെ വില കൂട്ടി
ഒരു മോഡലിനെ കാലികമായി നിലനിര്‍ത്താന്‍ വാഹന നിര്‍മാതാക്കള്‍ യഥാസമയം മുഖംമിനുക്കാറുണ്ട്. ഇന്ത്യന്‍ നിരത്തുകളിലെ ആഡംബര സെഡാനുകളുടെ രാജാവായ ഹോണ്ട സിറ്റിക്ക് അനിവാര്യമായ ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിക്കാന്‍ പോകുകയാണ് ഹോണ്ട. ഫെയ്‌സ്‌ലിഫ്റ്റ് (Honda City Facelift) പതിപ്പ് വരുന്നുണ്ടെങ്കില്‍ സാധാരണയായി ഒരു കാറിന് ഡിമാന്‍ഡ് കുറയുകയും നിലവിലുള്ള സ്‌റ്റോക്കുകള്‍ വിറ്റഴിക്കാന്‍ കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാറുമാണ് പതിവ്. എന്നാല്‍, ഹോണ്ട സിറ്റിയുടെ പുതിയ ഫേസ്ലിഫ്റ്റ് പതിപ്പ് വിപണിയിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിലവിലുള്ള മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ (Honda Cars India).
തിരഞ്ഞെടുത്ത പെട്രോള്‍ വേരിയന്റുകള്‍ക്കാണ് ഇപ്പോള്‍ വില കൂട്ടിയിരിക്കുന്നതെന്ന് കാര്‍വാലെ (Carwale) റിപ്പോര്‍ട്ട് ചെയ്യുന്നു. വില വര്‍ധനവ് ഉടനടി പ്രാബല്യത്തില്‍ വരും. പുതുക്കിയ നിരക്കുകള്‍ പ്രകാരം ഹോണ്ട സിറ്റി V പെട്രോള്‍ മാനുവല്‍ വേരിയന്റിനാണ് ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് ലഭിച്ചിരിക്കുന്നത്. ഈ മോഡലിന് ഇനി 30,400 രൂപയോളം അധികം നല്‍കേണ്ടി വരും.

ഇതിനു പുറമെ V പെട്രോള്‍ സിവിടി പതിപ്പിന് 19,700 രൂപയും, സിറ്റി ZX പെട്രോള്‍ മാനുവലിന് 13,100 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഹോണ്ട സിറ്റി ശ്രേണിയിലെ എന്‍ട്രി ലെവല്‍ മോഡലായ SV പെട്രോള്‍ മാനുവലിനും നേരിയ വില വര്‍ദ്ധനവുണ്ട്. ഏകദേശം 4,600 രൂപയാണ് ഈ വേരിയന്റിന് അധികമായി നല്‍കേണ്ടത്. ഇതോടെ ഹോണ്ട സിറ്റിയുടെ എക്‌സ്-ഷോറൂം വില ഇപ്പോള്‍ 12.04 ലക്ഷം രൂപയില്‍ നിന്ന് തുടങ്ങി 15.08 ലക്ഷം രൂപ വരെ പോകുന്നു.
അപ്‌ഡേറ്റുകളുമായി സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നതോടെ വില ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. വാഹനപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന 2026 ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് മെയ് 22-ന് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഗ്രില്ല്, പരിഷ്‌കരിച്ച എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഷാര്‍പ്പ് ബമ്പറുകള്‍ എന്നിവയോടെയാകും ഈ സെഡാന്‍ എത്തുക.
കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തുന്നുണ്ടെങ്കിലും 2026 ഹോണ്ട സിറ്റിയുടെ മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റമുണ്ടാകില്ല. 121 hp പവറും 145 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും തുടര്‍ന്നും സെഡാനിന് കരുത്തേകുക.ഹോണ്ട സിറ്റിക്കൊപ്പം കമ്പനിയുടെ ഗ്ലോബല്‍ എസ്‌യുവിയായ ഹോണ്ട ZR-V (Honda ZR-V) ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറും.
പ്രീമിയം ക്രോസ്ഓവര്‍ വിഭാഗത്തില്‍ മാറ്റുരയ്ക്കാന്‍ പോകുന്ന ഹോണ്ട ZR-V 2.0 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിനുമായാണ് എത്തുന്നത്. ലിറ്ററിന് 22 മുതല്‍ 25 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ ഈ ഹൈബ്രിഡ് എസ്‌യുവിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ഭാവിയില്‍ ഇലക്ട്രിക് വാഹന വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനും ഹോണ്ടയ്ക്ക് പദ്ധതിയുണ്ട്.
ഇതിന്റെ ഭാഗമായി '0 ആല്‍ഫ' (0 Alpha) എന്ന പേരിലുള്ള പുതിയ ഇലക്ട്രിക് എസ്‌യുവി 2027 കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് പദ്ധതി. ടാറ്റ, മഹീന്ദ്ര, എംജി, മാരുതി സുസുക്കി എന്നീ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ള ഇലക്ട്രിക് എസ്‌യുവികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാണ് ഹോണ്ട തങ്ങളുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവി തയാറാക്കുന്നത്.
നിലവില്‍ അമേസ്, എലിവേറ്റ്, സിറ്റി എന്നീ മൂന്ന് മോഡലുകള്‍ മാത്രമാണ് ഹോണ്ട ഇന്ത്യയില്‍ വിപണനം ചെയ്യുന്നത്. പുതിയ ZR-V എസ്‌യുവിയും സിറ്റി ഫെയ്‌സ്‌ലിഫ്റ്റും കമ്പനിയുടെ വിപണി വിഹിതം ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് ജപ്പാന്‍കാരുടെ വിശ്വസം. പ്രത്യേകിച്ച് ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ ഹോണ്ടയ്ക്കുള്ള മികവ് ഇന്ത്യന്‍ ഉപഭോക്താക്കളെ വലിയ തോതില്‍ ആകര്‍ഷിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
വില വര്‍ദ്ധനവ് നടപ്പിലാക്കിയെങ്കിലും ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ വിവിധ ഓഫറുകളും ഹോണ്ട മെയ് മാസത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 2.12 ലക്ഷം രൂപ വരെയാണ് കമ്പനി ആനുകൂല്യങ്ങള്‍ നല്‍കുന്നത്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തുന്നതിന് മുമ്പ് പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കാനാണ് ഹോണ്ട ഓഫറിടുന്നത്. വില വര്‍ധനവിനെ കുറിച്ചും മെയ് മാസത്തെ ഓഫറുകളെ കുറിച്ചും കൂടുതല്‍ അറിയാന്‍ ഏറ്റവും അടുത്ത ഹോണ്ട ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.


Click it and Unblock the Notifications