ഒക്ടോബർ മുതൽ കാറുകൾക്ക് മൈലേജ് കുറയുമോ; AC ഇട്ട് മൈലേജ് പരിശോധിക്കണമെന്ന് കേന്ദ്രം
ഇന്ത്യൻ വാഹന വ്യവസായത്തിന് വലിയ മാറ്റങ്ങളുമായി പുതിയ നിയമം വരുന്നു. വരുന്ന ഒക്ടോബർ മാസം മുതൽ, യാത്രാ വാഹനങ്ങളുടെ ഇന്ധനക്ഷമതാ പരിശോധന (മൈലേജ് ടെസ്റ്റ്) നടത്തുന്ന രീതിയിൽ കാതലായ മാറ്റങ്ങളുണ്ടാകും. പുതിയ നിർദ്ദേശമനുസരിച്ച്, ഇനിമുതൽ വാഹനങ്ങളിലെ എയർ കണ്ടീഷനിങ് (എസി) പ്രവർത്തിപ്പിച്ച് വേണം മൈലേജ് പരിശോധിക്കാൻ. ഇത് വാഹന നിർമ്മാതാക്കൾക്ക് വലിയൊരു വെല്ലുവിളിയായി മാറാൻ സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മൈലേജ് എന്നത് ഇന്ത്യൻ വാഹന വിപണിയിലെ ഒരു പ്രധാന വിൽപ്പന തന്ത്രമാണ് എന്ന് അറിയാമല്ലോ. ഉയർന്ന ഇന്ധനക്ഷമത അവകാശപ്പെടുന്ന മോഡലുകൾക്ക് വിപണിയിൽ വലിയ ഡിമാൻഡുണ്ട്. എന്നാൽ നിർമാതാക്കൾ അവകാശപ്പെടുന്ന മൈലേജ് പലപ്പോഴും കിട്ടാറില്ല എന്നുള്ള പരാതികളും ഉയരാറുണ്ട്.
ഉപയോക്താക്കൾ വാഹനം തിരഞ്ഞെടുക്കുന്നതിൽ മൈലേജിന് അമിത പ്രാധാന്യം നൽകുന്നതുകൊണ്ട്, ഈ പരിശോധനകൾ കൂടുതൽ ശക്തമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുകയായിരുന്നു. വാഹന നിർമ്മാതാക്കൾ ഉയർന്ന മൈലേജ് അവകാശപ്പെടുമ്പോഴും, യഥാർത്ഥത്തിൽ വാഹനം ഉപയോഗിക്കുന്നവർക്ക് പലപ്പോഴും അത്രയും ഇന്ധനക്ഷമത ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിനു പ്രധാന കാരണം, നിലവിലുള്ള മൈലേജ് പരിശോധനകളിൽ എസി പ്രവർത്തിപ്പിക്കേണ്ടി വരുന്നില്ല എന്നതാണ്.

എസി ഓഫാക്കി നടത്തുന്ന ഇത്തരം പരിശോധനകൾ ഉയർന്ന മൈലേജ് രേഖപ്പെടുത്തുന്നതിന് കാരണമാകുന്നു. എന്നാൽ പ്രായോഗിക സാഹചര്യങ്ങളിൽ, വാഹനങ്ങൾ ഓടിക്കുമ്പോൾ മിക്ക ഉപയോക്താക്കളും എസി ഉപയോഗിക്കാറുണ്ട്. ഇത് എഞ്ചിന് അധിക ഭാരം നൽകുകയും മൈലേജ് കുറയ്ക്കുകയും ചെയ്യും. കമ്പനികളുടെ അവകാശവാദങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മൈലേജും തമ്മിൽ ഈ വ്യത്യാസം വലിയൊരു പ്രശ്നമായി നിലനിൽക്കുന്നു.
വാഹനങ്ങളിലെ ഈ അപാകത പരിഹരിക്കുന്നതിനായി, മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഒക്ടോബർ മാസം മുതൽ എം1 വിഭാഗം വാഹനങ്ങൾക്ക് മൈലേജ് പരിശോധന നിർബന്ധമാക്കും. ആഭ്യന്തരമായി നിർമ്മിക്കുന്നതോ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമാണ്. ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിക്കാൻ ഇനിമുതൽ അവയുടെ ഇന്ധനക്ഷമത എസി ഓൺ ചെയ്ത നിലയിൽ തന്നെ നിർബന്ധമായും പരിശോധിക്കണം.

ഈ നിയമ ഭേദഗതി സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി കഴിഞ്ഞു. പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ലഭിക്കുന്ന പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ നിയമം പാസാക്കും. ഇങ്ങനെ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, അടുത്ത ഒക്ടോബർ മാസം മുതൽ ഇന്ത്യൻ വിപണിയിലെത്തുന്ന എല്ലാ പുതിയ വാഹനങ്ങൾക്കും ഈ കർശനമായ പരിശോധനാ രീതികൾ നിർബന്ധമായും ബാധകമാകും.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, എസി പ്രവർത്തിപ്പിച്ച് മൈലേജ് പരിശോധിക്കുമ്പോൾ വാഹനങ്ങൾക്ക് നിലവിലുള്ളതിൽ നിന്ന് കുറഞ്ഞ ഇന്ധനക്ഷമത രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എസി പ്രവർത്തനത്തിന് എഞ്ചിനിൽ നിന്ന് ഗണ്യമായ അധിക ഊർജ്ജം ആവശ്യമുള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
എന്നിരുന്നാലും, വാഹന നിർമ്മാതാക്കൾക്ക് ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്തിക്കൊണ്ട് മൈലേജിലെ വലിയ കുറവുകൾ ഒഴിവാക്കാനാകുമെന്നും പൊതുവേ വിലയിരുത്തലുകൾ നടക്കുന്നുണ്ട്.പെട്രോൾ,ഡീസൽ,സിഎൻജി മോഡലുകളാണെങ്കിലും ഇനി കണ്ണുത്തളളിക്കുന്ന മൈലേജുകൾ ലഭിക്കുന്നുണ്ടോ എന്ന് ഒക്ടോബർ മാസം മുതൽ കണ്ടറിയാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








