ഇടത്തേ കാൽ ഫ്രീ, നല്ല മൈലേജും കിട്ടും! വെന്യുവിന്റെ പുത്തൻ വേരിയന്റ് വിപണിയിൽ, വില അറിയാം
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കോംപാക്ട് എസ്‌യുവിയായ വെന്യുവിന് പുതിയ HX8 ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്. അടുത്തിടെ വിപണിയിലെത്തിയ വെന്യു ഫെയ്‌സ്‌ലിഫ്റ്റ് 1 ലക്ഷം യൂണിറ്റ് ബുക്കിംഗ് നാഴികല്ല് പിന്നിട്ടതിന്റെ ആഘോഷമെന്നോണമാണ് പുതിയ വേരിയന്റ് അവതരിപ്പിച്ചത്. വിപണിയിലെത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ മാജിക് നമ്പര്‍ പിന്നിട്ട വെന്യുവിന്റെ വിജയത്തിന്റെ ആവേശത്തില്‍ കൊണ്ടുവന്ന HX8 ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റിന് 13,69,900 രൂപയാണ് എക്‌സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ഡീസല്‍ എഞ്ചിന്റെ കരുത്തും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന്റെ സൗകര്യവും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പുതിയ വേരിയന്റിന്റെ കൂട്ടിച്ചേര്‍ക്കല്‍.
വെന്യു ഡീസല്‍ ഓട്ടോമാറ്റിക് മുമ്പ് HX5, HX10 വേരിയന്റുകളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ പുതിയ വേരിയന്റ് HX5, HX10 എന്നീ വേരിയന്റുകള്‍ക്ക് ഇടയിലാണ് സ്ഥാനം പിടിക്കുന്നത്. ഉയര്‍ന്ന സ്‌പെസിഫിക്കേഷന്‍ ഉള്ള HX10 വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ HX8 വേരിയന്റിന് 1.81 ലക്ഷം രൂപ കുറവും , HX5 വേരിയന്റിനേക്കാള്‍ 1.97 ലക്ഷം രൂപ കൂടുതലുമാണ്.

സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, ഹ്യുണ്ടായി പരീക്ഷിച്ചു വിജയിച്ച U2 1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനാണ് ഇതിലുള്ളത്. 114 bhp പവറും 250 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. കരുത്തുറ്റ എഞ്ചിനിനൊപ്പം 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കൂടി ചേരുന്നതോടെ വാഹനം മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുന്നു.
വെന്യുവിന്റെ ഡീസല്‍ വേരിയന്റ് ലിറ്ററിന് 17.9 കിലോമീറ്റര്‍ മൈലേജും വാഗ്ദാനം ചെയ്യുന്നു. ശക്തമായ ടോര്‍ക്കും റിഫൈന്‍ഡ് പെര്‍ഫോമന്‍സും പുറത്തെടുക്കുന്നതിന് പേരുകേട്ട വെന്യുവിന്റെ ഡീസല്‍ എഞ്ചിന്‍ ഹൈവേ, സിറ്റി ഉപയോഗത്തിന് ഒരുപോലെ ഫലപ്രദമാണ്. വെന്യുവിന്റെ പുതിയ HX8 ഡീസല്‍ AT വേരിയന്റില്‍ യാത്രക്കാരുടെ സൗകര്യത്തിനായി മികച്ച സുഖസൗകര്യങ്ങളും ആധുനിക സാങ്കേതികവിദ്യകളും സജ്ജീകരിച്ചിട്ടുണ്ട്.
വെന്യൂ ബ്രാന്‍ഡിംഗോട് കൂടിയ ഡ്യുവല്‍ ടോണ്‍ ലെതറെറ്റ് സീറ്റുകള്‍ വാഹനത്തിന്റെ ഉള്‍വശത്തിന് പ്രീമിയം ലുക്ക് നല്‍കുന്നു. മുന്‍നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 4 വേ അഡ്ജസ്റ്റബിള്‍ ഇലക്ട്രിക് ഡ്രൈവര്‍ സീറ്റും ഇതിന്റെ പ്രത്യേകതയാണ്. ക്രാഷ് പാഡിലും സെന്‍ട്രല്‍ കണ്‍സോളിലും നല്‍കിയിട്ടുള്ള ആംബിയന്റ് ലൈറ്റിംഗ് വാഹനത്തിനുള്ളില്‍ പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കുന്നു.
കൂടുതല്‍ സ്മാര്‍ട്ടായ ഡ്രൈവിംഗ് അനുഭവം നല്‍കാനായി ഹ്യുണ്ടായി ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ ടെക്‌നോളജിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്‌യുവിയുടെ സോഫ്റ്റ്വെയറുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ ഓവര്‍-ദ-എയര്‍ (OTA) സൗകര്യവും ലഭ്യമാണ്. ഓട്ടോ ഹോള്‍ഡ് ഫംഗ്ഷനോട് കൂടിയ ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് ഡ്രൈവിംഗ് കൂടുതല്‍ ആയാസരഹിതമാക്കുന്നു.

സുരക്ഷയുടെ കാര്യത്തിലും പുതിയ വെന്യൂ HX 8 ഡീസല്‍ AT വേരിയന്റില്‍ യാതൊരു കുറവും വരുത്തിയിട്ടില്ലെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍വ്യക്തമാക്കുന്നു. മികച്ച ബ്രേക്കിംഗിനായി പിന്നില്‍ ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നത് സുരക്ഷാ വര്‍ദ്ധിപ്പിക്കുന്നു. വിവിധ റോഡ് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നീ ഡ്രൈവ് മോഡുകള്‍ തിരഞ്ഞെടുക്കാം.
കൂടാതെ സാന്‍ഡ്, മഡ്, സ്‌നോ എന്നീ ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകളും കമ്പനി പുത്തന്‍ വേരിയന്റില്‍ നല്‍കിയിട്ടുണ്ട്. പെട്ടെന്ന് ഗിയര്‍ മാറ്റാന്‍ സഹായിക്കുന്ന പാഡില്‍ ഷിഫ്റ്ററുകള്‍ സ്‌പോര്‍ട്ടി ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ഗുണകരമാണ്.ഉപഭോക്താക്കളുടെ മാറുന്ന തല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ഫ്യൂചറിസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
1 ലക്ഷം ബുക്കിംഗുകള്‍ എന്നത് ബ്രാന്‍ഡിലുള്ള ജനങ്ങളുടെ വിശ്വാസമാണ് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലുടനീളമുള്ള ഹ്യുണ്ടായിയുടെ വിപുലമായ സര്‍വീസ് ശൃംഖല വെന്യൂവിന് കൂടുതല്‍ കരുത്തേകുന്നു. പുതിയ ഹ്യുണ്ടായി വെന്യു HX8 ഡീസല്‍ ഓട്ടോമാറ്റിക്കിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications







