ഹ്യുണ്ടായിയുടെ വകയും ഇരുട്ടടി! 27 കി.മീ മൈലേജുള്ള കുഞ്ഞന്‍ എസ്‌യുവിക്ക് വില കൂട്ടി
ഇന്ത്യയിലെ മൈക്രോ എസ്‌യുവി വിഭാഗത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച എക്സ്റ്ററിന്റെ വില വര്‍ധിപ്പിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. 2026 ജൂണ്‍ മാസം മുതല്‍ പുതിയ നിരക്കുകള്‍ പാബല്യത്തില്‍ വന്നു. വില വര്‍ധനവിനൊപ്പം എക്‌സ്റ്ററിന്റെ പുതിയ വേരിയന്റുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ലൈവ് ഹിന്ദുസ്ഥാൻ (livehindustan) റിപ്പോർട്ട് പ്രകാരം ഹ്യുണ്ടായി എക്സ്റ്ററിന്റെ വിവിധ മോഡലുകള്‍ക്ക് 5,700 രൂപ വരെയാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഇത് ഏകദേശം 0.91 ശതമാനം വരെയുള്ള വില വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. എക്സ്റ്ററിന്റെ HX3, HX4 പെട്രോള്‍ മാനുവല്‍ പതിപ്പുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വില വില വര്‍ധനവ് ലഭിച്ചത്.
ഈ പുതിയ വില പരിഷ്‌കാരത്തിനൊപ്പം എക്സ്റ്ററിന്റെ പെട്രോള്‍-മാനുവല്‍, പെട്രോള്‍-ഓട്ടോമാറ്റിക്, സിഎന്‍ജി-മാനുവല്‍ ലൈനപ്പുകളില്‍ ആകര്‍ഷകമായ പുതിയ ഡ്യുവല്‍-ടോണ്‍ പതിപ്പുകള്‍ കൂടി ഹ്യുണ്ടായി അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ EX, S, SX, (SX (O) എന്നീ വേരിയന്റുകളിലാണ് ഈ കുഞ്ഞന്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നത്.

ബേസ് 'EX' വേരിയന്റിലേക്ക് കടന്നാല്‍, ഇതില്‍ 1.2 ലിറ്റര്‍ ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഇത് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍, ഇബിഡിയോട് കൂടിയ എബിഎസ്, സെന്‍ട്രല്‍ ലോക്കിംഗ്, 4.2 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി ഒരുക്കിയിട്ടുണ്ട്.
തൊട്ടടുത്ത 'S' വേരിയന്റില്‍ 1.2 ലിറ്റര്‍ പെട്രോള്‍ മാനുവല്‍/എഎംടി ഓപ്ഷനുകളും അതോടൊപ്പം 1.2 ലിറ്റര്‍ സിഎന്‍ജി മാനുവല്‍ എഞ്ചിന്‍ ഓപ്ഷനും ലഭ്യമാണ്. ബേസ് മോഡലിലെ ഫീച്ചറുകള്‍ക്ക് പുറമെ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 4 സ്പീക്കറുകള്‍ എന്നിവ ഇതില്‍ അധികമായി ഉള്‍പ്പെടുന്നു.

അതുപോലെ തന്നെ ഉയര്‍ന്ന 'SX' വേരിയന്റിലും ഇതേ പെട്രോള്‍, സിഎന്‍ജി എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയാണ് നല്‍കിയിട്ടുള്ളത്. ഈ പതിപ്പില്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ റിയര്‍ പാര്‍ക്കിംഗ് ക്യാമറ, റിയര്‍ ഡിഫോഗര്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 15 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ കമ്പനി ഘടിപ്പിച്ചിരിക്കുന്നു.
കൂടുതല്‍ ലക്ഷ്വറി ആഗ്രഹിക്കുന്നവര്‍ക്കായുള്ള 'SX (O)' പ്രീമിയം വേരിയന്റില്‍ 1.2 ലിറ്റര്‍ പെട്രോള്‍ മാനുവല്‍ അല്ലെങ്കില്‍ എഎംടി (AMT) ഓപ്ഷനുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. ഇതില്‍ ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, സ്മാര്‍ട്ട് കീലെസ് എന്‍ട്രി, വയര്‍ലെസ് ചാര്‍ജര്‍, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, റിയര്‍ വൈപ്പര്‍ എന്നിവ നല്‍കിയിട്ടുണ്ട്.

ഈ ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന പതിപ്പായ 'SX (O) കണക്ട്' വേരിയന്റില്‍ താഴ്ന്ന വേരിയന്റിലെ ഫീച്ചറുകള്‍ക്ക് പുറമെ സുരക്ഷയ്ക്കായി ഫ്രണ്ട്-റിയര്‍ മഡ്ഗാര്‍ഡുകളോട് കൂടിയ ഡാഷ്‌ക്യാം (Dashcam) സംവിധാനം നല്‍കിയിട്ടുണ്ട്. കൂടാതെ ബ്ലൂലിങ്ക് സാങ്കേതികവിദ്യയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, അലക്സ കണക്റ്റിവിറ്റി, ഒടിഎ (OTA) മാപ്പ് അപ്ഡേറ്റുകള്‍ എന്നിവയും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു.
എക്സ്റ്ററിലെ 1.2 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിന്‍ മികച്ച ഇന്ധനക്ഷമതയും സുഗമമായ പവര്‍ ഡെലിവറിയും നല്‍കുന്ന രീതിയിലാണ് ട്യൂണ്‍ ചെയ്തിട്ടുള്ളത്. എക്സ്റ്റര്‍ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് ഏകദേശം 19.4 കിലോമീറ്റര്‍ വരെയും സിഎന്‍ജി വേരിയന്റുകള്‍ക്ക് കിലോയ്ക്ക് 27.1 കിലോമീറ്റര്‍ വരെയുമാണ് മൈലേജ് പറയുന്നത്.
വിപണിയില്‍ ടാറ്റ പഞ്ച് പോലുള്ള ജനപ്രിയ മോഡലുകളുമായി നേരിട്ട് ഏറ്റുമുട്ടുന്ന എക്‌സ്റ്ററിന്റെ വില്‍പ്പനയെ വില വര്‍ധനവ് ദോഷകരമായി ബാധിക്കുമോ എന്ന് വരുംദിവസങ്ങളില്‍ അറിയാം. പുതിയ വേരിയന്റുകളുടെ കൂട്ടിച്ചേര്‍ക്കല്‍ ഒരുപക്ഷേ ഇതിനെ ഒരുപരിധി വരെ മറികടക്കാന്‍ സഹായിച്ചേക്കാം. കുറഞ്ഞ വിലയില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും ആധുനിക സാങ്കേതികവിദ്യകളും നല്‍കുന്ന ഹ്യുണ്ടായിയുടെ ഈ എന്‍ട്രി ലെവല്‍ എസ്യുവിയുടെ പുതിയ വേരിയന്റുകള്‍ വരും മാസങ്ങളില്‍ വില്‍പ്പന ഉയര്‍ത്താന്‍ കമ്പനിയെ സഹായിക്കുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.


Click it and Unblock the Notifications