ക്രെറ്റയുടെ സിംഹാസനം ഇളകുന്നോ? എതിരാളികള്‍ കൂടിയപ്പോള്‍ വില്‍പ്പന ഇടിഞ്ഞത് 10.14%
ഇന്ത്യന്‍ മിഡ്-സൈസ് എസ്‌യുവി വിപണിയില്‍ പുതിയ നിരവധി എതിരാളികള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുമ്പോഴും തങ്ങളുടെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ഹ്യുണ്ടായി ക്രെറ്റ (Hyundai Creta) . 2026 ഏപ്രില്‍ മാസത്തിലെ ഏറ്റവും പുതിയ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ 15,291 യൂണിറ്റുകള്‍ വിറ്റഴിച്ച് ക്രെറ്റ ഈ വിഭാഗത്തില്‍ വീണ്ടും ഒന്നാമതെത്തി. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറും ക്രെറ്റ തന്നെയാണ്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത് വിപണിയിലെ കടുത്ത മത്സരത്തെയാണ് സൂചിപ്പിക്കുന്നത്.
2025 ഏപ്രിലില്‍ 17,016 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്താണ് ഇത്തവണ ക്രെറ്റയ്ക്ക് 10.1 ശതമാനം വാര്‍ഷിക ഇടിവ് നേരിട്ടത്. കഴിഞ്ഞ കുറച്ച് കാലങ്ങളായ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ ടോപ് 5-ലെ സ്ഥിരം സാന്നിധ്യമായിരുന്ന ക്രെറ്റക്ക് പോയ മാസം സങ്കടകരമായിരുന്നു. പട്ടികയുടെ താഴെ ഒമ്പതാം സ്ഥാനമാണ് ക്രെറ്റക്ക് ലഭിച്ചത്.

എങ്കിലും മൊത്തം മിഡ്-സൈസ് എസ്‌യുവി വിപണിയുടെ 13.4 ശതമാനം വിഹിതവും സ്വന്തമാക്കി ക്രെറ്റ തങ്ങളുടെ മേധാവിത്വം നിലനിര്‍ത്തിയിട്ടുണ്ട്. മാരുതിയുടെ പുത്തന്‍ മോഡലായ വിക്‌ടോറിസ് (Maruti Victoris) 13,701 യൂണിറ്റുകളുമായി തൊട്ടുപിന്നാലെയുണ്ട്. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍ വൈവിധ്യമാര്‍ന്ന എഞ്ചിന്‍ ഓപ്ഷനുകളാണ് ക്രെറ്റയെ ജനപ്രിയമാക്കുന്നത്.
1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ U2 CRDi ഡീസല്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളില്‍ എസ്‌യുവി ലഭ്യമാണ്. ഇതില്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ മികച്ച പെര്‍ഫോമന്‍സ് ഇഷ്ടപ്പെടുന്ന യുവാക്കളെയാണ് പ്രധാനമായും ആകര്‍ഷിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോഴും ഡീസല്‍ പതിപ്പുകളാണ് തിരഞ്ഞെടുക്കുന്നത്.

6 സ്പീഡ് മാനുവല്‍, ഐവിടി (IVT), 7 സ്പീഡ് ഡിസിടി (DCT), 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇതിലുണ്ട്. എഞ്ചിന്‍ കാര്യക്ഷമതയും സുഗമമായ ഡ്രൈവിംഗും നഗരയാത്രകളിലും ഹൈവേകളിലും ഒരുപോലെ മികച്ച അനുഭവം സമ്മാനിക്കുന്നു. ആധുനിക സുരക്ഷാ ഫീച്ചറുകളാല്‍ സമ്പന്നമാണ് ഹ്യുണ്ടായി ക്രെറ്റ.
ലെവല്‍-2 ADAS സാങ്കേതികവിദ്യയാണ് വാഹനത്തിന്റെ പ്രധാന സുരക്ഷാ കവചം. ഇതിലൂടെ ഫോര്‍വേഡ് കൊളിഷന്‍ അസിസ്റ്റ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ 19 സുപ്രധാന ഫീച്ചറുകള്‍ ലഭിക്കുന്നു. കൂടാതെ 6 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു.

കാഴ്ചയില്‍ പ്രീമിയം ലുക്ക് നല്‍കുന്ന ഡിസൈനാണ് ക്രെറ്റയുടേത്. ഉള്‍വശത്ത് 10.25 ഇഞ്ചിന്റെ ഇരട്ട സ്‌ക്രീനുകള്‍ (ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ക്ലസ്റ്ററും), പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം ബോസിന്റെ (Bose) 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റവും വോയ്സ് കണ്‍ട്രോള്‍ഡ് ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് അത്യാധുനിക കംഫര്‍ട്ടും പ്രീമിയം ഫീലും നല്‍കാന്‍ ഈ സൗകര്യങ്ങള്‍ സഹായിക്കുന്നു.
ഇന്ത്യന്‍ വിപണിയില്‍ 11.00 ലക്ഷം രൂപ മുതല്‍ 20.30 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ എക്‌സ്-ഷോറൂം വില പോകുന്നത്. കിയ സെല്‍റ്റോസ്, ടൊയോട്ട ഹൈറൈഡര്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടാറ്റ സിയറ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നിവയാണ് വിപണിയിലെ ക്രെറ്റയുടെ പ്രധാന എതിരാളികള്‍. വിപണിയില്‍ മത്സരം കടുക്കുന്നുണ്ടെങ്കിലും ഹ്യുണ്ടായുടെ വിപുലമായ സര്‍വീസ് ശൃംഖലയും ഉയര്‍ന്ന റീസെയില്‍ വാല്യുവും ക്രെറ്റ വാങ്ങാന്‍ ഉപഭോക്താക്കളെ ഇപ്പോഴും പ്രേരിപ്പിക്കുന്നു.
എതിരാളികളുടെ എണ്ണം കൂടുന്നതിനാല്‍ ക്രെറ്റയുടെ വില്‍പ്പന താഴാതെ നോക്കാന്‍ ഹ്യുണ്ടായി തങ്ങളുടെ അടുത്ത തലമുറ മോഡലില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ചേര്‍ക്കാനുള്ള തയാറെടുപ്പിലാണ്. ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള ഈ സാങ്കേതികവിദ്യ വരുന്നതോടെ വിപണിയില്‍ ക്രെറ്റയുടെ ജനപ്രീതി ഇനിയും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. മിഡ്-സൈസ് എസ്‌യുവി വിപണിയിലെ കിരീടം വരും മാസങ്ങളിലും ക്രെറ്റ തന്നെ നിലനിര്‍ത്തുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.


Click it and Unblock the Notifications