ഹ്യുണ്ടായിയുടെ പുതുവർഷ സമ്മാനം വില വർദ്ധനവ്! ക്രെറ്റ, വെന്യൂ മോഡലുകളുടെ പുതിയ വില വിവരങ്ങൾ ഇങ്ങനെ
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ (Hyundai Motor India) തങ്ങളുടെ എല്ലാ മോഡലുകള്‍ക്കും വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ അതായത് 2026 ജനുവരി 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധനവും ഇന്‍പുട്ട് ചിലവുകള്‍ ഉയര്‍ന്നതുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. എന്‍ട്രി ലെവല്‍ മോഡലായ ഗ്രാന്‍ഡ് i10 നിയോസ് മുതല്‍ പ്രീമിയം ഇലക്ട്രിക് വാഹനമായ അയോണിക് 5 വരെയുള്ള എല്ലാ കാറുകള്‍ക്കും വില വര്‍ദ്ധനവ് ബാധകമാണ്.
മോഡലുകളുടെ വേരിയന്റുകള്‍ക്കും ഫ്യുവല്‍ ഓപ്ഷനുകള്‍ക്കും അനുസരിച്ച് ഏകദേശം 1 ശതമാനം മുതല്‍ 3 ശതമാനം വരെയാണ് വില വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നത്. ഇത് ഉപഭോക്താക്കളുടെ ബജറ്റില്‍ കാര്യമായ മാറ്റമുണ്ടാക്കും. 2026 ജനുവരിയിലെ ഹ്യുണ്ടായി കാറുകളുടെ വില വര്‍ധനവിനെ (Hyundai Car Price Hike January 2026) കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായ ക്രെറ്റയുടെ വിലയില്‍ വലിയ മാറ്റമുണ്ടാകാനാണ് സാധ്യത. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ക്രെറ്റയ്ക്ക് 10000 രൂപ മുതല്‍ 30000 രൂപ വരെ വര്‍ദ്ധിച്ചേക്കാം. നിലവില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമായ ഈ വാഹനത്തിന് വിപണിയില്‍ വലിയ ഡിമാന്‍ഡുണ്ട്.
കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ കരുത്തരായ വെന്യൂ, എക്സ്റ്റര്‍ എന്നീ മോഡലുകള്‍ക്കും ജനുവരി മുതല്‍ പുതിയ വില നല്‍കേണ്ടി വരും. എക്സ്റ്ററിന് 5000 രൂപ മുതല്‍ 12000 രൂപ വരെയും വെന്യൂവിന് 8000 രൂപ മുതല്‍ 20000 രൂപ വരെയും വര്‍ദ്ധനവ് ഉണ്ടായേക്കാം. ഇത് ബജറ്റ് എസ്‌യുവി വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവരെ ബാധിക്കുന്ന കാര്യമാണ്. എല്‍ഇഡി ഡിആര്‍എല്ലുകള്‍, സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളാല്‍ സമ്പന്നമായ ഈ മോഡലുകള്‍ക്ക് യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്.

കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ ഹ്യുണ്ടായിയുടെ കരുത്തനായ 'ഓറ'യ്ക്കും ഇന്ന് മുതല്‍ വില കൂടും. 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിനും സിഎന്‍ജി ഓപ്ഷനുമുള്ള ഓറയ്ക്ക് 5000 രൂപ മുതല്‍ 10000 രൂപ വരെ വര്‍ദ്ധിക്കാനാണ് സാധ്യത. നിലവില്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമായ ഈ മോഡലിന് മികച്ച ഡിമാന്‍ഡുണ്ട്.
പ്രീമിയം സെഡാന്‍ വിഭാഗത്തിലുള്ള വെര്‍ണയുടെ വിലയിലും കമ്പനി മാറ്റം വരുത്തുന്നുണ്ട്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) പോലുള്ള അത്യാധുനിക സുരക്ഷാ ഫീച്ചറുകളോടെ എത്തുന്ന ഈ വാഹനങ്ങള്‍ക്ക് നിര്‍മ്മാണ ചിലവ് വര്‍ദ്ധിച്ചതാണ് തിരിച്ചടിയായത്. ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനങ്ങളായ അയോണിക് 5, പുതുതായി പുറത്തിറങ്ങിയ ക്രെറ്റ ഇലക്ട്രിക് എന്നിവയ്ക്കും വില വര്‍ദ്ധനവ് ബാധകമാണ്.

ബാറ്ററി ഘടകങ്ങളുടെ ഇറക്കുമതി ചിലവും പുതിയ ടെക്‌നോളജികളുടെ ഉപയോഗവും ഇവികളുടെ വില ഉയര്‍ത്താന്‍ കാരണമായി. പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വിലക്കയറ്റം ഒരു ചെറിയ വെല്ലുവിളിയായേക്കാം. പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തുന്നതും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ചിലവ് വര്‍ദ്ധിപ്പിക്കുന്നതായി ഹ്യുണ്ടായി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഗുണനിലവാരമുള്ള വാഹനങ്ങള്‍ നല്‍കുന്നതിനാണ് ഈ തീരുമാനമെന്നും കമ്പനി അറിയിച്ചു. നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ പുതുക്കിയ വില പട്ടിക ലഭ്യമായി തുടങ്ങിയിട്ടുണ്ട്.സാധാരണയായി എല്ലാ വര്‍ഷവും ജനുവരിയില്‍ വാഹന നിര്‍മ്മാതാക്കള്‍ വില വര്‍ദ്ധിപ്പിക്കാറുണ്ട്. എംജി മോട്ടോര്‍ ഇന്ത്യ, നിസാന്‍, റെനോ, മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു എന്നീ ബ്രാന്‍ഡുകള്‍ ഇതിനോടകം വില ഉയര്‍ത്തിയിട്ടുണ്ട്.
ഇതുവരെ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടില്ലാത്ത പ്രമുഖ ബ്രാന്‍ഡുകളായ ടാറ്റ മോട്ടോര്‍സ്, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളും ഇതേ പാത പിന്തുടരുമെന്നാണ് സൂചന. അതിനാല്‍ ഡിസംബര്‍ മാസത്തില്‍ വാഹനം ബുക്ക് ചെയ്തവര്‍ക്ക് പഴയ വിലയില്‍ കാര്‍ ലഭിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തെ ബുക്കിംഗുകള്‍ക്ക് പുതുക്കിയ വിലയായിരിക്കും ബാധകം.


Click it and Unblock the Notifications








